ബാങ്കിങ് പിന്തുണയിൽ ഇന്ന് നേട്ടത്തിലവസാനിച്ച് ഇന്ത്യൻ വിപണി

Mail This Article
വീഴ്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി ബാങ്കുകളുടെ പിന്തുണയിൽ തിരിച്ചു കയറി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 24800 പോയിന്റിലെ പിന്തുണ ആദ്യമണിക്കൂറിൽ തന്നെ നഷ്ടമായ നിഫ്റ്റി തിരിച്ചു കയറി 25000 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 358 പോയിന്റുകൾ മുന്നേറി 81559 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ബാങ്കിങ് സെക്ടറിന്റെയും, എഫ്എംസിജിയുടെയും ശക്തമായ തിരിച്ചു വരവാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് മികച്ച ക്ളോസിങ് നൽകിയത്. ഹിന്ദുസ്ഥാൻ യൂണി ലിവറിന്റെയും, ഐടിസിയുടെയും പിൻബലത്തിൽ എഫ്എംസിജി സെക്ടർ 2% മുന്നേറിയപ്പോൾ, ബാങ്ക് നിഫ്റ്റി 1.07%വും, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് 0.8% നേട്ടവുമുണ്ടാക്കി. വെള്ളിയാഴ്ച ഒന്നര ശതമാനം നഷ്ടമാക്കിയ ഐടി സെക്ടർ ഇന്ന് വീണ്ടും ഒരു ശതമാനം വരെ വീണു.
ഇന്ന് 2%ൽ കൂടുതൽ നേട്ടമുണ്ടാക്കിയ ഐസിഐസിഐ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിങ് സെക്ടർ 1.1% മുന്നേറി 51117ലാണ് ഇന്ന് ക്ളോസ് ചെയ്തത്. ഗോൾഡ്മാൻ സാക്‌സ് 742 രൂപ ലക്‌ഷ്യം പറഞ്ഞ എസ്ബിഐ ഇന്ന് 771 രൂപ വരെ ഇറങ്ങിയ ശേഷം തിരിച്ചു കയറിയതും എച്ച്ഡിഎഫ്സി ബാങ്കും, ആക്സിസ് ബാങ്കും, ഇൻഡസ് ഇന്‍ഡ് ബാങ്കും മികച്ച പിന്തുണ നൽകിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. നുവാമ എസ്ബിഐ, ഐസിസിഐ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയിൽ വാങ്ങൽ നിർദ്ദേശിച്ചിരുന്നു.
ജിഎസ്ടി കൗൺസിൽ യോഗം
കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടക്കുന്ന 54മത് ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീരുമാനങ്ങളും വിപണിക്ക് വളരെ പ്രധാനമാണ്. ഇൻഷുറൻസ് മേഖലയിലടക്കം പല സെക്ടറുകളിലെയും ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്നതടക്കമുള്ള വിഷയങ്ങളിന്മേൽ ജിഎസ്ടി കൗൺസിൽ തഹീരുമാനമെടുക്കും.
സുസ്‌ലോൺ
എൻടിപിസി ഗ്രീൻ എനർജിയിൽ നിന്നും 1166 മെഗാവാട്ടിന്റെ കൂറ്റൻ ഓർഡർ ലഭിച്ചത് സുസ്‌ലോണിന് ഇന്ന് മുന്നേറ്റം നൽകി. മൂന്ന് മെഗാവാട്ടിൽ കൂടുതൽ വൈദ്യുതി ഉല്പാദനശേഷിയുള്ള 370 കാറ്റാടിയന്ത്രങ്ങളാകും സുസ്‌ലോൺ എൻടിപിസി ഗ്രീൻ എനെർജിക്ക് നൽകുക.
മാസഗോൺ ഡോക്സ്
ഓഎൻജിസിയിൽ നിന്നും മാസഗോൺ ഡോക്സിന് 1486 കോടി രൂപയുടെ പൈപ്‌ലൈൻ പ്രോജെക്ട് ലഭ്യമായെങ്കിലും ഓഹരി ഇന്ന് മുന്നേറിയില്ല.
പ്രൊജക്റ്റ്-75 ഇന്ത്യ എന്ന 1997ൽ വിഭാവനം ചെയ്ത അന്തർവാഹിനി പദ്ധതി മാസഗോൺ ഡോക്കിന് വലിയ പ്രതീക്ഷയാണ്. പ്രോജക്ട്75 കരാറിനായി മുൻപന്തിയിലുള്ള ജർമനിയുടെ തൈസൻക്രപ്പിന്റെ ഇന്ത്യൻ പങ്കാളി കൂടിയാണ് മാസഗോൺ ഡോക്സ്.
അമേരിക്കൻ പണപ്പെരുപ്പം ബുധനാഴ്ച
അനുമാനങ്ങൾക്കൊപ്പമെത്താതെ പോയ ഓഗസ്റ്റിലെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയുടെയും, നോൺഫാം പേറോൾ കണക്കുകളും സാമ്പത്തികമാന്ദ്യഭീഷണി ശക്തിപ്പെടുത്തിയത് കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും വീഴ്ച നൽകി. ഇന്ന് മുതൽ വന്ന് തുടങ്ങിയ ഓഗസ്റ്റിലെ പണപ്പെരുപ്പക്കണക്കുകളാകും ഈയാഴ്ച ലോക വിപണിയുടെ ഗതി നിർണയിക്കുക.
അടുത്ത ആഴ്ചയിൽ നടക്കാനിരിക്കുന്ന അമേരിക്കൻ ഫെഡ് റിസേർവിന്റെ യോഗതീരുമാനങ്ങളെക്കുറിച്ചുള്ള അനുകൂല ‘ഊഹങ്ങളും’ അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയുടെയും മുന്നേറ്റത്തിന് ഘടകമാകും. വ്യാഴാഴ്ച യൂറോപ്യൻ കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് 4.25%ൽ നിന്നും 4 ശതമാനത്തിലേക്ക് നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും വിപണിക്ക് അനുകൂലമാണ്.
ചൈനീസ് പണപ്പെരുപ്പം
ഇന്ന് വന്ന ചൈനയുടെ പണപ്പെരുപ്പം കുറഞ്ഞതും അമേരിക്കൻ പണപ്പെരുപ്പം കുറഞ്ഞേക്കാമെന്നത് അമേരിക്കൻ വിപണിക്കും പ്രതീക്ഷയാണ്. ഓഗസ്റ്റിൽ 7% വളർച്ച നേടിയേക്കാമെന്ന പ്രതീക്ഷിച്ച ചൈനീസ് സിപിഐ 0.6% മാത്രമാണ് വളർച്ച കുറിച്ചത്.
ക്രൂഡ് ഓയിൽ
ബ്രെന്റ് ക്രൂഡ് ഓയിൽ 71 ഡോളർ നിരക്കിലാണ് വ്യാപാരം തുടരുന്നത്. ബുധനാഴ്ച വരുന്ന ഒപെകിന്റെ മാസറിപ്പോർട്ടും, അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളും ക്രൂഡ് ഓയിലിനും നിർണായകമാണ്.
സ്വർണം
കഴിഞ്ഞ ആഴ്ചയിൽ തകർച്ച നേരിട്ട അമേരിക്കൻ ബോണ്ട് യീൽഡ് ഇന്ന് ഏഷ്യൻ വിപണി സമയത്ത് 1%ൽ കൂടുതൽ മുന്നേറിയത് സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. രാജ്യാന്തര സ്വർണവില 2525 ഡോളറിൽ തന്നെ തുടരുന്നു.
ഐപിഓ
ബജാജ് ഹൗസിങ്, ക്രോസ്സ് ലിമിറ്റഡ്, ടോളിൻസ് ടയേഴ്‌സ് എന്നിവയുടെ ഇന്നാരംഭിച്ച ഐപിഓകൾ ബുധനാഴ്ച അവസാനിക്കും.
ബോണസ്, ഡിവിഡൻഡ്
വേദാന്തയുടെ 20 രൂപയുടെ മൂന്നാം ഇടക്കാല ലാഭവിഹിതത്തിന്റെ റെക്കോർഡ് തീയതി നാളെയാണ്(10.09.2024). നേരത്തെ കമ്പനി 11 രൂപയും, നാല് രൂപയും വീതം ഒന്നും, രണ്ടും ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചിരുന്നു.
എംഎസ്ടിസി ലിമിറ്റഡ്, മണാലി പെട്രോ, സിർമ എസ്ജിഎസ് ടെക്‌നോളജി, നാഷണൽ പ്ലാസ്റ്റിക്സ് ടെക്‌നോളജി എന്നിവയുടെയും ലാഭവിഹിതത്തിനായുള്ള റെക്കോർഡ് തീയതികൾ നാളെയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക