ഐടി–ബാങ്കിങ് മുന്നേറ്റം, നേട്ടത്തിലവസാനിച്ച് ഇന്ത്യന് വിപണി
Mail This Article
റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഇന്നും പോസിറ്റീവ് ക്ളോസിങ് നേടി. പുതിയ ഉയരമായ 25333ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 42 പോയിന്റ് നേട്ടത്തിൽ 25278 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 82775 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 82559 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഫിനാൻഷ്യൽ സർവീസസും, ബാങ്കിങ്, ഐടി സെക്ടറുകളും ഇന്ന് നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി സ്‌മോൾ, മിഡ് ക്യാപ് സൂചികകൾ നേരിയ നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്.
മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ
ഓഗസ്റ്റിലെ ഇന്ത്യൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 57.5 എന്ന മികച്ച തോത് കുറിച്ചു. ജൂലൈ മാസത്തിൽ 57.9ലായിരുന്നു മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ അതെ നില തന്നെ കുറിക്കുമെന്നായിരുന്നു അനുമാനം. മികച്ച മാനുഫാക്ച്ചറിങ് പിഎംഐ (പർച്ചേയ്‌സ് മാനേജേഴ്സ് ഇൻഡക്സ്) ഡേറ്റ കമ്പനികളുടെ മികച്ച ഓർഡർ ബുക്കുകളെയും, സമ്പദ് വ്യവസ്ഥയുടെ സുസ്ഥിതിയും സൂചിപ്പിക്കുന്നു.
ബജാജ് ഹൗസിങ് ഐപിഓ
അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന ബജാജ് ഹൗസിങ് ഫിനാൻസിന്റെ ഐപിഓ പ്രതീക്ഷയിൽ ബജാജ് ഫിൻ ഇരട്ടകൾ മുന്നേറ്റം തുടരുന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. ബജാജ് ഫിൻസെർവ് 4% വരെ മുന്നേറിയപ്പോൾ ബജാജ് ഫിനാൻസ് 3.3% മുന്നേറി.
ജിയോ ഫിനാൻസ്
49% വിദേശ നിക്ഷേപ പരിധിക്ക് അനുമതി ലഭിച്ച ജിയോ ഫൈനാൻസ് ബ്ലാക്ക് റോക്കുമായുള്ള ‘കൂടുതൽ’ പങ്കാളിത്തത്തിന് സർക്കാർ പിന്തുണ ലഭിച്ചേക്കുമെന്ന വാർത്ത ഇന്ന് ജിയോ ഫൈനാൻസിന് 7% മുന്നേറ്റം നൽകി. കൂടുതൽ മികച്ച ഫിനാൻഷ്യൽ ആപ്പ് അവതരിപ്പിക്കുന്നതും, ഭവന വായ്പകൾ അടക്കം പുതിയ വായ്പ ഉത്പന്നങ്ങൾ ലഭ്യമാക്കാനിരിക്കുന്നതും ഓഹരിക്ക് പ്രതീക്ഷയാണ്.
ഗുജറാത്ത് ഗ്യാസ്
റീസ്ട്രക്ച്ചറിങ്ങിലൂടെ ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റും, ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപറേഷനും ഗുജറാത്ത് ഗ്യാസിൽ ലയിക്കുന്നതും, തുടർന്ന് വിദേശ ഫണ്ടുകൾ അടക്കം കമ്പനിക്ക് മികച്ച ലക്‌ഷ്യം ഉറപ്പിച്ചതും ഇന്ന് ഓഹരിക്ക് 13% വരെ മുന്നേറ്റം നൽകി.
കൂടുതൽ പൊതു മേഖല ഓഹരികൾ എഫ്&ഓയിൽ
സെബിയുടെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് കൂടുതൽ പൊതു മേഖല ഓഹരികൾ എഫ്&ഓ സെഗ്‌മെന്റിലേക്ക് പ്രവേശനം നേടുമ്പോൾ ജിയോ ഫിനാൻഷ്യൽ സർവിസ്, സൊമാറ്റോ, അദാനി ഗ്രീൻ മുതലായ 80 ഓഹരികളും യോഗ്യത മാനദണ്ഡങ്ങൾ കുറിച്ച് കഴിഞ്ഞു. ആർവിഎൻഎൽ, ഇർകോൺ, ഐആർഎഫ്സി, മാസഗോൺ ഡോക്സ് മുതലായ പൊതുമേഖല ഓഹരികളും പുതുതായി എഫ്&ഓ പ്രവേശനം പ്രതീക്ഷിക്കുന്നു.
അമേരിക്കൻ വിപണി അവധി
കഴിഞ്ഞ ആഴ്ചയിൽ മുന്നേറ്റം നേടിയ അമേരിക്കൻ വിപണി ഇന്ന് തൊഴിലാളിദിനത്തിൽ അവധിയിലാണ്. അമേരിക്കൻ ബോണ്ട് യീൽഡ് ഇന്ന് മുന്നേറി നില്കുന്നതിനെ തുടർന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ചൈനയുടെ കോആക്സിന് മാനുഫാക്ച്ചറിങ് ഡേറ്റ ഓഗസ്റ്റിൽ അനുമാനത്തിലും മെച്ചപ്പെട്ടെങ്കിലും ചൈനീസ് വിപണി നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. അനുമാനത്തിലും മികച്ച മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകൾ യൂറോപ്യൻ വിപണികൾക്കും പിന്തുണ നൽകിയേക്കാം.
അമേരിക്കൻ പിഎംഐ ഡേറ്റ നാളെ
കഴിഞ്ഞ മാസത്തിൽ അമേരിക്കൻ വിപണിക്ക് മാന്ദ്യഭയം സമ്മാനിച്ച മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ നാളെയും, നോൺ ഫാം പേറോൾ കണക്കുകൾ വെള്ളിയാഴ്ചയും വരാനിരിക്കുന്നതും അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും സമ്മർദ്ദം നൽകിയേക്കാം. ഫെഡ് പ്രസംഗികരും ഈയാഴ്ചയിൽ വിപണിയെ സ്വാധീനിക്കും.
ഐപിഓ
താനെ ആസ്ഥാനമായ പ്രെസിഷൻ ഘടക നിർമാതാക്കളായ ഗാല പ്രെസിഷൻ എഞ്ചിനിയറിങ്ങിന്റെ ഇന്ന് ആരംഭിച്ച ഐപിഓ ബുധനാഴ്ച അവസാനിക്കും. ഐപിഓ വില 503-529 രൂപയാണ്.
രേഖ ജുൻജുൻവാലയുടെ പിന്തുണയോടെ എത്തിയ ബാസാർ റീറ്റെയ്ൽ ലിമിറ്റഡിന്റെ ഐപിഓ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. കൊൽക്കത്ത ആസ്ഥാനമായ കമ്പനി 370-389 രൂപ നിരക്കിൽ 834 കോടി രൂപയാണ് ഐപിഓയിലൂടെ സമാഹരിക്കുന്നത്.
ഓഹരി വിഭജനം
പെപ്സിയുടെ ഇന്ത്യൻ ഫ്രാഞ്ചൈസി ഉടമകളായ വരുൺ ബീവറേജിന്റ്റെ ഓഹരി 2:5 അനുപാതത്തിൽ വിഭജിക്കുന്നതിന്റെ റെക്കോർഡ് തീയതി സെപ്റ്റംബർ 12 വ്യാഴാഴ്ചയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക