ഓഹരിക്ക് അമേരിക്കൻ ആഘാതം; എണ്ണയും സ്വർണവും നഷ്ടത്തിൽ, ഇനി ശ്രദ്ധ തൊഴിൽക്കണക്കിലേക്ക്
Mail This Article
അമേരിക്കൻ ഓഹരി വിപണികളുടെ വീഴ്ചയിൽ നിന്നേറ്റ ആഘാതത്തിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി, പിന്നീട് തിരിച്ചുകയരി നഷ്ടത്തിന്റെ വ്യാപ്തി കുറച്ചു. ആരംഭവീഴ്ചയിൽ 25,080 പോയിന്റിലെ പിന്തുണ ലഭ്യമായ നിഫ്റ്റി തിരിച്ചുകയറി 25,198ൽ വ്യാപാരം അവസാനിപ്പിച്ചു. ഫാർമ, റിയൽറ്റി എഫ്എംസിജി, ഡിഫൻസ്, പെയിന്റ്, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഐടിക്കൊപ്പം ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റൽ സെക്ടറുകൾ വീണു.
എണ്ണ വില തെന്നുന്നു
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണത് ഇന്ന് എണ്ണ ഉത്പാദകരായ ഒഎൻജിസിക്കും ഓയിൽ ഇന്ത്യക്കും ഗെയിലിനും തിരുത്തൽ നൽകിയപ്പോൾ എണ്ണ വിപണന ഓഹരികൾക്കൊപ്പം പെയിന്റ്, ടയർ മുതലായ സെക്ടറുകൾക്ക് മുന്നേറ്റം നൽകി.
പ്രതിരോധത്തിന് 1.45 ലക്ഷം കോടി
ഇന്നലെ കേന്ദ്രപ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കമ്മിറ്റി 1.45 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉത്പന്നങ്ങളുടെ ശേഖരണത്തിന് അനുമതി നൽകിയത് ഇന്ന് ഡിഫൻസ് ഓഹരികൾക്കും മുന്നേറ്റം നൽകി. കോസ്റ്റ് ഗാർഡിനായി വേഗം കൂടിയ അത്യാധുനിക യാനങ്ങൾക്കായി തുക വകയിരുത്തിയത് കപ്പൽ നിർമാണ ഓഹരികൾക്കും ആവേശമായി. മാസഗോൺ ഡോക്ക് ഇന്ന് 7 ശതമാനത്തിലധികം ഉയർന്നു.
റിലയൻസ് ബോണസ് പ്രഖ്യാപനം നാളെ
റിലയൻസ് ഇൻഡസ്ട്രീസിന്റെ 1:1 ബോണസ് ഇഷ്യു പരിഗണിക്കുന്നതിനായി ബോർഡ് ഓഫ് ഡയറക്ടേഴ്സ് നാളെ യോഗം ചേരുന്നത് ഇന്ത്യൻ വിപണിക്ക് തന്നെ പ്രധാനമാണ്. റിലയൻസിന്റെ ചരിത്രത്തിൽ ഇതുവരെ ആകെ അഞ്ച് തവണയാണ് ബോണസ് ഓഹരികൾ നൽകിയിട്ടുള്ളത്. 1970ൽ ആരംഭിച്ച കമ്പനി 1980, 1983, 1997, 2009, 2017 വർഷങ്ങളിലാണ് ഇതിന് മുൻപ് ബോണസ് നൽകിയത്. ഇതിൽ ആദ്യ രണ്ട് തവണകളൊഴികെ മറ്റ് അവസരങ്ങളിലെല്ലാം 1:1 അനുപാതത്തിലായിരുന്നു ബോണസ്.
നിരാശപ്പെടുത്തി അമേരിക്കൻ പിഎംഐ
വിപണി ഭയന്നത് പോലെ തന്നെ അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ അനുമാനത്തിനൊപ്പം എത്താതിരുന്നതും പിഎംഐ വിലകളിൽ മുന്നേറ്റം കാണിച്ചതും എൻവിഡിയ അന്വേഷണത്തിൽ കുടുങ്ങിയതും ഇന്നലെ അമേരിക്കൻ വിപണിക്ക് തിരുത്തൽ നൽകി. എൻവിഡിയ 12% വരെ വീണ ഇന്നലെ നാസ്ഡാക്ക് 3.26% വീണപ്പോൾ, എസ്&പിയും ഡൗ ജോൺസും യഥാക്രമം 2.12%, 1.51% നഷ്ടവും കുറിച്ചു.
അന്വേഷണത്തിൽ കുടുങ്ങി എൻവിഡിയ
എൻവിഡിയ അടക്കമുള്ള ചിപ്പ് കമ്പനികൾ നിയമ ലംഘന അന്വേഷണം നേരിടുന്നു എന്ന റിപ്പോർട്ടാണ് ഇന്നലത്തെ അമേരിക്കൻ വിപണിയുടെ തകർച്ചയ്ക്ക് കളമൊരുക്കിയത്. എഐ ഭീമന്റെ ‘ആന്റി ട്രസ്റ്റ്’ ഉപജാപങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണത്തിനായി അമേരിക്കയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് നോട്ടീസ് നൽകിയെന്ന വാർത്തയാണ് ഇന്നലെ എൻവിഡിയക്കും ചിപ്പ്-ടെക്ക് ഓഹരികൾക്കും അമേരിക്കൻ വിപണിക്കും വൻതിരുത്തൽ നൽകിയത്.
ഇനി നോൺഫാം പേ റോൾ ഡേറ്റ
ഇനി അമേരിക്കൻ വിപണിയുടെ ശ്രദ്ധ വെള്ളിയാഴ്ച വരാനിരിക്കുന്ന ഓഗസ്റ്റിലെ നോൺഫാം പേറോൾ കണക്കുകളിലാണ്. ജൂലൈയിൽ അമേരിക്കൻ തൊഴിൽ ലഭ്യതയിലുണ്ടായ വീഴ്ച ഓഗസ്റ്റിലും ആവർത്തിക്കുമോ എന്ന ഭയത്തിലാണ് വിപണി.
ക്രൂഡ് ഓയിൽ
അമേരിക്കൻ പിഎംഐ ഡേറ്റ വീണ്ടും മോശമായതും ലിബിയൻ എണ്ണ കയറ്റുമതിയിൽ തീരുമാനമാകുമെന്ന വാർത്തയുമാണ് ഇന്നലെ ക്രൂഡ് ഓയിലിന് വീണ്ടും വീഴ്ച നൽകിയത്. ഇന്നലെ 73 ഡോളറിലേക്ക് വീണ ബ്രെന്റ് ക്രൂഡ് ഓയിൽ ഇന്ന് ഏഷ്യൻ വിപണി സമയത്ത് മുന്നേറ്റം നേടി തിരിച്ച് 74 ഡോളറിന് മുകളിലെത്തി.
സ്വർണം
സാമ്പത്തിക മാന്ദ്യ സൂചനയിൽ രാജ്യാന്തര സ്വർണ വിലയും ബോണ്ട് യീൽഡും ഒരുമിച്ച് ഇന്ന് തിരുത്തൽ നേരിട്ടു. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് അര ശതമാനം വീണ് 3.81 ശതമാനത്തിലേക്ക് ഇറങ്ങിയപ്പോൾ രാജ്യാന്തര സ്വർണ വില 2,502 ഡോളർ വരെ ഇറങ്ങിയ ശേഷം 2,518 ഡോളറിലാണ് വ്യാപാരം തുടരുന്നത്.