ഐടി റാലിയിൽ വീണ്ടും റെക്കോർഡ് നേട്ടത്തിൽ ഇന്ത്യൻ വിപണി
Mail This Article
ഐടിയിലെ നേട്ടത്തോടെ തുടങ്ങി റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണി ഐടി സെക്ടർ ലാഭമെടുക്കലിൽ നഷ്ടം കുറിച്ചപ്പോഴും റെക്കോർഡ് ക്ളോസിങ് തന്നെ സ്വന്തമാക്കി. ഇന്ന് 24635 പോയിന്റെന്ന പുതുക്കിയ റെക്കോർഡ് ഉയരം സ്വന്തമാക്കിയ നിഫ്റ്റി 84 പോയിന്റ് നേട്ടത്തിൽ 24,586 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് ഇന്ന് 80,862 എന്ന റെക്കോർഡ് ഉയരവും കുറിച്ചു.
ഫാർമ, എനർജി, ഓട്ടോ, റിയൽറ്റി സെക്ടറുകൾ ഇന്ന് ഓരോ ശതമാനം മുന്നേറിയപ്പോൾ പൊതു മേഖല ബാങ്കിങ് സെക്ടർ 3%ൽ അധികം മുന്നേറ്റം നടത്തി.
മൊത്തവിലക്കയറ്റം ഉയരുന്നു
റീറ്റെയ്ൽ പണപ്പെരുപ്പത്തിന് പിന്നാലെ ജൂണിൽ ഇന്ത്യയുടെ മൊത്തവിലക്കയറ്റവും വർദ്ധിച്ചു. മൊത്ത വിലക്കയറ്റം കുറിക്കുന്ന ഡബ്ല്യുപിഐ സൂചിക ജൂണിൽ 16 മാസത്തെ ഏറ്റവുമുയർന്ന വാർഷിക വളർച്ചാ നിരക്കായ 3.36% വളർച്ചയാണ് കുറിച്ചത്. മെയ് മാസത്തിലിത് 2.61% മാത്രമായിരുന്നു.
ഇന്ത്യയുടെ ഭക്ഷ്യ വിലക്കയറ്റം ജൂണിൽ 10.87%ലേക്കും, മാനുഫാക്ച്ചറിങ് ഉത്പന്നങ്ങളുടെ വിലക്കയറ്റം 1.43%ലേക്കും കയറി.
ബജറ്റിലേക്ക് ഒരാഴ്ച
ബജറ്റ് പ്രതീക്ഷയിൽ വലിയ മുന്നേറ്റം നേടിക്കഴിഞ്ഞ റെയിൽ, വളം, ഹൗസിങ്, ഡിഫൻസ് മേഖലകൾ ഇനിയും നിക്ഷേപത്തിന് പരിഗണിക്കാം. റോഡ്, ലോജിസ്റ്റിക്സ്, ഷിപ് ബിൽഡിങ്, പവർ, പവർ ഫിനാൻസ്, പവർ ഇൻഫ്രാ, ആർഇ, ഇവി, ഹൈഡ്രജൻ മുതലായ മേഖലകളും ബജറ്റിൽ വലിയ പിന്തുണ പ്രതീക്ഷിക്കുന്നു.
ഫെഡ് ചെയർമാൻ ഇന്ന് വീണ്ടും
ഏഷ്യൻ വിപണിക്ക് പിന്നാലെ യൂറോപ്യൻ വിപണികളും സമ്മിശ്ര മുന്നേറ്റം നടത്തുമ്പോൾ ഫെഡ് ചെയർമാന്റെ അഭിമുഖത്തിൽ പ്രതീക്ഷ വെച്ച് അമേരിക്കൻ ഫ്യൂച്ചറുകൾ മുന്നേറ്റം തുടരുകയാണ്. ഗോൾഡ് മാൻ സാക്‌സും, ബ്ലാക്ക് റോക്കും ഇന്ന് അമേരിക്കൻ വിപണി സമയത്തിന് മുൻപ് റിസൾട്ടുകൾ അവതരിപ്പിക്കുന്നതും അമേരിക്കൻ വിപണിയെ സ്വാധീനിക്കും. വിപണി സമയത്തിന് ശേഷമാണ് ഫസ്റ്റ് ബാങ്ക്, സർവിസ് ഫസ്റ്റ് ബാങ്ക് മുതലായ ബാങ്കിങ് കമ്പനികളും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത്.
ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലി തുടരുന്നതിനിടയിൽ ഫെഡ് ചെയർമാൻ ജെറോം പവൽ ഇന്ന് വീണ്ടും അഭിമുഖം നല്കുന്നത് വിപണിക്ക് പ്രധാനമാണ്. ഇന്നും ഈ ആഴ്ചയിലുടനീളവും ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും വിപണിയെ സ്വാധീനിക്കും.
ക്രൂഡ് ഓയിൽ
ചൈനീസ് ജിഡിപി വീഴ്ച ഇന്ന് ക്രൂഡ് ഓയിലിനും ബേസ് മെറ്റലുകൾക്കും ക്ഷീണമായി. രണ്ടാം പടത്തിൽ ചൈനയുടെ ജിഡിപി വളർച്ച 4.7% മാത്രമായി കുറഞ്ഞു. മുൻപാദത്തിൽ ചൈനയുടെ വാർഷിക ജിഡിപി വളർച്ച തോത് 5.3% ആയിരുന്നു.
സ്വർണം
ഇന്ന് അമേരിക്കൻ ഫെഡ് ചെയർമാൻ സംസാരിക്കാനിരിക്കുന്നത് ബോണ്ട് യീൽഡിനും ഡോളറിനും പ്രതീക്ഷയാണെന്നത് പോലെ സ്വർണത്തിനും നിർണായകമാണ്. രാജ്യാന്തര സ്വർണവില 2414 ഡോളറിലാണ് തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
ബജാജ് ഓട്ടോ, ക്രിസിൽ, എൽ&ടി ഫിനാൻസ്, ബിർള മണി, അലോക് ഇൻഡസ്ട്രീസ്, സെഞ്ച്വറി ടെക്ക്സ്, ഡിബി കോർപ്, എച്ച്എസ്സിഎൽ, ജസ്റ്റ് ഡയൽ, ടിവി-18 മുതലായ ഓഹരികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.