ചെറുകിട നിക്ഷേപകർക്കാശ്വാസം, മിക്ക മേഖലകളും മുന്നേറി, വിപണി നേട്ടത്തിലവസാനിച്ചു
Mail This Article
രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും മുന്നേറി പോസിറ്റീവ് ക്ളോസിങ് നടത്തി. 25,000 പോയിന്റിനടുത്ത് വ്യാപാരം ആരംഭിച്ച നിഫ്റ്റി 24896 പോയിന്റിൽ പിന്തുണ നേടി 2513 പോയിന്റ് വരെ മുന്നേറിയ ശേഷം 104 പോയിന്റ് നേട്ടത്തിൽ 25041 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 361 പോയിന്റുകൾ മുന്നേറി സെൻസെക്സ് 82,000 പോയിന്റിന് തൊട്ട് താഴെയും ക്ളോസ് ചെയ്തു.
ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ പതുങ്ങി നിന്നപ്പോൾ ഐടി സെക്ടർ ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചു. ഐടി 1.73% മുന്നേറിയപ്പോൾ, ഫാർമ, റിയൽറ്റി, ഇൻഫ്രാ സെക്ടറുകളും 1% നേട്ടമുണ്ടാക്കി. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ഓരോ ശതമാനത്തിൽ കൂടുതൽ മുന്നേറിയത് റീറ്റെയ്ൽ നിക്ഷേപകർക്ക് അനുകൂലമായി.
ക്യാൻസർ പ്രതിരോധ മരുന്നുകൾക്ക് ജിഎസ്ടിയിൽ ഇളവ് പ്രഖ്യാപിച്ചത് ഇന്ന് ഫാർമ സെക്ടറിനും, പലഹാരങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചത് പലഹാര ഓഹരികൾക്കും മുന്നേറ്റം നൽകി. ക്യാൻസർ മരുന്നുകളുടെ നികുതി 12%ൽ നിന്നും 5%ലേക്ക് കുറച്ചപ്പോൾ, പലഹാരണങ്ങളുടെ ജിഎസ്ടി 18%ൽ നിന്നും 12%ലേക്കും താഴ്ത്തി.
കാറുകളുടെയും, ബൈക്കുകളുടെയും സീറ്റുകളുടെ ജിഎസ്ടി 28% ആയി ഏകീകരിച്ചു. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് ജിഎസ്ടി ഇളവിൽ തീരുമാനമെടുക്കാനായി മന്ത്രിതല സമിതിയെയും നിയോഗിച്ചു. അടുത്ത ജിഎസ്ടി കൗൺസിൽ യോഗം നവംബറിലാണ്.
മികച്ച ബാങ്കിങ് ലക്ഷ്യങ്ങൾ
സിഎൽഎസ്എ ഐസിഐസിഐ ബാങ്കിന് 1500 രൂപ ലക്‌ഷ്യം പ്രഖ്യാപിച്ചപ്പോൾ ജെഫെറീസ് ആക്സിസ് ബാങ്കിനും 1500 രൂപ ലക്‌ഷ്യം കാണുന്നത് ബാങ്ക് നിഫ്റ്റിക്കും, നിഫ്റ്റിക്കും പ്രതീക്ഷയാണ്. ആക്സിസ് ബാങ്ക് ഇന്ന് ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറി.
പറന്ന് മദ്യം
ഇന്ത്യൻ മദ്യബ്രാൻഡുകളുടെ ഉയരുന്ന ആഗോള സ്വീകാര്യത മുൻനിർത്തി ഒരു ബില്യൺ യുഎസ് ഡോളറിന്റെ മദ്യം കയറ്റുമതി ലക്ഷ്യമിടുന്നു എന്ന വാണിജ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം ഇന്ന് ആൽക്കഹോൾ ഓഹരികൾക്ക് മുന്നറ്റം നൽകി. നേരത്തെ ജിഎസ്ടി കൗൺസിൽ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ നികുതി കുറച്ചതും ആൽക്കഹോൾ കമ്പനികൾക്ക് അനുകൂലമാണ്.
ലോക്ക്ഹീഡ് മാർട്ടിൻ- ടാറ്റ
ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസുമായി ചേർന്ന് അമേരിക്കയുടെ ലോക്ക് ഹീഡ് മാർട്ടിന്റെ സൂപ്പർ ഹെർക്കുലീസ് ശ്രേണിയിലുള്ള ഭീമൻ ചരക്ക് വിമാനങ്ങളുടെ അറ്റകുറ്റപണികളും, നിർമാണവും ഇന്ത്യയിൽ വെച്ച് നടത്താൻ തീരുമാനമായത് ഇന്ത്യൻ ഡിഫൻസ് മേഖലക്ക് അനുകൂലമാണ്.
ഫെഡ് യോഗം അടുത്ത ആഴ്ച
നാളെ വരാനിരിക്കുന്ന ഓഗസ്റ്റിലെ അമേരിക്കൻ പണപ്പെരുപ്പം വീണ്ടും ക്രമപ്പെട്ടിട്ടുണ്ടാകാമെന്ന പ്രത്യാശ ഇന്നലെ അമേരിക്കൻ വിപണിയെ തിരിച്ചുവരവിന് സഹായിച്ചു. തകർച്ചക്ക് ശേഷം എൻവിഡിയയുടെ തിരിച്ചു വരവും ഇന്നലെ അമേരിക്കൻ വിപണിയെ സഹായിച്ചു. കൊറിയ ഒഴികെ മറ്റെല്ലാ ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിൽ തുടരുമ്പോൾ യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരമാണ് തുടരുന്നത്.
ആപ്പിളിന്റെ ഐഫോൺ 16 അവതരണവും മികച്ച സിപിഐ പ്രതീക്ഷയും ഇന്നും അമേരിക്കൻ വിപണിക്ക് പിന്തുണ നൽകിയേക്കാം. ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും ഇന്ന് അമേരിക്കൻ വിപണിയെ സ്വാധീനിച്ചേക്കാം.
സ്വർണം
അമേരിക്കൻ പണപ്പെരുപ്പം ക്രമപ്പെടുമെന്ന പ്രതീക്ഷയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറി നിന്നത് ഇന്ന് ഏഷ്യൻ വിപണി സമയത്ത് സ്വർണത്തിന് പിന്തുണ നൽകി. രാജ്യാന്തര സ്വർണവില 2535 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ഐപിഓ
ബജാജ് ഹൗസിങ്, ക്രോസ്സ് ലിമിറ്റഡ്, ടോളിൻസ് ടയേഴ്‌സ് എന്നിവയുടെ ഐപിഓകൾ നാളെ സമാപിക്കും.
ബോണസ്, ഡിവിഡന്റ്
ജനറൽ ഇൻഷുറൻസ്, ഫിനോലക്സ് ഇൻഡസ്ട്രീസ്, ടിവി ടുഡേ, എസ്എൻഎൽ ബെയറിങ്‌സ്, ഉത്തം ഷുഗർ, പോണ്ടി ഓക്സൈഡ്സ്, എജിഐ ഗ്രീൻപാക്ക് മുതലായ കമ്പനികളുടെ ഇടക്കാല ലാഭവിഹിതത്തിനായുള്ള റെക്കോർഡ് തീയതി നാളെയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക