'ജാക്സൺ ഹോൾ സിമ്പോസിയ'ത്തിൽ എന്തു സംഭവിക്കും? ഓഹരി വിപണി ഉദ്വേഗത്തിൽ
Mail This Article
മുൻആഴ്ചയിൽ റെക്കോർഡ് നിലയിൽ നിന്നും ഇറങ്ങിപ്പോന്ന ഇന്ത്യൻ വിപണിയ്ക്ക് തിങ്കളാഴ്ച വീണ്ടും വൻതകർച്ച നേരിട്ടു. പിന്നീട് രാജ്യാന്തര വിപണികൾക്കൊപ്പം തിരിച്ചു കയറിയെങ്കിലും നഷ്ടത്തിൽ പാതി പോലും തിരിച്ചു പിടിക്കാനായില്ല. മുൻ ആഴ്ചയിൽ 24,717 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 24,000 പോയിന്റിൽ താഴെ വന്ന ശേഷം തിരിച്ചു കയറി വെള്ളിയാഴ്ച 24367ലാണ് അവസാനിച്ചത്. മുൻ ആഴ്ചയിൽ 81,000 പോയിന്റിനടുത്ത് ക്ളോസ് ചെയ്ത സെൻസെക്സ് 79705 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
ഫാർമയൊഴികെ ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ സെക്ടറുകളും കഴിഞ്ഞ ആഴ്ചയിൽ തിരുത്തൽ നേരിട്ടു. ഐടി, ഓട്ടോ, മെറ്റൽ, റിയൽറ്റി സെക്ടറുകളും പൊതു മേഖല ബാങ്കുകളും തിരിച്ചു കയറിയെങ്കിലും കഴിഞ്ഞ ആഴ്ചയിൽ 4%ൽ കൂടുതൽ നഷ്ടം കുറിച്ചു.
മാറ്റത്തിന് തുനിയാതെ ആർബിഐ
ഇത്തവണയും അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ വിട്ട ആർബിഐ ആഭ്യന്തര ഉല്പാദന വളർച്ച അനുമാനത്തിലും, സിപിഐ അനുമാനത്തിലും മാറ്റം വരുത്താതിരുന്നതും കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിക്ക് അനുകൂലമായി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ജിഡിപി 7.2% തന്നെ വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്ന ആർബിഐ റീറ്റെയ്ൽ പണപ്പെരുപ്പലക്‌ഷ്യം 4.5%ലും ഉറപ്പിച്ചു.
ഡിജിറ്റൽ പണമിടപാടുകൾക്കായി പബ്ലിക് ഡെപ്പോസിറ്ററി സംവിധാനം രൂപീകരിക്കുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങളും ആർബിഐ ഗവർണർ ഇത്തവണ പ്രഖ്യാപിച്ചു..
അമേരിക്കൻ പണപ്പെരുപ്പം അടുത്ത ആഴ്ചയിൽ
വ്യാഴാഴ്ച വന്ന ജോബ് ഡേറ്റ പ്രകാരം മുൻആഴ്ചയിൽ തൊഴിലില്ലായ്മ ക്ലെയിമിനായി അപേക്ഷിച്ച അമേരിക്കക്കാരുടെ എണ്ണം കുറഞ്ഞു. ഇത് അമേരിക്കയുടെ മാന്ദ്യ ഭീഷണിയിൽ അയവ് വരുത്തിയത് വിപണിക്കും മുന്നേറ്റ കാരണമായി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മുന്നേറിയ അമേരിക്കൻ വിപണി മികച്ച നേട്ടം കുറിച്ചു. മുൻ ആഴ്ചയിൽ തകർന്നടിഞ്ഞ നാസ്ഡാക് കഴിഞ്ഞ ആഴ്ചയിൽ 6%ൽ കൂടുതൽ മുന്നേറ്റം സ്വന്തമാക്കിയപ്പോൾ എസ്&പി 4% നേട്ടവും കുറിച്ചു.
ജാക്സൺ ഹോൾ സിമ്പോസിയം
അമേരിക്കൻ പിഎംഐ വീഴ്ചയും, തൊഴിൽ വിവരക്കണക്കുകളും മാന്ദ്യഭീഷണി ഉയർത്തിയ സാഹചര്യത്തിൽ സെപ്റ്റംബറിൽ തന്നെ ഫെഡ് റിസർവ് നിരക്ക് കുറയ്ക്കൽ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി.
ഓഗസ്റ്റ് 21, 22 തിയതികളിൽ നടക്കുന്ന ഫെഡ് റിസർവിന്റെ വാർഷിക ‘സമ്മേളനമായ’ ജാക്സൺ ഹോൾ സിമ്പോസിയത്തിൽ വെച്ച് ഫെഡ് ചെയർമാൻ ഫെഡിന്റെ നയമാറ്റങ്ങളെക്കുറിച്ച് സൂചന നൽകുമെന്ന പ്രതീക്ഷയിലാണ് വിപണി. കേന്ദ്രബാങ്ക് പ്രസിഡന്റുമാരും, സാമ്പത്തിക വിദഗ്‌ദ്ധരും പങ്കെടുക്കുന്ന യോഗം കേന്ദ്രബാങ്കുകളുടെ നയമാറ്റ പ്രഖ്യാപന വേദിയായും പരിണമിച്ചേക്കുമെന്നും കരുതുന്നു.
ലോക വിപണിയിൽ അടുത്ത വാരം
∙അമേരിക്കൻ പിപിഐ ഡേറ്റ തിങ്കളാഴ്ചയും, അമേരിക്കൻ സിപിഐ ബുധനാഴ്ചയും വരാനിരിക്കുന്നത് ലോക വിപണിക്ക് തന്നെ പ്രധാനമാണ്.
∙ബ്രിട്ടീഷ്, ഫ്രഞ്ച് സിപിഐ ഡേറ്റ ചൊവ്വാഴ്ചയും, യൂറോ സോൺ ജിഡിപി ചൊവ്വാഴ്ചയും, ബ്രിട്ടീഷ് ജിഡിപി വ്യാഴാഴ്ചയും യൂറോപ്യൻ വിപണിയെയും സ്വാധീനിക്കും.
∙ജാപ്പനീസ് ജിഡിപി ഡേറ്റയും, ചൈനീസ് വ്യാവസായികോല്പാദനക്കണക്കുകളും റെയിൽ വില്പന- തൊഴിലില്ലായ്മ കണക്കുകളും ഏഷ്യൻ വിപണിക്കും പ്രധാനമാണ്.
∙ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും, വ്യവസായികോല്പാദനക്കണക്കുകളും നാളെ വരാനിരിക്കുന്നത് ഇന്ത്യൻ വിപണിക്കും പ്രധാനമാണ്. ബുധനാഴ്ചയാണ് ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകളും, ഭക്ഷ്യവിലക്കയറ്റക്കണക്കുകളും പുറത്ത് വരുന്നത്.
ഓഹരികളും സെക്ടറുകളും
ഹിൻഡൻബർഗ് ഇന്ത്യൻ വിപണിയിൽ വീണ്ടും പുതിയ ‘വെളിപ്പെടുത്തലു’മായി ഭൂകമ്പം സൃഷ്ടിക്കാനൊരുങ്ങുന്നത് വാർത്തയായിക്കഴിഞ്ഞു. മാന്ദ്യ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണിയിൽ വിദേശഫണ്ടുകൾക്ക് കളമൊരുക്കാൻ തന്നെയായിരിക്കും അമേരിക്കൻ ‘’ഷോർട്ട് സെല്ലർ’’ ഇത്തവണയും ശ്രമിക്കുക.
കാബിനറ്റ് കമ്മിറ്റി പുതിയ എട്ട് റെയിൽവേ പദ്ധതികൾക്കായി 24567 കോടി രൂപ മാറ്റിവെച്ചത് റെയിൽവേ സെക്ടറിനെ വീണ്ടും ആകർഷകമാക്കും. ഏഴു സംസ്ഥാനങ്ങളിലായി 14 ജില്ലകളിലൂടെ പോകുന്ന പുതിയ പദ്ധതിയിൽ പുതിയ 64 റെയിൽവേ സ്റ്റേഷനുകളും നിർമിക്കപ്പെടും. ആർവിഎൻഎൽ ശ്രദ്ധിക്കുക.
കേന്ദ്രസർക്കാർ നോയിഡയിൽ പുതിയ ഇലക്ട്രോണിക്സ് ഉല്പാദന മേഖല ആരംഭിക്കുന്നത് ഇന്ത്യൻ ഇലക്ട്രോണിക്സ് മേഖലക്ക് അനുകൂലമാണ്.
നോയിഡയിൽ പുതിയ ഉല്പാദനകേന്ദ്രത്തിനായി 50 ഏക്കർ ഭൂമി ലഭ്യമായത് ഹാവെൽസിന് അനുകൂലമാണ്. വരുമാനത്തിൽ ക്രമാനുഗതമായ മുന്നേറ്റം കുറിക്കുന്ന കമ്പനി കഴിഞ്ഞ പാദത്തിൽ 408 കോടി രൂപയുടെ അറ്റാദായവും നേടിയിരുന്നു.
ശ്രീനഗറിൽ ടൗൺഷിപ്പ് നിർമാണത്തിനായി 15000 കോടി രൂപയുടെ കരാർ ലഭിച്ചത് എൻബിസിസിക്ക് തിരിച്ചുവരവ് നൽകി. ചൊവ്വാഴ്ചയാണ് എൻബിസിസിയുടെ ആദ്യപാദ റിസൾട്ട് വരുന്നത്.
യുപിഐ വഴി അയക്കാവുന്ന പരമാവധി തുക അഞ്ച് ലക്ഷമായി ഉയർത്തിയ ആർബിഐ നടപടി പേടിഎം അടക്കമുള്ള ഡിജിറ്റൽ പണമിടപാട് കമ്പനികൾക്ക് അനുകൂലമാണ്.
വെള്ളിയാഴ്ച ലിസ്റ്റ് ചെയ്ത ഓല ഇലക്ട്രിക് മൊബിലിറ്റി 20% മുന്നേറി 91 രൂപക്ക് മുകളിലാണ് ക്ളോസ് ചെയ്തത്. ഇഷ്യു ചെയ്ത 76 രൂപക്ക് തന്നെയാണ് ഓഹരിയുടെ വ്യാപാരം ആരംഭിച്ചതും.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
ആർസിഎഫ്, എൻഎംഡിസി, ഹഡ്‌കോ, ഹിന്ദ് കോപ്പർ, എസ്ജെവിഎൻ, ഐആർഎഫ്സി, ഐടിഐ, നാഷണൽ അലുമിനിയം, വൊഡാഫോൺ, ജെൻസോൾ, ഡോളർ, രൂപ, ഒലക്ട്ര, ധനലക്ഷ്മി ബാങ്ക്, ഹാപ്പിയെസ്റ്റ് മൈൻഡ്‌സ്, രത്തൻ ഇന്ത്യ, ക്യാമ്പസ് ആക്ടിവെയർ മുതലായ കമ്പനികൾ തിങ്കളാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, മാസഗോൺ ഡോക്സ്, എഐആർസിടിസി, എൻബിസിസി, എൻഎഫ്എൽ, ജിഎൻഎഫ്സി, ഹീറോ, ഹിൻഡാൽകോ, വോൾട്ടാസ്, അപ്പോളോ ഹോസ്പിറ്റൽ, കിറ്റെക്സ്, മണപ്പുറം മുതലായ ഓഹരികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളിലെ വീഴ്ചയും, ഗാസയിൽ യുദ്ധം രൂക്ഷമാകുന്നതും ആഴ്ച്ചാവസാനത്തിൽ നൽകിയ മുന്നേറ്റത്തോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വീണ്ടും 79 ഡോളർ പിന്നിട്ടു. നാളെ വരുന്ന ഒപെക് റിപ്പോർട്ടും, അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളും ക്രൂഡ് ഓയിലിനും നിർണായകമാണ്.
സ്വർണം
ഗാസയിൽ വീണ്ടും ആക്രമണങ്ങൾ രൂക്ഷമാക്കിയത് ആഴ്ചയുടെ അവസാന ദിനങ്ങളിൽ സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകി. അടുത്ത ആഴ്ചയിൽ വരാനിരിക്കുന്ന അമേരിക്കയുടെ ജൂലൈ മാസത്തിലെ പണപ്പെരുപ്പക്കണക്കുകൾ വീണ്ടും കുറഞ്ഞിട്ടുണ്ടാകാമെന്ന പ്രതീക്ഷയും സ്വർണത്തിന് വീണ്ടും പ്രതീക്ഷയാണ്. കഴിഞ്ഞ ആഴ്ചയിൽ ഫ്ലാറ്റ് ക്ളോസിങ് നേടിയ സ്വർണം വെള്ളിയാഴ്ച 2470 ഡോളറിലാണ് ക്ളോസ് ചെയ്തത്.
ഐപിഓ
ഐപിഓയിൽ 160 ഇരട്ടി അപേക്ഷകൾ ലഭിച്ച ഇ-കോമേഴ്‌സ് കമ്പനിയായ യൂണികോമേഴ്‌സ് ഇ-സൊല്യൂഷന്റെ ലിസ്റ്റിങ് ഓഗസ്റ്റ് 13-ന് ചൊവ്വാഴ്ച നടക്കും. മുൻവർഷത്തിൽ നിന്നും അറ്റാദായം ഇരട്ടിയോളം വളർന്ന കമ്പനിയുടെ ഇഷ്യൂ വില 108 രൂപയും, വെള്ളിയാഴ്ചത്തെ ഗ്രേമാർക്കറ്റ് പ്രീമിയം 55 രൂപയുമായിരുന്നു.
സരസ്വതി സാരിയുടെ തിങ്കളാഴ്ച ആരംഭിക്കുന്ന ഐപിഓ ബുധനാഴ്ച അവസാനിക്കും. 152-160 രൂപ നിരക്കിൽ 160 കോടി രൂപയാണ് കമ്പനി ഐപിഓ യിലൂടെ സമാഹരിക്കുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക