ബാങ്കിങ് കുതിപ്പിൽ വീണ്ടും റെക്കോർഡ് തിരുത്തി ഇന്ത്യൻ വിപണി

Mail This Article
പ്രധാന ബാങ്കിങ് ഓഹരികളെല്ലാം വൻ കുതിപ്പ് നടത്തിയപ്പോൾ ഇന്ത്യൻ വിപണി ഇന്ന് വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ചു. പോസിറ്റീവ് തുടക്കത്തിന് ശേഷം എച്ച്ഡിഎഫ്സി ബാങ്കിന്റെ പിന്തുണയിൽ ക്രമപ്പെട്ട നിഫ്റ്റി 23754 പോയിന്റിൽ പുതിയ ഉയരം കുറിച്ച ശേഷം 23721 പോയിന്റിൽ ക്ലോസ് ചെയ്തപ്പോൾ സെൻസെക്സ് ഇന്ന് 78053 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്ക് നിഫ്റ്റി 1.74% മുന്നേറി ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചപ്പോൾ 1.9% മുന്നേറി ഫിനാൻഷ്യൽ സെക്ടറും 0.8% മുന്നേറി ഐടി സെക്ടറും ഇന്ത്യൻ വിപണിക്ക് മികച്ച പിന്തുണ നൽകി.
എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം ബാങ്ക് നിഫ്റ്റി പറക്കുന്നു
ഇന്ന് 2% മുന്നേറ്റം കുറിച്ച എച്ച്ഡിഎഫ്സി ബാങ്ക് കഴിഞ്ഞ അഞ്ച് സെഷനുകളിലായി 5%ൽ കൂടുതലും കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 11%ൽ കൂടുതലും മുന്നേറിയത് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിലും നിർണായകമായി. ആക്സിസ് ബാങ്ക് ഇന്ന് 3.53%വും ഐസിഐസിഐ ബാങ്ക് 2.38%വും ഇന്ന് നേട്ടമുണ്ടാക്കി.

ജിഎസ്ടി കൗൺസിൽ യോഗതീരുമാനങ്ങൾ അനുകൂലമായ ബാങ്കിങ് സെക്ടർ കൂടുതൽ പണനയ ലഘൂകരണ പ്രതീക്ഷയിലാണ്. സർക്കാരിന്റെ വായ്പയെടുക്കലിൽ കുറവ് വരുമെന്ന സൂചനക്കൊപ്പം ബജറ്റിൽ കണ്ണും നട്ട് മികച്ച വാല്യൂവേഷനിലുള്ള ബാങ്കിങ് ഓഹരികളിൽ വാങ്ങൽ വന്നതാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ കുതിപ്പിന് അടിത്തറയിട്ടത്.
എഫ്&ഒ എക്സ്പയറി വ്യാഴാഴ്ച
വ്യാഴാഴ്ചത്തെ എഫ്&ഒ എക്സ്പയറിക്ക് മുൻപായി നാളെയും ഇന്ത്യൻ വിപണിയിൽ ചലനങ്ങൾ പ്രതീക്ഷിക്കുന്നു. ഷോർട് കവറിങ് സാധ്യതയിൽ വിപണി വീണ്ടും മുന്നേറിയേക്കാമെന്നും കരുതുന്നു.
ചിപ്പ് ഓഹരികൾക്കൊപ്പം വീണ് നാസ്ഡാക്
തുടർച്ചയായ മൂന്നാമത്തെ സെഷനിലും വലിയ വീഴ്ച നേരിട്ട എൻവിഡിയയുടെയും ചിപ്പ് കൂട്ടാളികളുടെയും വീഴ്ച ഇന്നലെ നാസ്ഡാക്കിനും 1%ൽ കൂടുതൽ തിരുത്തൽ നൽകി. ഡൗ ജോൺസ് ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് സമ്മിശ്ര വ്യാപാരമാണ് തുടരുന്നത്. ബോണ്ട് യീൽഡ് തിരുത്തൽ നേരിടുന്നത് ഇന്ന് അമേരിക്കൻ ടെക് സെക്ടറിന് പ്രതീക്ഷയാണ്. ചൈനീസ് വിപണിക്ക് പിന്നാലെ യൂറോപ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

ഇന്നും ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും വെള്ളിയാഴ്ച വരാനിരിക്കുന്ന അമേരിക്കയുടെ പിസിഇ ഡേറ്റയെക്കുറിച്ചുള്ള ഊഹാപോഹങ്ങളും തന്നെയാകും അമേരിക്കൻ വിപണിയെയും ഡോളറിനെയും ബോണ്ട് യീൽഡിനെയും ഈയാഴ്ച മൊത്തം നിയന്ത്രിക്കുക. ഓഗസ്റ്റിലെ ജാക്സൺ ഹോൾ സിമ്പോസിയം വരെ കാത്തിരിക്കേണ്ടി വരും ഫെഡ് റിസേർവിന്റെ നിരക്ക് കുറക്കലിലെക്കുറിച്ചുള്ള വ്യക്തമായ ധാരണകൾ ലഭ്യമാകാൻ.
സ്വർണം
ഡോളറിനൊപ്പം അമേരിക്കൻ ബോണ്ട് യീൽഡ് താഴേക്കിറങ്ങിയത് ഇന്ന് സ്വർണത്തിന് ഏഷ്യൻ വിപണി സമയത്ത് മുന്നേറ്റം നൽകി. രാജ്യാന്തര സ്വർണ വില വീണ്ടും 2350 ഡോളറിന് സമീപത്തേക്കെത്തി.
ഐപിഒ
ഓഫീസേഴ്‌സ് ചോയ്‌സ് വിസ്കിയുടെ ഉൽപാദകരായ അല്ലൈഡ് ബ്ലെൻഡേഴ്സിന്റെ ഇന്നാരംഭിച്ച ഐപിഒ വ്യാഴാഴ്ച അവസാനിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശമദ്യ നിർമാതാക്കളായ മുംബൈ ആസ്ഥാനമായ കമ്പനി ഐപിഒയിലൂടെ 267-281 രൂപ നിരക്കിൽ 1500 കോടി രൂപയാണ് സമാഹരിക്കുന്നത്.

ഛത്തീസ്ഗഡ് ആസ്ഥാനമായ വി രാജ് അയൺ & സ്റ്റീൽ ലിമിറ്റഡിന്റെ ഐപിഒ നാളെ ആരംഭിക്കുന്നു. കമ്പനിയുടെ ഐപിഒ വില 195-207 രൂപയാണ്.
ക്യൂഐപി
ഹാപ്പിയെസ്റ്റ് മൈൻഡ്‌സിന്റെ പ്രമോട്ടറായ അശോക് സൂട്ട 826 രൂപ അടിസ്ഥാന നിരക്കിൽ 6% ഓഹരി വിൽക്കുന്നത് ഓഹരിക്ക് ഇന്ന് തിരുത്തൽ നൽകി. പ്രധാന ഫണ്ടുകൾ ഓഹരി വാങ്ങുന്നത് ഓഹരിക്ക് തിരിച്ചു വരവും നൽകിയേക്കാം.
ബോറോസിൽ 331 രൂപ അടിസ്ഥാന നിരക്കിലും ഓഹരി വിൽക്കുന്നു. പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ആർബിഎൽ ബാങ്ക്, ഏയൂ സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നിവയുടെയും ക്യൂഐപികൾ വരാനിരിക്കുന്നത് ശ്രദ്ധിക്കുക.
ടാറ്റ മോട്ടോഴ്സ് വിഭജനം
ദീർഘകാലമായി വിപണി ചർച്ച ചെയ്യുന്ന ടാറ്റ മോട്ടോഴ്സിന്റെ കോമേഴ്സ്യൽ, പാസഞ്ചർ വെഹിക്കിൾ സെക്ടറുകളെ പ്രത്യേക കമ്പനികളായി തിരിക്കുന്ന നടപടി വീണ്ടും ചർച്ചയാകുന്നത് ഓഹരിക്ക് അനുകൂലമാണ്.