ഐടിയിലൂടെ നേട്ടങ്ങൾ കൈവിട്ട് ഓഹരി വിപണി
Mail This Article
ഇന്ത്യൻ വിപണി ഇന്നും നേട്ടങ്ങൾ കൈവിട്ട് നഷ്ടം കുറിച്ചു. വീണ്ടും 24,340 പോയിന്റ് വരെ മുന്നേറിയെങ്കിലും അമേരിക്കൻ ഫ്യൂച്ചറിലെ വീഴ്ചയും, യൂറോപ്യൻ വിപണിയുടെ നഷ്ടത്തുടക്കവും കാരണം നിഫ്റ്റി 180 പോയിന്റ് നഷ്ടത്തിൽ 24117 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 581 പോയിന്റുകൾ നഷ്ടമായി 78,886 പോയിന്റിലാണവസാനിച്ചത്.
പ്രധാന ഐടി ഓഹരികളെല്ലാം നഷ്ടം കുറിച്ച ഇന്ന് ഐടി സെക്ടർ 2% വീഴ്ച നേരിട്ടതാണ് ഇന്ത്യൻ വിപണിയുടെ വീഴ്ചക്കും കാരണമായത്. ബാങ്കിങ്, ഫിനാൻഷ്യൽ, ഫാർമ സെക്ടറുകൾ ഒഴികെ മറ്റെല്ലാ സെക്ടറുകളും ഇന്നും നഷ്ടം കുറിച്ചു.
റിസർവ് ബാങ്ക് വീണ്ടും പണനയത്തിലും അടിസ്ഥാന ബാങ്കിങ് നിരക്കുകളിലും മാറ്റങ്ങൾ കൊണ്ട് വരാതെ വിട്ടു. പണപ്പെരുപ്പ-ആഭ്യന്തര ഉല്പാദന അനുമാനങ്ങളിലും ആർബിഐ മാറ്റങ്ങൾക്ക് മുതിരാതിരുന്നത് വിപണിക്ക് അനുകൂലമായി. ഇന്ത്യയുടെ ജിഡിപി നടപ്പുസാമ്പത്തിക വർഷത്തിൽ 7.2%വും സിപിഐ 4.5%വും വളർച്ച നേടുമെന്നാണ് ആർബിഐ കരുതുന്നത്.
അഞ്ച് ലക്ഷം വരെ യുപിഐയിൽ
യുപിഐ വഴി അയയ്ക്കുന്ന പണത്തിന്റെ തോത് ഉയർത്തിയ ആർബിഐ ഡിജിറ്റൽ പണമിടപാടുകൾക്കായി പബ്ലിക് ഡെപ്പോസിറ്ററി രൂപീകരിക്കുമെന്നതും ഡിജിറ്റൽ പണമിടപാട് ഓഹരികൾക്ക് അനുകൂലമായി.
ജോബ് ഡേറ്റ ഇന്ന്
ചിപ്പ് ഓഹരികളും, ടെസ്‌ലയും വീണത് ഇന്നലെ അമേരിക്കൻ വിപണിക്ക് വീണ്ടും തിരുത്തൽ നൽകി. നാസ്ഡാക് ഇന്നലെ 1%ൽ കൂടുതൽ വീണപ്പോൾ ഡൗ ജോൺസും 0.60% നഷ്ടം കുറിച്ചു. സൂപ്പർ മൈക്രോ കംപ്യൂട്ടറിന്റെ മോശം റിസൾട് ഇന്നലെ എൻവിഡിയക്കും, ബ്രോഡ്കോമിനും 5% വീതം തിരുത്തൽ നൽകിയതാണ് അമേരിക്കൻ വിപണിയുടെ തിരുത്തലിന് ആധാരമായത്.
ജൂലൈ മാസത്തിലെ നോൺഫാം പേറോൾ ഡേറ്റ മോശമായ സാഹചര്യത്തിൽ ഇന്ന് വരുന്ന അമേരിക്കയുടെ ജോബ് ഡേറ്റയും വിപണി പ്രാധാന്യത്തോടെ പരിഗണിക്കും. ആദ്യമായി ജോബ്‌ലെസ്സ് ക്ലെയിമിന് വേണ്ടി അപേക്ഷിക്കുന്നവരുടെ എണ്ണം 241000 കടക്കില്ല എന്നാണ് അനുമാനം.
ക്രൂഡ് ഓയിൽ
അമേരിക്കൻ എണ്ണശേഖരക്കണക്കിൽ കുറവ് വന്നത് ബ്രെന്റ് ക്രൂഡ് ഓയിൽ വില 78 ഡോളർ കടത്തിയെങ്കിലും സമ്മർദ്ദത്തിലാണ് വ്യാപാരം തുടരുന്നത്. ഡോളർ വില ക്രമപ്പെടുന്നതും, തിങ്കളാഴ്ച ഒപെക് റിപ്പോർട്ട് വരാനിരിക്കുന്നതും, മാന്ദ്യഭീതി ഒഴിഞ്ഞിട്ടില്ലാത്തതും ക്രൂഡിന് പ്രധാനമാണ്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറാനാകാതെ നിൽക്കുന്നത് സ്വര്‍ണ വിലയിലും കണ്‍സോളിഡേഷന് കാരണമാണ്. രാജ്യാന്തര സ്വർണ വില 2430 ഡോളറിന് മുകളിലാണ് തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
ജിഐസി, ഭാരത് ഡൈനാമിക്സ്, സെസ്‌ക്, എംഎംടിസി, സീമെൻസ്, ഗ്രാസിം, ഇന്ത്യ സിമന്റ്, ട്രെന്റ്, ഐആർബി, ലിഖിത, മാപ്മൈഇന്ത്യ, ഐനോക്‌സ് ഇന്ത്യ, ബെർജർ പെയിന്റ്, മെട്രോ ബ്രാൻഡ്, മുത്തൂറ്റ് ഫൈനാൻസ്, രൂപ, സൺ ടിവി, സൈഡസ് ലൈഫ് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ലിസ്റ്റിങ്
ഓല ഇലക്ട്രിക് നാളെ ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. 76 രൂപക്ക് ഇഷ്യു ചെയ്ത ഓല ഇലക്ട്രിക് മൊബിലിറ്റി ഗ്രേ മാർക്കറ്റ് വില പ്രകാരം ഡിസ്‌കൗണ്ട് ലിസ്റ്റിങ് പ്രതീഷിക്കുന്നെങ്കിലും നാളെ വിപണിയിൽ മുന്നേറിയേക്കാം.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക