പുതിയ റെക്കോർഡിട്ട് നിഫ്റ്റി; ടെലികോമിൽ വൻകുതിപ്പ്

Mail This Article
ഇന്നലെ നിർത്തിയിടത്ത് നിന്ന് തന്നെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി റിലയൻസിന്റെയും മുൻനിര ബാങ്കുകളുടെയും പിന്തുണയിൽ വീണ്ടും റെക്കോർഡ് തിരുത്തിയ പ്രകടനം കാഴ്ചവച്ചു. ഇന്ന് 23723 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 23889 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 23868 പോയിന്റിൽ ക്ലോസ് ചെയ്തപ്പോൾ സെൻസെക്സ് 78674 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
റിലയൻസ് 4% മുന്നേറി ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചപ്പോൾ എയർടെൽ 3%വും അൾട്രാ ടെക്ക് 2.74%വും ആക്സിസ് ബാങ്കും ഐസിഐസിഐ ബാങ്കും, ബജാജ് ഫൈനാൻസും ഒരു ശതമാനത്തിൽ കൂടുതലും മുന്നേറി മികച്ച പിന്തുണ നൽകി. ബാങ്ക് നിഫ്റ്റിക്കൊപ്പം ഇൻഫ്രാ, സിമന്റ്, ഫിനാൻഷ്യൽ സെക്ടറുകളും മുന്നേറിയപ്പോൾ ഐടി, മെറ്റൽ, ഓട്ടോ, റിയൽറ്റി സെക്ടറുകൾ ഇന്ന് നഷ്ടം കുറിച്ചു..
എഫ്&ഓ ക്ലോസിങ് നാളെ
നാളത്തെ എഫ്&ഓ എക്സ്പയറിക്ക് മുൻപായി ഷോർട്ട് കവറിങ്ങും ഇന്ന് ഇന്ത്യൻ വിപണിയെ സഹായിച്ചു. നാളെയും ആദ്യ മണിക്കൂറുകളിൽ ഇന്ത്യൻ വിപണി ഷോർട് കവറിങ് സാധ്യതയിൽ വീണ്ടും മുന്നേറിയേക്കാമെന്നും കരുതുന്നു. എഫ്&ഓ ക്ളോസിങ് ദിനത്തിൽ ലാഭമെടുക്കൽ സാധ്യതയും നിക്ഷേപകർ കരുതിയിരിക്കണം.
കുതിച്ചു കയറി ടെലികോം
റിലയൻസിനൊപ്പം ഭാരതി എയർടെലും, വോഡാഫോൺ ഐഡിയയും ഇന്ന് മുന്നേറ്റം നടത്തി. വോഡാഫോൺ ഗ്രൂപ്പ് ഇൻഡസ് ഓഹരി വിറ്റ് കിട്ടിയ പണം വോഡഫോൺ-ഐഡിയയിൽ നിക്ഷേപിക്കുന്നു എന്ന വാർത്ത ഓഹരിക്ക് അനുകൂലമായി. മാർച്ചിൽ 3000 പോയിന്റ് പിന്നിട്ട റിലയൻസ് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് വീണ്ടും 3000 കടന്ന ശേഷം വീണ്ടും 3000 കടന്ന് ക്ലോസ് ചെയ്തത് ഓഹരിക്ക് അനുകൂലമാണ്. റിലയൻസ് റീടെയ്ൽ ഗ്രോസറിയും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്ന സർവീസ് മുംബൈയിൽ ആരംഭിക്കുന്നതും ഓഹരിക്ക് അനുകൂലമായി.

