ADVERTISEMENT

ഓഹരി, കടപ്പത്ര, മ്യൂച്വൽഫണ്ടുകളിലെ നിക്ഷേപത്തിന് ഇന്ത്യയിൽ താൽപര്യമേറുന്നതായി വ്യക്തമാക്കി ജൂണിൽ പുതുതായി ആരംഭിച്ച ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 4 മാസത്തെ ഉയരത്തിലെത്തി. 42.4 ലക്ഷം ഡിമാറ്റ് (DEMAT) അക്കൗണ്ടുകൾ ജൂണിൽ പുതുതായി തുറന്നുവെന്നും ഇതോടെ മൊത്തം നിക്ഷേപകർ 16 കോടി കവിഞ്ഞുവെന്നും സെൻട്രൽ ഡെപ്പോസിറ്ററി സർവീസ് (CDSL), നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (NSDL) എന്നിവയിൽ നിന്നുള്ള കണക്ക് വ്യക്തമാക്കി.

ഓഹരികളിൽ നിക്ഷേപം നടത്താൻ അനിവാര്യമായ ഡിജിറ്റൽ അക്കൗണ്ടാണ് ഡിമെറ്റീരിയലൈസ്ഡ് അക്കൗണ്ട് അഥവാ ഡിമാറ്റ് അക്കൗണ്ട്. മുൻകാലങ്ങളിൽ ഓഹരികളുടെ ഉടമസ്ഥാവകാശം കടലാസ് രേഖയിലാണ് സൂക്ഷിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഡിമാറ്റ് അക്കൗണ്ടിൽ ഡിജിറ്റലായി കൈകാര്യം ചെയ്യാം. ഓഹരി, കടപ്പത്രം, മ്യൂച്വൽഫണ്ട് തുടങ്ങിയവയുടെ വാങ്ങൽ, വിൽക്കലുകൾ ഇതുപയോഗിച്ചാണ് സാധ്യമാവുക. ഓഹരി നിക്ഷേപകരുടെ ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ഏജൻസികളാണ് സിഡിഎസ്എല്ലും എൻഎസ്ഡില്ലും.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കഴിഞ്ഞ 4 മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണ് ജൂണിലേത്. മേയിൽ 36 ലക്ഷം പേരായിരുന്നു പുതിയ നിക്ഷേപകർ. 2023 ജൂണിലാകട്ടെ 23.6 ലക്ഷവും. ഇതിന് മുമ്പ് 2023 ഡിസംബറിലും 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലുമാണ് പുതിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 40 ലക്ഷം കവിഞ്ഞിട്ടുള്ളത്. ജൂണിലെ കണക്കുപ്രകാരം ആകെ ഡിമാറ്റ് അക്കൗണ്ടുകൾ 16.2 കോടിയിലുമെത്തി. 2023 ജൂണിലേക്കാൾ 34.66 ശതമാനമാണ് വർധന.

ഓഹരികളിലേക്കൊഴുകി നിക്ഷേപകർ

ഭൂമി, സ്ഥിരനിക്ഷേപം (എഫ്ഡി), സ്വർണം, ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മാറി യുവാക്കൾ വൻതോതിൽ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നത് ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കൂടാൻ വഴിയൊരുക്കിയിട്ടുണ്ട്.

മാത്രമല്ല, സാമ്പത്തിക സുരക്ഷിതത്വം, സാമ്പത്തിക സ്വാതന്ത്ര്യം, അതിവേഗ സമ്പദ് വളർച്ച എന്നിവ ഉറപ്പാക്കാനായി നിക്ഷേപ വൈവിധ്യവൽകരണത്തിന്‍റെ ഭാഗമായും കൂടുതൽ പേർ ഓഹരി നിക്ഷേപത്തിലേക്ക് ചുവടുവയ്ക്കുന്നുണ്ട്. ആദായ നികുതി ബാധ്യതകൾ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായും നിരവധി പേർ ഈ മാർഗം തിരഞ്ഞെടുത്തിട്ടുണ്ട്.

Stock market online business graph. forex trading graph. 3d illustration
Stock market online business graph. forex trading graph. 3d illustration

ഓഹരി വിപണി ഏറെ നാളുകളായി കാഴ്ചവയ്ക്കുന്ന റെക്കോർഡുകൾ തിരുത്തിക്കുറിച്ചുള്ള മുന്നേറ്റവും നിക്ഷേപകർക്ക് ലഭിക്കുന്ന ഉയർന്ന റിട്ടേണുകളും നിരവധി പേരെ ആകർഷിക്കുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

English Summary:

Newly opened demat accounts in June saw a 4-month high with 42.4 lakh new additions, indicating rising interest in stock, bond, and mutual fund investments in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com