വിപണിയുടെ നഷ്ടത്തുടക്കം, പിന്നെ റെക്കോർഡ് കുതിപ്പ്

Mail This Article
ഇന്ന് നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി ഐടി സെക്ടറിന്റെ പിൻബലത്തിൽ തിരിച്ചു കയറി പുതിയ റെക്കോർഡ് ഉയരം താണ്ടി. ഇന്ന് 24504 പോയിന്റ് വരെ വീണ നിഫ്റ്റി തിരിച്ചു കയറി പുതിയ റെക്കോർഡ് ഉയരമായ 24838 പോയിന്റ് കുറിച്ച ശേഷം 24800 പോയിന്റിലും, സെൻസെക്സ് 626 പോയിന്റുകൾ മുന്നേറി 81343 പോയിന്റിലും ക്ളോസ് ചെയ്തു.
ഐടി സെക്ടർ 2.22% മുന്നേറിയപ്പോൾ എഫ്എംസിജി സെക്ടർ 1% മുന്നേറി. ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, എനർജി, ഇൻഫ്രാ, ഫാർമ സെക്ടറുകളും ഇന്ന് നഷ്‍ടമൊഴിവാക്കി.മിഡ് ആൻഡ് സ്‌മോൾ ക്യാപ് സെക്ടറുകൾ ഇന്ന് 1%ൽ കൂടുതൽ നഷ്ടവും കുറിച്ചു. ക്യാപിറ്റൽ ഗുഡ്‌സ് മേഖലയും, പൊതു മേഖലയുമാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ നഷ്ടം കുറിച്ചത്.
അമേരിക്കൻ വിപണിയിൽ ടെക്ക് ഓഹരികൾ തകർന്നടിഞ്ഞതിന് പിന്നാലെ ഇന്ത്യൻ ഐടിയും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും ഇൻഫോസിസ് റിസൾട്ട് പ്രതീക്ഷയിൽ മുന്നേറിയതിനൊപ്പം ടിസിഎസും മികച്ച കുതിപ്പ് നടത്തിയത് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് അടിത്തറയിട്ടു. ടിസിഎസ് 2.84% നേടിയപ്പോൾ വിപണി സമയം അവസാനിച്ചതിന് തൊട്ട് പിന്നാലെ ഇൻഫോസിസും മികച്ച ഒന്നാംപാദ റിസൾട്ട് പ്രഖ്യാപിച്ചത് വിപണിക്ക് വീണ്ടും അനുകൂലമാണ്. ഇൻഫോസിസ് 2024-25 സാമ്പത്തിക വർഷത്തിലെ റെവന്യു ഗൈഡൻസ് 1-3%ൽ നിന്നും 3.4%ലേക്ക് ഉയർത്തിയത് ഐടി സെക്ടറിന് തന്നെ അനുകൂലമാണ്.
ഡിഫൻസ് വീണ്ടും വീഴുന്നു
ആഭ്യന്തര പ്രതിരോധ ഉത്പാദനം ഉറപ്പ് വരുത്തുന്നതിനായി പ്രതിരോധ മന്ത്രാലയം ഇറക്കുമതി നിരോധനത്തിനുള്ള പുതിയ ലിസ്റ്റ് ഇറക്കിയതിന് പിന്നാലെ ഡിഫൻസ് ഓഹരികളിൽ ഇന്ന് ലാഭമെടുക്കലും നടന്നത് വിപണിക്ക് അപ്രതീക്ഷിതമായി. എച്ച്എഎൽ 6% നഷ്ടം കുറിച്ചപ്പോൾ കപ്പൽ നിർമാണ ഓഹരികളും ഇന്ന് നഷ്ടം കുറിച്ചു.
കൂടുതൽ യുദ്ധക്കപ്പലുകൾക്കുള്ള ഓർഡറുകളുമായി പ്രതിരോധ മന്ത്രാലയം തയ്യാറെടുക്കുന്നു എന്ന വാർത്ത ഷിപ്പ് ബിൽഡിങ് ഓഹരികൾക്ക് പ്രതീക്ഷയാണ്. ബജറ്റിൽ മാരിടൈം ഡെവലപ്മെന്റ് ഫണ്ടും, ഹരിത നൗക പദ്ധതിയും കൊടുത്താൽ ശ്രദ്ധ നേടുമെന്ന പ്രതീക്ഷയും കപ്പൽ നിർമാണ ഓഹരികൾക്ക് അനുകൂലമാണ്.
‘ഇന്ത്യ ഈസ് ബെസ്റ്റ്’ ക്രിസ്റ്റഫർ വുഡ്
ജെഫറീസിന്റെ മേധാവി ക്രിസ്റ്റഫർ വുഡ്‌സ് ഇന്ത്യൻ വിപണിയാണ് ലോകത്തിലെ ഏറ്റവും സാധ്യതയുള്ള വിപണി എന്ന് അടിവരയിടുമ്പോളും ജെഫറീസിന് നഷ്‌ടമായ ഡിഫൻസ്, മാനുഫാക്ച്ചറിങ് മേഖലകളിൽ തിരുത്തൽ വന്നേക്കാമെന്ന് സൂചിപ്പിച്ചത് അതാത് മേഖലകളിൽ തിരുത്തൽ കൊണ്ട് വന്നു.
തകർന്ന് അമേരിക്കൻ ചിപ്പ് ഓഹരികൾ
ചൈനക്ക് ‘’അഡ്വാൻസ്ഡ്’’ ചിപ്പുകൾ നൽകുന്നതിൽ കൂടുതൽ നിയന്ത്രണം കൊണ്ട് വന്നേക്കാമെന്ന സൂചനയിൽ ഇന്നലെ അമേരിക്കൻ ചിപ്പ് ഓഹരികളും ടെസ്‌ലയും വീണത് നാസ്ഡാക്കിനും, എസ്&പിക്കും ഇന്നലെ തിരുത്തൽ നൽകി. ചൈനയും ഇന്ത്യയുമടക്കമുള്ള ഏഷ്യൻ വിപണികൾ മുന്നേറിയപ്പോൾ ഇന്ന് ജപ്പാനും,കൊറിയയും നഷ്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകളിന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
അമേരിക്കൻ ജോബ് ഡേറ്റയും, യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ പലിശ തീരുമാനങ്ങളും ഇന്ന് അമേരിക്കൻ-യൂറോപ്യൻ വിപണികൾക്ക് പ്രധാനമാണ്. ഇസിബി പ്രസിഡന്റിന്റെ അനുകൂല പ്രസ്താവനകൾ പ്രതീക്ഷിച്ച് യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ക്രൂഡ് ഓയിൽ
അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലുണ്ടായ കുറവും, ഡോളറിന്റെ വീഴ്ച്ചയും ക്രൂഡ് ഓയിലിന് ഇന്നലെ മുന്നേറ്റം നൽകിയെങ്കിലും ഇന്ന് ഏഷ്യൻ വിപണി സമയത്ത് വീണ്ടും താഴേക്കിറങ്ങി. ബ്രെന്റ് ക്രൂഡ് ഓയിൽ 84 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
ബോണ്ട് യീൽഡിന്റെ വീഴ്ചയിൽ മുന്നേറ്റം നേടിയ സ്വർണ വിലയും ഇന്ന് ഏഷ്യൻ വിപണി സമയത്ത് മുന്നേറ്റം നേടി 2467 ഡോളറിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.20%ൽ താഴെയാണ് വ്യാപാരം തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
ബിപിസിഎൽ, റിലയൻസ്, അൾട്രാടെക്ക് സിമന്റ്, വിപ്രോ, യൂണിയൻ ബാങ്ക്, ജെഎസ്ഡബ്ലിയു സ്റ്റീൽ, ജെഎസ്ഡബ്ലിയു എനർജി, ത്രിൽ, തേജസ് നെറ്റ് വർക്ക്, പേടിഎം, പിവിആർ ഐനോക്‌സ്, ഇന്ത്യൻ ഹോട്ടൽ, ക്രെഡിറ്റ് ആക്സസ്, പൊന്നി ഈറോഡ് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക