ADVERTISEMENT

കഴിഞ്ഞ ആഴ്ചയിൽ തുടർച്ചയായി റെക്കോർഡ് തിരുത്തി മുന്നേറിയ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലും, (ഓഗസ്റ്റ്) മാസത്തിലും 1%ൽ കൂടുതൽ മാത്രം നേട്ടമാണുണ്ടാക്കിയത്. മുൻ ആഴ്ചയിൽ 24823 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 25268 എന്ന പുതുക്കിയ റെക്കോർഡ് കുറിച്ച ശേഷം വെള്ളിയാഴ്ച 25235 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 82637 എന്ന റെക്കോർഡ് ഉയരം കുറിച്ച ശേഷം 82365 പോയിന്റിലും ക്ളോസ് ചെയ്തു. 

എഫ്എംസിജിയും, പൊമേഖല ബാങ്കുകളുമൊഴികെ മറ്റെല്ലാ സെക്ടറുകളും നേട്ടമുണ്ടാക്കിയ കഴിഞ്ഞ ആഴ്ചയിൽ മൂന്ന് ശതമാനം വീതം നേട്ടമുണ്ടാക്കിയ ഐടി, ഫാർമ സെക്ടറുകളും, രണ്ട് ശതമാനത്തിനടുത്ത് മുന്നേറിയ ഓട്ടോ, ഫിനാൻഷ്യൽ സർവീസ്, ഇൻഫ്രാ സെക്ടറുകളാണ് ഇന്ത്യൻ വിപണിക്ക് പിന്തുണ നൽകിയത്. ഇൻഫോസിസും, റിലയൻസും, എച്ച്ഡിഎഫ്സി ബാങ്കും, ബജാജ്  ഇരട്ടകളും ഓരോ സെഷനിലും ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചു.  

ലക്‌ഷ്യം തെറ്റി ജിഡിപി
ഒന്നാം പാദത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം 6.7% വളർച്ച കുറിച്ചു. മുൻ പാദത്തിൽ 7.8% വളർച്ച കുറിച്ച ഇന്ത്യൻ ജിഡിപി 6.9% വളർച്ച കുറിക്കുമെന്നായിരുന്നു അനുമാനം.   

അമേരിക്കൻ റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ 2024ലെ ആഭ്യന്തര ഉല്പാദന വളർച്ച അനുമാനം 6.8%ൽ നിന്നും 7.2%ലേക്ക് ഉയർത്തിയത് മുൻ പാദത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 2025ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 6.6% വളർച്ച നേടുമെന്നും മൂഡീസ് പ്രത്യാശ പ്രകടിപ്പിച്ചു. 2025ലെ മുൻ അനുമാനം 6.4%വും ആയിരുന്നു.

ഫെഡ് തീരുമാനം ഈ മാസം

വെള്ളിയാഴ്ച വന്ന അമേരിക്കയുടെ പിസിഇ ഡേറ്റ കൂടി വീണ്ടും അനുകൂലമായതോടെ ഇത്തവണ ഫെഡ് നിരക്ക് കുറയ്ക്കുമെന്ന ധാരണ വീണ്ടും ശക്തമായി. ജൂലായ് മാസത്തിൽ പിസിഇ ഡേറ്റ 2.6% എന്ന് പ്രതീക്ഷിച്ചിടത്ത് 2.5%ൽ നിന്നപ്പോൾ, കോർ പിസിഇ ഡേറ്റ 2.6%ലും നിന്നത് വെള്ളിയാഴ്ച അമേരിക്കൻ വിപണിക്ക് മുന്നേറ്റവും നൽകി. ഓഗസ്റ്റിൽ നാസ്ഡാകും, എസ്&പിയും യഥാക്രമം 3%വും, 4%വും മുന്നേറിയപ്പോൾ വെള്ളിയാഴ്ച വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ച ഡൗ ജോൺസ്‌ ഓഗസ്റ്റിൽ 2% നേട്ടമാണ് സ്വന്തമാക്കിയത്. 

share-8-

.    

സെപ്തംബര്‍ 17-18 തീയതികളിൽ നടക്കുന്ന ഫെഡ് റിസർവ് യോഗത്തിൽ വെച്ച് ഫെഡ് നിരക്ക് കുറക്കുകയും, നയം മാറ്റം പ്രഖ്യാപിക്കുകയും ചെയ്യപ്പെടുമെന്ന പ്രതീക്ഷ അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും അനുകൂലമാണ്. തിങ്കളാഴ്ച അമേരിക്കൻ വിപണിക്ക് അവധിയാണ്. 

ലോക വിപണിയിൽ അടുത്ത ആഴ്ച  

∙ചൊവ്വാഴ്ചയാണ് ഓഗസ്റ്റിലെ അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ പുറത്ത് വരുന്നത്. വെള്ളിയാഴ്ച വരുന്ന ഓഗസ്റ്റിലെ അമേരിക്കൻ നോൺ ഫാം പേറോൾ കണക്കുകൾക്കായി കാത്തിരിക്കുകയാണ് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയും. ജൂലൈ മാസത്തിലെ അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയിലെയും, തൊഴിൽ വിപണിയിലെയും വീഴ്ചകൾ സാമ്പത്തിക ‘മാന്ദ്യ’ ലക്ഷണമായി കണ്ട് വിപണി തകർച്ച നേരിട്ടിരുന്നു. . 

∙ജോബ് ഓപ്പണിങ് ഡേറ്റ ബുധനാഴ്ചയും, ജോബ് ഡേറ്റ വ്യാഴാഴ്ചയും അമേരിക്കൻ വിപണിയെ സ്വാധീനിക്കും. 

∙യൂറോ സോൺ, ബ്രിട്ടീഷ്, ജർമൻ, ഫ്രഞ്ച് മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും, ജർമൻ റീറ്റെയ്ൽ, കണക്കുകളും, സ്പാനിഷ് ജിഡിപിയും തിങ്കളാഴ്ച  യൂറോപ്യൻ വിപണികളെ സ്വാധീനിച്ചേക്കാം.   

∙തിങ്കളാഴ്ച ചൈനയുടെ കോ-ആക്സിൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും വരുന്നത് ഏഷ്യൻ വിപണികൾക്ക് പ്രധാനമാണ്. 

share-6-

ഓഹരികളും സെക്ടറുകളും

∙ജൂലൈ മാസത്തിലെ ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ച്ചർ ഔട്ട്പുട്ട് 6.1%ലേക്ക് മുന്നേറിയത് ഇൻഫ്രാ മേഖലയ്ക്ക് അനുകൂലമാണ്. ജൂണിൽ ഇന്ത്യൻ ഇൻഫ്രാ മേഖലയുടെ വളർച്ച 5.1% മാത്രമായിരുന്നു.

∙കൽക്കരി മന്ത്രാലയത്തിന്റെ മുൻഗണനാക്രമം പരിഗണിച്ച് 38 തന്ത്രപ്രധാന റെയിൽ പദ്ധതികൾ കൂടി നടപ്പിലാക്കുന്നതും റെയിൽ ഓഹരികൾക്ക് അനുകൂലമാണ്. 

നേരത്തെ മൂന്ന് റെയിൽവേ പദ്ധതികൾക്ക് കേന്ദ്ര ക്യാബിനറ്റ് അനുമതി നൽകിയിരുന്നു. 

∙കേന്ദ്ര ധനമന്ത്രാലയം റെയിൽ ടെൽ, എൻഎച്പിസി, എസ്ജെവിഎൻ, സോളാർ എനർജി കോർപറേഷൻ,  എന്നീ പൊതു മേഖല കമ്പനികൾക്കും നവരത്ന പദവി നൽകിയതോടെ നവരത്ന കമ്പനികളുടെ എണ്ണം 25 ആയി. നവരത്ന പദവി ലഭ്യമാകുന്നത് കമ്പനികൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകും. 

∙ക്രെഡിറ്റ് ഡെപ്പോസിറ്റ് റേഷ്യോ മെച്ചപ്പെടുത്തുന്നതിനായി എച്ച്ഡിഎഫ്സി ബാങ്ക് 10000 കോടി രൂപയുടെ വായ്പകൾ വിറ്റഴിക്കാൻ പദ്ധതിയിടുന്നു. എംഎസ്സിഐ ഓഗസ്റ്റ് ‘റീ ജിഗി’ൽ കമ്പനി കൂടുതൽ വെയിറ്റേജ് സ്വന്തമാക്കിയിരുന്നു. 

∙49% വിദേശ നിക്ഷേപ പരിധിക്ക് അനുമതി ലഭിച്ച ജിയോ ഫൈനാൻസ് ബ്ലാക്ക് റോക്കുമായുള്ള ‘കൂടുതൽ’ പങ്കാളിത്തത്തിന് അനുമതി പ്രതീക്ഷിക്കുന്നതും, കൂടുതൽ മികച്ച ഫിനാൻഷ്യൽ ആപ്പ് അവതരിപ്പിക്കുന്നതും, ഭവന വായ്പകൾ അടക്കം പുതിയ വായ്പ ഉത്പന്നങ്ങൾ ലഭ്യമാക്കാനിരിക്കുന്നതും പ്രതീക്ഷയാണ്. 

∙ബോണസ് ഇഷ്യു പരിഗണിക്കാനായി സെപ്റ്റംബർ അഞ്ചിന് റിലയൻസ് ഇൻഡസ്ട്രീസ് ബോർഡ് യോഗം ചേരുന്നു. ഇത്തവണ 1:1 ബോണസ് പരിഗണിക്കുന്ന റിലയൻസ് ഇതിന് മുൻപ് 2017 ലാണ് ബോണസ് നൽകിയത്. 

share-9-

∙അദാനി പോർട്സ് ഓഫ്‌ഷോർ സർവീസ് വെഹിക്കിൾ ഓപ്പറേറ്റിങ് കമ്പനിയായ ആസ്ട്രോയുടെ 80% ഓഹരികൾ സ്വന്തമാക്കിയത് ഓഹരിക്ക് അനുകൂലമാണ്.  

∙ആർബിഐ വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്ന് വീഴ്ച നേരിട്ട പേടിഎം വെള്ളിയാഴ്ച 13% മുന്നേറിയതോടെ തിങ്കളാഴ്ചയിലെ വിലയിൽ നിന്നും 100 രൂപ നേട്ടവും കൊയ്തു. ധനമന്ത്രാലയം വൺ 97 കമ്മ്യൂണിക്കേഷന് അവരുടെ തന്നെ പേയ്മെന്റ് സർവീസ് ബിസിനസിൽ നിക്ഷേപം നടത്താൻ അനുമതി നൽകിയതും, പേടിഎമ്മിന് പേയ്മെന്റ് അഗ്രഗേറ്റർ ലൈസൻസ് ലഭിച്ചതുമാണ് ഓഹരിക്ക് അനുകൂലമായത്. ജനുവരിയിൽ പേയ്മെന്റ് ബാങ്ക് നിർത്തി വയ്ക്കാൻ ആർബിഐ ആവശ്യപ്പെട്ടിരുന്നു.  

∙ഡൽഹിയിലെ വേൾഡ് ട്രേഡ് സെന്ററിന്റെ 36 ലക്ഷത്തിൽപരം ചതുരശ്ര അടി വാണിജ്യ ഇടവും വിറ്റഴിച്ച വകയിൽ 14800 കോടി രൂപ സമാഹരിക്കാനായത് എൻബിസിസിക്ക് അനുകൂലമാണ്. എൻബിസിസിയുടെ ബോണസ് പ്രഖ്യാപന പ്രതീക്ഷയും കഴിഞ്ഞ ആഴ്ചയിൽ  ഓഹരിക്ക് മുന്നേറ്റം നൽകിയിരുന്നു. 

∙ആർവിഎൻഎൽ പട്ടേൽ എഞ്ചിനിയറിങ്ങുമായി സഹകരിക്കാൻ തീരുമാനമായത് ഇരു ഓഹരികൾക്കും അനുകൂലമാണ്. കഴിഞ്ഞ ആഴ്ചയിൽ 202 കോടി രൂപയുടെ ഓർഡർ കരസ്ഥമാക്കിയ ഓഹരി മോർഗൻ ക്യാപിറ്റൽ ഇൻഡക്സിന്റെ ഇന്ത്യ ഇൻഡക്സിൽ ഉൾപ്പെട്ടതും ആർവിഎൻഎലിന് അനുകൂലമാണ്. 

∙ഗാർഡൻ റീച് ഷിപ് ബിൽഡേഴ്‌സ് എഴുപത് ബെയ്‌ലി മോഡൽ പാലങ്ങൾക്കുള്ള ഓർഡർ നേടിയത് ഓഹരിക്ക് അനുകൂലമാണ്. ജൂലൈ മാസത്തിൽ 2833 രൂപ കുറിച്ച ജിആർഎസ്ഇ 1807 രൂപയിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. 

∙ഇലക്ട്രോണിക്‌സ് വോട്ടിങ് മെഷീന്റെ ഓർഡർ വെള്ളിയാഴ്ച ഐടിഐ ഓഹരിക്ക് മുന്നേറ്റം നൽകി. 

∙എംഎസ്സിഐ സ്‌മോൾ ക്യാപ് സൂചികയിൽ നിന്നും പുറത്തായ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് അതോറിറ്റി മൂലധന സമാഹരണത്തിനിറങ്ങുന്നത് ഓഹരിയിൽ വീണ്ടും വാങ്ങൽ അവസരം സൃഷ്ടിച്ചേക്കാം. 

∙അയോദ്ധ്യക്കും ഉജ്ജയിനിനും പിന്നാലെ ഈയാഴ്ചയിൽ തന്നെ മൂന്നാമത്തെ ഹോട്ടൽ അമൃത്സറിൽ ആരംഭിച്ചത് ലെമൺ ട്രീ ഹോട്ടലിന് അനുകൂലമാണ്.

ഐപിഓ 

കൊൽക്കത്ത ആസ്ഥാനമായ ബാസാർ റീറ്റെയ്ൽ ലിമിറ്റഡിന്റെ ഐപിഓ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. രേഖ ജുൻജുൻവാലയുടെ പിന്തുണയോടെ എത്തുന്ന കമ്പനി 370-389 രൂപ നിരക്കിൽ 834 കോടി രൂപയാണ് ഐപിഓയിലൂടെ സമാഹരിക്കുന്നത്. 

താനെ ആസ്ഥാനമായ പ്രെസിഷൻ ഘടക നിർമാതാക്കളായ ഗാല പ്രെസിഷൻ എഞ്ചിനിയറിങ്ങിന്റെ ഐപിഓ നാളെയാണ് ആരംഭിക്കുന്നത്. 

ക്രൂഡ് ഓയിൽ 

ഫെഡ് നിരക്ക് കുറയ്ക്കൽ നടത്തിയേക്കാവുന്ന സാഹചര്യത്തിൽ ഒപെക് ഒക്ടോബർ മുതൽ ഉല്പാദന വർധന ആരംഭിച്ചേക്കാമെന്ന സാധ്യതയിൽ വെള്ളിയാഴ്ച 2% നഷ്ടം കുറിച്ച ക്രൂഡ് ഓയിൽ ഓഗസ്റ്റ് മാസത്തിൽ 6%ൽ കൂടുതൽ നഷ്ടമാണ് കുറിച്ചത്. ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളറിൽ താഴെയാണ് ക്ളോസ് ചെയ്യുന്നത്. 

ബേസ് മെറ്റലുകൾ മുന്നേറി

ബേസ് മെറ്റലുകൾ എല്ലാം നേട്ടമുണ്ടാക്കിയ ഓഗസ്റ്റിൽ അലുമിനിയവും, സിങ്കും പത്ത് ശതമാനത്തോളം നേട്ടമുണ്ടാക്കിയപ്പോൾ വെള്ളിയും, കോപ്പറും മൂന്ന് ശതമാനത്തോളം നേട്ടമാണ് ഉണ്ടാക്കിയത്. 

സ്വർണം 

ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ഡോളറിനും ഒപ്പം അമേരിക്കൻ ബോണ്ട് യീൽഡിനും നൽകിയ സമ്മർദ്ദം സ്വർണത്തിനും അനുകൂലമായി. രാജ്യാന്തര സ്വർണ വില ഓഗസ്റ്റിൽ പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം വെള്ളിയാഴ്ച 2536 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഫെഡ് തീരുമാനങ്ങൾ അനുകൂലമായാൽ സ്വർണം സെപ്റ്റംബറിൽ വീണ്ടും മുന്നേറിയേക്കും

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

How will the Fed's upcoming decision impact Indian markets? Get insights on global economic data, US market trends, and their potential ripple effects on Indian sectors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com