പിസിഇ ഡേറ്റ വെള്ളിയാഴ്ച
മുൻദിവസത്തെ നഷ്ടം തിരിച്ചു പിടിച്ച നാസ്ഡാക് ഇന്നലെ 1%ൽ കൂടുതൽ മുന്നേറിയപ്പോൾ ഡൗ ജോൺസ് ഇന്നലെ നഷ്ടം കുറിച്ചു. പിസിഇ ഡേറ്റ വരാനിരിക്കെ ഇന്ന് ബോണ്ട് യീൽഡ് മുന്നേറുന്നത് അമേരിക്കൻ വിപണിക്ക് സമർദ്ദം നൽകിയേക്കാം. യൂറോപ്പും, അമേരിക്കൻ ഫ്യൂച്ചറുകളും സമ്മിശ്ര വ്യാപാരമാണ് തുടരുന്നത്. ചൈന കൂടി തിരിച്ചു കയറിയതോടെ ഏഷ്യൻ വിപണികളെല്ലാം ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നത്തെ അമേരിക്കൻ ഭവനനിർമാണക്കണക്കുകളും നാളത്തെ ജോബ് ഡേറ്റയും, ജിഡിപി സംഖ്യകളും പിസിഇ ഡേറ്റ വരുന്നതിന് മുൻപ് അമേരിക്കൻ വിപണിക്ക് വഴികാട്ടും..
തിരിച്ചു കയറി എൻവിഡിയ
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും വിപണിവീഴ്ചക്ക് കാരണമായ എൻവിഡിയ ഇന്നലെ 6.8% മുന്നേറിയെങ്കിലും വിപണി മൂല്യത്തിൽ മൈക്രോ സോഫ്റ്റിനും, ആപ്പിളിനും പിന്നിൽ തന്നെയാണ്. എൻവിഡിയയുടെ തിരിച്ചു വരവ് ടെക്ക് സെക്ടറിൽ കൂടുതൽ ആത്മവിശ്വാസം തിരികെയെത്തിച്ചത് വിപണിക്കനുകൂലമാണ്.

ക്രൂഡ് ഓയിൽ
കഴിഞ്ഞ ആഴ്ചയിൽ അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരത്തിൽ വളർച്ചയുണ്ടായി എന്ന സൂചന ഇന്ന് ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. ഇന്ന് വരുന്ന അമേരിക്കൻ എണ്ണശേഖരക്കണക്കുകളും 85 ഡോളറിൽ താഴെ വ്യാപാരം തുടരുന്ന ബ്രെന്റ് ക്രൂഡിന് പ്രധാനമാണ്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയത് ഇന്ന് രാജ്യാന്തര സ്വർണവിലയിൽ തിരുത്തലിനും കാരണമായി. സ്വർണവില 2321 ഡോളറിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ പിസിഇ ഡേറ്റയും, തുടർന്ന് ഡോളറിലുണ്ടാകുന്ന ചലനങ്ങളും സ്വർണത്തിനും നിർണായകമാണ്.
ഐപിഓ
ഓഫീസേഴ്‌സ് ചോയ്‌സ് വിസ്കിയുടെ ഉൽപാദകരായ അല്ലൈഡ് ബ്ലെൻഡേഴ്സിന്റെ ഐപിഓ നാളെ അവസാനിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശമദ്യ നിർമാതാക്കളായ മുംബൈ ആസ്ഥാനമായ കമ്പനി ഐപിഓയിലൂടെ 267-281 രൂപ നിരക്കിൽ 1500 കോടി രൂപയാണ് സമാഹരിക്കുന്നത്.
ഇന്നാരംഭിച്ച വി രാജ് അയൺ & സ്റ്റീൽ ലിമിറ്റഡിന്റെ ഐപിഓ വെള്ളിയാഴ്ച അവസാനിക്കുന്നു. കമ്പനിയുടെ ഐപിഓ വില 195-207 രൂപയാണ്.
ഇന്നത്തെ ലിസ്റ്റിങ്ങുകൾ
ഡീ പൈപ്പിങ് 65% മുന്നേറി 336 രൂപയിലാണ് ആദ്യ.ദിനത്തിൽ ക്ളോസ് ചെയ്തപ്പോൾ ആക്മേ ഫിൻട്രേഡ് 11% മുന്നേറി 133 രൂപയിലും വ്യാപാരം അവസാനിപ്പിച്ചു.