ഗിഫ്റ്റ് നിഫ്റ്റിയും വിദേശ സൂചികകളും പോസിറ്റീവ്; വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങുമെന്ന് പ്രതീക്ഷ
Mail This Article
ചാഞ്ചാട്ടത്തിനൊടുവിൽ ഇന്നലെ നേരിയ നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത്. അവസാന മണിക്കൂറിൽ നേട്ടത്തിലേക്ക് കയറിയ സെൻസെക്സ് 102 പോയിന്റ് ഉയർന്ന് 80,905ലും നിഫ്റ്റി 71 പോയിന്റ് കയറി 24,770ലുമാണുള്ളത്. ഇന്ന് ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം തുടങ്ങിയേക്കുമെന്ന പ്രതീക്ഷകളാണ് വിദേശ സൂചികകളും ഗിഫ്റ്റ് നിഫ്റ്റിയും നൽകുന്നത്.
ഗുജറാത്തിലെ ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിലേറിയത് ശുഭസൂചനയാണ്. ഇന്ന് രാവിലെ 65ൽ അധികം പോയിന്റ് നേട്ടവുമായി 24,655 തലത്തിലാണ് ഗിഫ്റ്റ് നിഫ്റ്റിയുണ്ടായിരുന്നത്. യുഎസ് വിപണികളായ ഡൗ ജോൺസ് 0.14 ശതമാനവും എസ് ആൻഡ് പി500 0.40 ശതമാനവും നാസ്ഡാക് 0.57 ശതമാനവും നേട്ടത്തിലേറി. ഏഷ്യയിൽ ജപ്പാന്റെ നിക്കേയ് 0.73%, കൊറിയ 0.14%, ഹാങ്സെങ് 0.8%, ഓസ്ട്രേലിയൻ സൂചിക 0.2%, യൂറോപ്യൻ വിപണികൾ 0.2% എന്നിങ്ങനെയും നേട്ടത്തിലാണ്.
കാതോർക്കുന്നത് അമേരിക്കയിലേക്ക്
യുഎസിൽ അടിസ്ഥാന പലിശനിരക്ക് സെപ്റ്റംബറിൽ കുറയുമെന്ന പ്രതീക്ഷയിലാണ് രാജ്യാന്തര തലത്തിൽ ഓഹരി വിപണികളുള്ളത്. നാളെ (വെള്ളി) ജാക്സൺ ഹോൾ സിമ്പോസിയത്തിൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ നടത്തുന്ന പ്രഭാഷണത്തിലേക്കാണ് ഏവരും കാതോർക്കുന്നത്.
പലിശനിരക്കിന്റെ ദിശ എങ്ങോട്ടെന്ന സൂചന ജെറോം പവൽ നൽകിയേക്കും. പ്രഭാഷണം അനുകൂലമായാൽ ഓഹരി വിപണികൾ കൂടുതൽ ഉണർവ് നേടും. ഇന്നലെ പുറത്തുവന്ന യുഎസ് ഫെഡിന്റെ ജൂലൈയിലെ പണനയ യോഗത്തിന്റെ മിനിട്ട്സ് നൽകുന്നത് സെപ്റ്റംബറിൽ പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളാണെന്നതും ഓഹരി വിപണികൾക്ക് ഊർജമാണ്.
യുഎസിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചതിന്റെ കണക്ക് ലേബർ ഡിപ്പാർട്ട്മെന്റ് പുനർപ്രസിദ്ധീകരിച്ചതും പലിശയിറക്കത്തിന് അനുകൂലമാണ്. പ്രതിമാസം 2.42 ലക്ഷം തൊഴിലുകൾ സൃഷ്ടിച്ചെന്ന ആദ്യ റിപ്പോർട്ട് തിരുത്തിയ ഡിപ്പാർട്ട്മെന്റ് ഇപ്പോൾ പറയുന്നത് പ്രതിമാസ പുതിയ തൊഴിൽ 1.74 ലക്ഷം മാത്രമായിരുന്നു എന്നാണ്. അതായത്, യുഎസിൽ തൊഴിൽ ലഭ്യതയിൽ കുറവുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
ഉറ്റുനോട്ടം പ്രധാനമായും ഈ ഓഹരികളിൽ
പേയ്ടിഎമ്മിന്റെ വിനോദ ബിസിനസ് വിഭാഗത്തെ ഏറ്റെടുക്കാൻ സൊമാറ്റോ തീരുമാനിച്ചിട്ടുണ്ട്. 2,048 കോടി രൂപയുടേതാണ് ഇടപാട്. പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വൺ87 കമ്യൂണിക്കേഷൻസ് സ്വതന്ത്ര ഡയറക്ടർമാരുടെ വേതനം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
കല്യാൺ ജ്വല്ലേഴ്സാണ് ഇന്ന് ശ്രദ്ധയിലുള്ള മറ്റൊരു ഓഹരി. കല്യാണിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാനുള്ള വാർബർഗ് പിൻകസിന്റെ തീരുമാനം ഇന്ന് ഓഹരികളിൽ ചലനം സൃഷ്ടിച്ചേക്കും.
ഫോളോ-ഓൺ പബ്ലിക് ഓഫറിലൂടെയോ (എഫ്പിഒ) യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്ക് (ക്യുഐപി) ഓഹരി വിൽക്കുന്നതിലൂടെയോ 4,500 കോടി രൂപ സമാഹരിക്കാൻ പൊതുമേഖലാ സ്ഥാപനമായ ഐആർഇഡിഎ തീരുമാനിച്ചിട്ടുണ്ട്. ലിഥിയം ഉൾപ്പെടെയുള്ള ധാതുക്കളുടെ ലേലത്തിൽ സജീവമായി പങ്കെടുക്കാനുള്ള കോൾ ഇന്ത്യയുടെ നീക്കം ഓഹരികളെ ഇന്ന് സ്വാധീനിച്ചേക്കും. 800 കോടി രൂപ ഉന്നമിട്ട് സെൻ ടെക്നോളജീസും ക്യുഐപി ആരംഭിച്ചിട്ടുണ്ട്.
സ്വർണവും ക്രൂഡ് ഓയിലും
ഇന്നലെ ഔൺസിന് 2,532 ഡോളർ വരെ ഉയർന്ന രാജ്യാന്തര സ്വർണ വില ഇപ്പോഴുള്ളത് 2,502 ഡോളറിൽ. ഇന്നലെ കേരളത്തിൽ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കൂടിയിരുന്നു. യുഎസിൽ പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷകൾ ശക്തമായതിനാൽ ഇന്നും ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
ക്രൂഡ് ഓയിൽ വില കുറഞ്ഞതലത്തിൽ തുടരുന്നത് ആഗോള വിപണികൾക്ക് ആശ്വാസമാണ്. യുഎസിൽ തൊഴിലവസരങ്ങൾ കുറഞ്ഞത് സാമ്പത്തികരംഗം ഭദ്രമല്ലെന്ന സൂചന നൽകുന്നുണ്ട്. ഇതിന് ഡിമാൻഡിനെ ബാധിക്കുമെന്നതാണ് ക്രൂഡ് വിലയെ താല്ന്നതലത്തിൽ നിലനിർത്തുന്നത്. ഡബ്ല്യു.ടി.ഐ ക്രൂഡ് വില ബാരലിന് 71.87 ഡോളറിലും ബ്രെന്റ് ക്രൂഡ് 76.08 ഡോളറിലുമാണുള്ളത്.