കണ്ണുകൾ നാളത്തെ ഓട്ടോ കണക്കുകളിൽ, നേട്ടത്തിലവസാനിച്ച് വിപണി

Mail This Article
മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും മുന്നേറി റെക്കോർഡ് ഉയരത്തിലേക്കുള്ള ദൂരം കുറച്ചു. 24984 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 24951 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പൊതുമേഖല ബാങ്കുകളും, റിയൽറ്റി സെക്ടറും മാത്രം നഷ്ടം കുറിച്ച ഇന്ന് ഫാർമ, മെറ്റൽ സെക്ടറുകൾ 1%ൽ കൂടുതൽ നേട്ടമുണ്ടാക്കി. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികയും നഷ്ടം കുറിച്ചു.
ജൂലൈ മാസത്തിലെ വാഹന വില്പനകണക്കുകൾ നാളെ പുറത്ത് വരുന്നത് വാഹന ഓഹരികൾക്ക് അനുകൂലമായി. ഇന്ന് വന്ന മാരുതിയുടെയും, മഹീന്ദ്രയുടെയും റിസൾട്ടുകളും നാളെ വരാനിരിക്കുന്ന ടാറ്റ മോട്ടോഴ്സിന്റെ റിസൾട്ടും ഇന്ത്യൻ ഓട്ടോ സെക്ടറിന്റെ ഗതി നിർണയിക്കും.
ഊഹക്കച്ചവട നിയന്ത്രണം
കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഓപ്‌ഷൻ ട്രേഡിങിൽ ഏർപ്പെട്ട 85%ത്തിലധികം ആളുകൾക്കും 50000 കോടിയില്പരം രൂപയുടെ നഷ്ടം വന്നതിനെ അടിസ്ഥാനമാക്കി സെബി കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നു. നിയന്ത്രണനടപടികൾ വിപണിയുടെ ‘ലിക്വിഡിറ്റി’യെ ബാധിക്കുമെങ്കിലും പുതിയ നിക്ഷേപകർക്ക് അനുകൂലമാണ്.
ഫെഡ് തീരുമാനങ്ങൾ ഇന്ന്
ഇന്ന് വരാനിരിക്കുന്ന ഫെഡ് റിസർവ് തീരുമാനങ്ങളും ഫെഡ് ചെയർമാന്റെ പ്രസ്താവനകളും കാത്തിരിക്കുകയാണ് ലോക വിപണി. 2023 ജൂലൈ യോഗത്തിൽ 5.25-5.50%ലേക്ക് ഉയർത്തിയ ഫെഡ് നിരക്ക് കുറയ്ക്കുന്നത് സെപ്റ്റംബറിലെ യോഗത്തിൽ പരിഗണിക്കുമെന്ന സൂചനയ്ക്കായാണ് വിപണി കാത്തിരിക്കുന്നത്.
ചൈനയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ വിപണി പ്രതീക്ഷയ്ക്കൊപ്പം വന്നത് ഇന്ന് ചൈനീസ് വിപണിക്ക് മുന്നേറ്റം നൽകി. യൂറോപ്യൻ പണപ്പെരുപ്പക്കണക്കുകൾ വിപണി പ്രതീക്ഷക്കൊപ്പം നിന്നത് യൂറോപ്യൻ വിപണികൾക്കും അനുകൂലമായി.
പലിശ നിരക്ക് ഉയർത്തി ജപ്പാൻ
ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശ നിരക്ക് 0.10%ൽ നിന്നും 0.25%ലേക്ക് ഉയർത്തിയത് ഫിനാൻഷ്യൽ ഓഹരികൾക്ക് നൽകിയ മുന്നേറ്റത്തിന്റെ പിൻബലത്തിൽ ജാപ്പനീസ് സൂചികയായ നിക്കി ഇന്ന് 1.59% മുന്നേറി. പണപ്പെരുപ്പം നിയന്ത്രിക്കാനും, ഡോളറുമായുള്ള നഷ്ടം കുറയ്ക്കാനും ഉതകുമെങ്കിലും വ്യാവസായിക വളർച്ചയെ ഉയർന്ന പലിശ നിരക്കുകൾ ക്ഷീണിപ്പിക്കുമെന്നത് വിപണി കണക്കിലെടുത്തേക്കാം.
ക്രൂഡ് ഓയിൽ
ഇസ്രായേൽ-ഹിസ്‌ബുള്ള സംഘർഷം ശക്തമാകുന്നതും, ചൈനയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ പ്രകാരം വ്യാവസായിക വളർച്ച ശോഷിക്കുന്നില്ലന്ന സൂചനയും ഇന്ന് ക്രൂഡ് ഓയിലിന് 2% മുന്നേറ്റം നൽകി. ഇന്ന് 80 ഡോളറിലേക്ക് കുതിച്ച ക്രൂഡ് ഓയിലിന് ഫെഡ് തീരുമാനങ്ങളും നാളത്തെ അമേരിക്കൻ പിഎംഐ ഡേറ്റയും നിർണായകമാണ്.
സ്വർണം
ഫെഡ് റിസർവ് നിരക്കുകൾ കുറയ്ക്കുമെന്ന സൂചന ഡോളറിനും, ബോണ്ട് യീൽഡിനും നൽകുന്ന തിരുത്തലും മിഡിൽ ഈസ്റ്റിൽ യുദ്ധം കൂടുതൽ സങ്കീര്‍ണമാകുന്നതും സ്വർണത്തിന് മുന്നേറ്റം നൽകി. ഇന്നത്തെ ഫെഡ് തീരുമാനങ്ങൾ 2460 ഡോളറിൽ തുടരുന്ന സ്വർണത്തിന് നിർണായകമാണ്.
നാളത്തെ റിസൾട്ടുകൾ
ടാറ്റ മോട്ടോഴ്‌സ്, ഐടിസി, സൺ ഫാർമ, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, സൊമാറ്റോ, ഡാബർ, എസ്കോര്ട്സ്, ജെകെ സിമന്റ്, ഡേറ്റമാറ്റിക്സ്, ഓറിയന്റ് ഇലക്ട്രിക്, ഇക്സിഗോ, കല്യാൺ ജ്വല്ലേഴ്സ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക