ADVERTISEMENT

മാന്ദ്യഭയത്തിൽ തകർന്ന രാജ്യാന്തര വിപണികളുടെ തിരിച്ചുവരവിനൊപ്പം ഇന്ത്യൻ വിപണിയും മുന്നേറ്റം നേടിയെങ്കിലും ബാങ്കിങ് സെക്ടറിന്റെ തകർച്ച വിപണിക്ക് കെണിയായി. ഇന്ന് ആദ്യ മണിക്കൂറിൽ തന്നെ 24382 പോയിന്റിലേക്ക് ആശ്വാസമുന്നേറ്റം നടത്തിയ നിഫ്റ്റി പിന്നീട് ബാങ്കിങ് വീഴ്ചയിൽ അടി തെറ്റി 24000 പോയിന്റിലും താഴെ ക്ളോസ് ചെയ്തത് വിപണിക്ക് നിരാശയായി. 80000 പോയിന്റിനടുത്തേക്ക് കുതിച്ച സെൻസെക്സ് 166 പോയിന്റുകൾ നഷ്ടമാക്കി 78593 പോയിന്റിലും ക്ളോസ് ചെയ്തു.

ഐടി, മെറ്റൽ, റിയൽറ്റി, എഫ്എംസിജി സെക്ടറുകൾ ഒഴികെ മറ്റെല്ലാ സെക്ടറുകളും ഇന്ന് വീണ്ടും നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. എസ്ബിഐ 1.70%വും, എച്ച്ഡിഎഫ്സി ബാങ്ക് 0.90%വും വീണതോടെ ബാങ്ക് നിഫ്റ്റി 0.70%വും ഫിനാൻഷ്യൽ സെക്ടർ 1.1%വും വീണതും ഇന്ത്യൻ വിപണിക്ക്  നിർണായകമായി.   

ഇന്നാരംഭിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നയാവലോകനസമിതിയുടെ യോഗതീരുമാനങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ ഫെഡ് റിസർവിന്റെ ‘ഉയർന്ന നിരക്ക്, കൂടുതൽ കാലത്തേക്ക്’ എന്ന സിദ്ധാന്തം പാളിക്കഴിഞ്ഞത് ആർബിഐ യോഗത്തിലും ചർച്ചയായേക്കാമെന്നത് വിപണിക്ക് പ്രതീക്ഷ നൽകുന്നു. ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ സെക്ടറുകൾക്ക് ആർബിഐ തീരുമാനങ്ങൾ കൂടുതൽ നിർണായകമാണ്. 

മുന്നേറി ടെക്സ്റ്റൈൽ 

ബംഗ്ലാദേശിലെ ആഭ്യന്തര കലാപസാഹചര്യം ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയിലേക്ക് കൂടുതൽ കയറ്റുമതി ഓർഡറുകൾ കൊണ്ട് വന്നേക്കാമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല കുതിപ്പ് നടത്തി. കിറ്റെക്സ് ഇന്ന് 17% മുന്നേറി. 

മാന്ദ്യഭീതിയിൽ നിന്നും ഫെഡ് നിരക്ക് കുറയ്ക്കലിലേക്ക് 

അമേരിക്കയുടെ ജൂലൈ മാസത്തിലെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയിൽ കനത്ത കുറവുണ്ടായെങ്കിലും ഇന്നലെ വന്ന ഐഎസ്എം നോൺ-മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ വിപണി പ്രതീക്ഷക്കൊപ്പം 51.4ൽ തന്നെ നിന്നത് വിപണിയിലെ മാന്ദ്യഭയത്തിലും അയവ് വരുത്തി. തുടർച്ചയായ മൂന്ന് ദിവസവും അമേരിക്കൻ വിപണി വൻ തകർച്ച നേരിട്ടെങ്കിലും ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ച അമേരിക്കൻ ഫ്യൂച്ചറുകൾ പോസിറ്റീവ് സോണിൽ തന്നെയാണ് തുടരുന്നത്. ഇന്നലെ 13% തകർന്ന ജാപ്പനീസ് സൂചികയായ നിക്കി ഇന്ന് 10% തിരിച്ചു കയറിയെങ്കിലും യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.  

ഫെഡ് റിസർവ് നിരക്ക് കുറക്കൽ നടത്തുമെന്ന സൂചനയുമായി നിരൂപകർ കളം നിറയുന്നത് വിപണിക്ക് അനുകൂലമാണ്. വ്യാഴാഴ്ചത്തെ ജോബ് ഡേറ്റയും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

ജാക്സൺ ഹോൾ സിംപോസിയം

അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസർവിന്റെ ഓഗസ്റ്റ് 21,22 തിയതികളിൽ നടക്കാനിരിക്കുന്ന വാർഷിക സമ്മേളനമായ ജാക്സൺ ഹോൾ സിമ്പോസിയത്തിലായിരിക്കും ഫെഡ് റിസർവിന്റെ തുടർ നടപടികളെക്കുറിച്ചുള്ള സൂചനകൾ ലഭ്യമാകുക. ജാക്സൺ ഹോൾ സിമ്പോസിയം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഫെഡ് ചെയർമാൻ അതിന് മുൻപായി നയം മാറ്റം കൊണ്ട് വരാനിടയില്ലെന്നും കരുതുന്നു. 

ക്രൂഡ് ഓയിൽ

നാളെ അമേരിക്കൻ ക്രൂഡ് ഓയിൽ കണക്കുകൾ വരാനിരിക്കെ ബ്രെന്റ് ക്രൂഡ് ഓയിൽ 76 ഡോളറിലേക്ക് ഇറങ്ങി. മിഡിൽ ഈസ്റ്റിൽ സംഘർഷം പുകയുന്നതാണ് ബ്രെന്റ് ക്രൂഡ് ഓയിലിനെ പിന്തുണയ്ക്കുന്ന ഏക ഘടകം. 

സ്വർണം 

മാന്ദ്യഭീതിയൊഴിയുന്നത് അമേരിക്കൻ ഡോളറിനും, ബോണ്ട് യീൽഡിനും തിരിച്ചു വരവ് നൽകിയെങ്കിലും സ്വർണവും ഇന്ന് ഏഷ്യൻ വിപണി സമയത്ത് മുന്നേറ്റം കുറിച്ചു. രാജ്യാന്തര സ്വർണവില 2454 ഡോളറിലാണ് തുടരുന്നത്. 

നാളത്തെ റിസൾട്ടുകൾ

എൻഎച് പിസി എൻഎൽസി ഇന്ത്യ, പിഡിലൈറ്റ്, അപ്പോളോ ടയർ, എബിഎഫ്ആർഎൽ, ബിഎഎസ്എഫ്, കോറോമാൻഡൽ, മുത്തൂറ്റ് ക്യാപിറ്റൽ, ഐടിഡി സിമെന്റഷൻ, ജിഎംഎം ഫോഡ്‌ലർ, സഫാരി, ടാൽബ്രോസ് ഓട്ടോ, സുല, കിംസ്, ലെമൺ ട്രീ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.  

ഐപിഓ 

ഇന്നാരംഭിച്ച ആരംഭിച്ച ഫസ്റ്റ് ക്രൈയുടെയും, യൂണികോമേഴ്‌സ് ഇ-സൊല്യൂഷന്റെയും ഐപിഓകൾ വ്യാഴാഴ്ചയാണ് അവസാനിക്കുന്നത്. 

ബേബി കെയർ ബ്രാൻഡായ ഫസ്റ്റ് ക്രൈയുടെ ഉടമസ്ഥരായ ബ്രെയിൻബീ സൊല്യൂഷന്റെ ഐപിഓ വില 440-465 രൂപ നിരക്കിലാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Sjhare Market Closed in Red

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com