ADVERTISEMENT

ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും പിന്തള്ളി കഴിഞ്ഞയാഴ്ച ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന നേട്ടം സ്വന്തമാക്കിയ എൻവിഡിയ, നിലവിൽ നേരിടുന്നത് ഓഹരിവിലയിൽ വൻ തള‍ര്‍ച്ച. ഇതോടെ ഒന്നാംസ്ഥാനവും നഷ്ടമായി. ചിപ്പ് നി‍‍ര്‍മാതാക്കളായ എൻവിഡിയയുടെ ഓഹരിവില കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അമേരിക്കൻ ഓഹരി വിപണിയായ നാസ്‍ഡാക്കിൽ 13 ശതമാനം ഇടിഞ്ഞു. ഇന്നലെ ഒറ്റദിവസത്തെ വീഴ്ച 7 ശതമാനം. ഈ വര്‍ഷം കമ്പനിയുടെ ഓഹരികൾ നേരിട്ട രണ്ടാമത്തെ വലിയ ഏകദിന നഷ്ടമാണിത്. ഇന്നലെ ഒറ്റയടിക്ക് വിപണിമൂല്യത്തിൽ നിന്ന് 430 ബില്യൺ ഡോളറും കൊഴിഞ്ഞു.

കഴിഞ്ഞയാഴ്ച 3.34 ലക്ഷം കോടി ഡോള‍‍‍ര്‍ വിപണിമൂല്യവുമായാണ് ലോകത്തെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയെന്ന നേട്ടം എൻവിഡിയ സ്വന്തമാക്കിയത്. ഇതിന് ശേഷം കമ്പനിയുടെ ഓഹരികളിൽ നിക്ഷേപക‍ര്‍ ലാഭമെടുപ്പ് തകൃതിയാക്കിയതാണ് തിരിച്ചടിയായത്. 

എൻവിഡിയയുടെ തളര്‍ച്ച ഇന്നലെ മറ്റ് സെമികണ്ടക്ടര്‍ (ചിപ്പ്) നിര്‍മാണക്കമ്പനികളുടെ ഓഹരികളിലും വില്‍പന സമ്മര്‍ദ്ദം സൃഷ്ടിച്ചു. സൂപ്പ‍ര്‍ മൈക്രോകമ്പ്യൂട്ടേഴ്സ് 9 ശതമാനം, ഡെൽ 5 ശതനമാനം, ക്വോൽകോം 5.5 ശതമാനം എന്നിങ്ങനെ താഴ്ന്നു. ഗ്രാഫിക് ഡിസൈനിംഗ്, ഗെയിമിങ് മൾട്ടിമീഡിയയിലെ പ്രമുഖരായ എൻവിഡിയയുടെ ഓഹരികളിൽ വൻ മുന്നേറ്റത്തിന് വഴിവച്ചത് ആ‍‍ർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എഐ) സ്വീകാര്യതയായിരുന്നു. മൈക്രോസോഫ്റ്റും ആമസോണും ഉൾപ്പെടെയുള്ള വൻകിട കമ്പനികളെല്ലാം എൻവിഡിയയുടെ ഉപയോക്താക്കളാണ്. 

മൈക്രോസോഫ്റ്റ് വീണ്ടും നമ്പ‍ര്‍ 1
 

കഴിഞ്ഞവാരം എൻവിഡിയയ്ക്ക് മുന്നിൽ നഷ്ടപ്പെട്ട ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന നേട്ടം മൈക്രോസോഫ്റ്റ് തിരികെപ്പിടിച്ചു. നിലവിൽ 3.32 ലക്ഷം കോടി ഡോളര്‍ വിപണിമൂല്യവുമായാണ് മൈക്രോസോഫ്റ്റ് ഒന്നാമതുള്ളതെന്ന് നാസ്‍ഡാക്കിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.

3.19 ലക്ഷം കോടി ഡോളറുമായി ആപ്പിൾ രണ്ടാംസ്ഥാനത്തെത്തി. 2.9 ലക്ഷം കോടി ഡോളറുമായി എൻവിഡിയ മൂന്നാംസ്ഥാനത്തേക്ക് വീണു. ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റ് (2.21 ലക്ഷം കോടി ഡോളർ), ആമസോൺ (1.93 ലക്ഷം കോടി ഡോളർ‍), സൗദി ആരാംകോ (1.81 ലക്ഷം കോടി ഡോളര്‍),  ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ (1.26 ലക്ഷം കോടി ഡോള‍ര്‍) എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.

English Summary:

Sharp Decline in Nvidia Stock Pushes Microsoft Back to Number One

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com