ഫെഡ് നിരക്കും ഇന്ത്യൻ വിപണിയും തമ്മിലെന്ത്? ആകാംക്ഷയോടെ നിക്ഷേപകർ
Mail This Article
രാജ്യാന്തര വിപണിയ്ക്കൊപ്പം പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ഫെഡ് പ്രതീക്ഷയിൽ മുന്നേറിയ അമേരിക്കൻ ഫ്യൂച്ചറുകളുടെയും, യൂറോപ്യൻ വിപണികളുടെയും പിന്തുണയിൽ നേട്ടത്തോടെ ക്ളോസ് ചെയ്തു. 25,416 പോയിന്റിൽ വ്യാപാരം ആരംഭിച്ച ശേഷം റേഞ്ച് ബൗണ്ട് ആയി തുടർന്ന നിഫ്റ്റി റെക്കോർഡ് ഉയരത്തിന് തൊട്ടടുത്ത് എത്തിയ ശേഷം 25418 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 90 പോയിന്റുകൾ മുന്നേറി 83078 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
നിഫ്റ്റി നഷ്ടമൊഴിവാക്കിയ ഇന്ന് നിഫ്റ്റി നെക്സ്റ്റ്-50, നിഫ്റ്റി മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ നഷ്ടം കുറിച്ചു. ഐടി ഫ്ലാറ്റ് ക്ളോസിങ് നേടിയപ്പോൾ മെറ്റൽ, പൊതുമേഖല ബാങ്കുകൾ, ഫാർമ മുതലായ സെക്ടറുകൾ നഷ്ടം കുറിച്ചു.
ഓഗസ്റ്റിൽ ഇന്ത്യയുടെ മൊത്തവിലക്കയറ്റം 1.31% ആയിക്കുറഞ്ഞത് ആർബിഐയെയും റീപോ നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിക്കും. ജൂലൈ മാസത്തിൽ 2.04% ആയിരുന്ന ഇന്ത്യയുടെ മൊത്തവിലക്കയറ്റം 1.80% ആയി കുറയുമെന്നായിരുന്നു അനുമാനം.
ഓഗസ്റ്റിൽ ഇന്ത്യയുടെ ഭക്ഷ്യവിലക്കയറ്റം 3.11% ആയി കുറഞ്ഞപ്പോൾ ഊർജ്ജ വിലക്കയറ്റം -0.67% ആയും കുറഞ്ഞു.
ഫെഡ് നിരക്കും ഇന്ത്യൻ ഐടിയും
ഇന്നാരംഭിക്കുന്ന അമേരിക്കൻ ഫെഡ് റിസർവ് യോഗം വിപണി പ്രതീക്ഷിക്കുന്നത് പോലെ ഫെഡ് നിരക്ക് 50 ബേസിസ് പോയിന്റുകൾ കുറച്ചാൽ നാസ്ഡാകിനൊപ്പം ഇന്ത്യൻ ഐടി സെക്ടറും വൻ കുതിപ്പ് നടത്തിയേക്കും. 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നത് വിപണി ഉൾക്കൊണ്ട് കഴിഞ്ഞതിനാൽ നാസ്ഡാക്കും ആദ്യ കുതിപ്പിന് ശേഷം ലാഭമെടുക്കലിൽ പെട്ടേക്കാം. ഇത് ഇന്ത്യൻ ഐടി സെക്ടറിനെ സ്വാധീനിക്കും.
ഫെഡ് നിരക്ക് കുറയ്ക്കലിന്റെ പിന്തുണയിൽ നിന്നും ഐടി സെക്ടർ രണ്ടാം പാദഫലങ്ങൾക്ക് മുന്നോടിയായുള്ള വാങ്ങലിലേക്ക് നീങ്ങിയേക്കാവുന്നതും ശ്രദ്ധിക്കുക.
ക്രൂഡ് ഓയിൽ ഓഹരികൾ
ഫെഡ് റിസർവ് നിരക്ക് കുറയ്ക്കുന്നത് ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകും.ഇത് ഇന്ത്യൻ ക്രൂഡ് ഓയിൽ ഉത്പാദക ഓഹരികൾക്കും മുന്നേറ്റം നൽകിയേക്കാം. ഓഎൻജിസി, ഓയിൽ ഇന്ത്യ, ഗെയിൽ എന്നിവ ശ്രദ്ധിക്കുക.
ക്രൂഡ് ഓയിൽ മുന്നേറ്റം പെയിന്റ്, ടയർ ഓഹരികൾക്ക് ക്ഷീണമാണ്.
ഫെഡ് നിരക്ക് @ 5.25%
ഫെഡ് റിസർവ് 50 ബേസിസ് പോയിന്റുകൾ അഥവാ അര ശതമാനം നിരക്ക് കുറയ്ക്കാമെന്നതാണ് ജെപി മോർഗൻ പ്രതീക്ഷിക്കുന്നത്. ഇന്ന് ഫെഡ് യോഗം ആരംഭിക്കാനിരിക്കെ യൂറോപ്യൻ വിപണികളും അമേരിക്കൻ ഫ്യൂച്ചറുകളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്നലെ നഷ്ടത്തിൽ ആരംഭിച്ച അമേരിക്കൻ വിപണി തിരിച്ചു വരവ് നടത്തിയെങ്കിലും നാസ്ഡാക് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ജപ്പാൻ ബാങ്ക് പലിശ നിരക്കുയർത്തുമെന്ന സൂചനയിൽ ജാപ്പനീസ് വിപണി ഇന്നും 1% നഷ്ടം കുറിച്ചു.
നാളെ ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് 5.25%ൽ നിന്നും എത്ര കുറക്കുമെന്നതിനെയും ഫെഡ് ചെയർമാന്റെ പ്രസ്താവനകളെയും ആശ്രയിച്ചാണ് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയും സഞ്ചരിക്കുക. 50 ബേസിസ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് പകരം 25 ബേസിസ് പോയിന്റിൽ കുറഞ്ഞ നിരക്കാണെങ്കിൽ വിപണി തിരുത്തലിനും വഴി വച്ചേക്കാം.
ജെഫറീസ് ആശങ്കയിൽ
ഫെഡ് നിരക്ക് കുറയ്ക്കുന്നത് അമേരിക്കൻ വിപണിക്ക് അനുകൂലമാണെങ്കിലും നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ മത്സരം കടുത്തേക്കാമെന്നതും, യുക്രെയ്നിലേയും, മിഡിൽ ഈസ്റ്റിലെയും സംഘർഷങ്ങളും ഈ കാലത്ത് കടുത്തേക്കാമെന്നതും വിപണിക്ക് പ്രശ്നകാരണമായേക്കാമെന്ന് ജഫറീസ് മുന്നറിയിപ്പ് നൽകി.
അമേരിക്കൻ തിരഞ്ഞെടുപ്പ് കാലത്ത് പുതിയ യുദ്ധമുഖം കൂടി തുറക്കപ്പെട്ടേക്കാമെന്ന സൂചനയും ഉണ്ട്.
ക്രൂഡ് ഓയിൽ
ഇന്ന് ഏഷ്യൻ വിപണി സമയത്ത് 73 ഡോളർ കടന്ന് മുന്നേറ്റം നേടിയ ബ്രെന്റ് ക്രൂഡ് ഓയിൽ തിരികെയിറങ്ങി നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. നാളെ വരുന്ന ഫെഡ് തീരുമാനങ്ങളും, അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളുമാകും ഇനി ബ്രെന്റ് ക്രൂഡ് ഓയിൽ വില നിയന്ത്രിക്കുക.
സ്വർണം
ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ മുന്നേറി വന്ന രാജ്യാന്തര സ്വർണവില വീണ്ടും 2600 ഡോളറിൽ താഴെയാണ് വ്യാപാരം തുടരുന്നത്. ഫെഡ് നിരക്ക് ഡോളറിന് നൽകുന്ന തിരുത്തൽ സ്വർണത്തിന്റെ മുന്നേറ്റത്തിന് വഴി വയ്ക്കുമെന്ന സാധ്യതയിൽ ബാങ്ക് ഓഫ് അമേരിക്ക സ്വർണത്തിന് 3000 ഡോളറാണ് വില കാണുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക