ADVERTISEMENT

പണമെറിഞ്ഞ് പണം വാരാന്‍ പ്രത്യേക പാടവം തന്നെ വേണം. പ്രത്യേകിച്ചും സ്റ്റാര്‍ട്ടപ്പുകളുടെ തുടക്കത്തില്‍ നിക്ഷേപം നടത്തുകയെന്നത് വലിയ റിസ്‌ക്കായി കരുതുന്നവരാണ് പലരും. എന്നാല്‍ തന്റെ കരിയര്‍ തന്നെ ഇതാക്കി മാറ്റി ശതകോടീശ്വരനായി തീര്‍ന്ന സംരംഭകനാണ് ചെയ്‌സ് കോള്‍മാന്‍ മൂന്നാമന്‍.

ഈ പേര് നമുക്കത്ര പരിചിതമുണ്ടാകില്ലെങ്കിലും അദ്ദേഹത്തിന്റെ കമ്പനി സ്റ്റാര്‍ട്ടപ്പ് ലോകത്തും ബിസിനസ് ലോകത്തും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്. ലോകത്തിലെ ഏറ്റവും വിജയിച്ച യൂണികോണ്‍ നിക്ഷേപകരാണ് കോള്‍മാന്റെ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്. ഹുറണ്‍ പുറത്തുവിട്ട യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് വിലയിരുത്തുന്നതനുസരിച്ച് മൊത്തം 205 യൂണികോണുകളിലാണ് ലോകത്താകമാനം ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് നിക്ഷേപം നടത്തിയിരിക്കുന്നത്.

210979942

അതിവേഗത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ അഥവാ 7,500 കോടി രൂപ മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് യൂണികോണുകള്‍ എന്ന് പറയുന്നത്. അപ്പോള്‍ ഈ സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണുകളായി മാറുന്നതിനും എത്രയോ മുമ്പ് അവരെ സാമ്പത്തികമായി ഓരോഘട്ടത്തിലും പിന്തുണച്ച് ഒരു ബില്യണ്‍ ഡോളര്‍ പിന്നിടുന്ന ഘട്ടത്തിലേക്ക് വളര്‍ത്തുന്നതില്‍ ടൈഗര്‍ ഗ്ലോബല്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് സാരം.

ബിസിനസ് കുടുംബത്തില്‍ ജനനം

അമേരിക്കയിലെ ഒരു ബിസിനസ് കുടുംബത്തില്‍ ജനിച്ച ചെയ്‌സ് കോള്‍മാന്‍ ഫിലാന്ത്രോപിസ്റ്റും ഹെഡ്ജ് ഫണ്ട് ഇതിഹാസവുമായിരുന്ന ജൂലിയന്‍ റോബര്‍ട്‌സണിനൊപ്പമാണ് കരിയര്‍ ആരംഭിച്ചത്. റോബര്‍ട്‌സണിന്റെ സ്ഥാപനത്തിന്റെ പേര് ടൈഗര്‍ മാനേജ്‌മെന്റെന്നായിരുന്നു. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടവനായാണ് കോള്‍മാന്‍ വളര്‍ന്നത്. 2000ത്തില്‍ റോബര്‍ട്‌സണ്‍ 25 മില്യണ്‍ ഡോളര്‍ കോള്‍മാന് നല്‍കി ഫണ്ട് മാനേജ് ചെയ്യാന്‍ പറഞ്ഞു. റോബര്‍ട്‌സണിന്റെ 30ഓളം 'ടൈഗര്‍ കബ്ബു'കളില്‍ ഒരാളായിരുന്നു കോള്‍മാന്‍. ടൈഗര്‍ മാനേജ്‌മെന്റില്‍ ജോലി ചെയ്ത് പിന്നീട് സ്വന്തമായി ഹെഡ്ജ് ഫണ്ട് സംരംഭങ്ങള്‍ ആരംഭിച്ചവരെ വ്യാവസായിക ലോകത്ത് വിളിക്കുന്ന പേരാണ് ടൈഗര്‍ കബ്ബുകള്‍. അങ്ങനെയാണ് ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് എന്ന സംരംഭം കോള്‍മാന്റെ ഉടമസ്ഥതയില്‍ ജനിക്കുന്നത്. 

വളര്‍ച്ചാസാധ്യതയുള്ള കമ്പനികളിൽ നിക്ഷേപം നടത്തുകയാണ് കോള്‍മാന്റെ തന്ത്രം. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഫ്‌ളിപ്കാര്‍ട്ടും ഫേസ്ബുക്കുമുണ്ട്. 

ഫേസ്ബുക്കിനെ വരെ പിന്തുണച്ചവര്‍

ഇന്ന് സാമൂഹ്യമാധ്യമ വിപണി നയിക്കുന്ന ഫേസ്ബുക്കിലെയും പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിലെയും എല്ലാം ആദ്യകാല നിക്ഷേപകരായിരുന്നു കോള്‍മാന്റെ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്. ഐപിഒ (പ്രഥമ ഓഹരി വില്‍പ്പന)ക്ക് മുമ്പ് പല കമ്പനികളിലും നിക്ഷേപം നടത്തി അവയുടെ മൂല്യം വലിയ തോതില്‍ വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്. വളര്‍ച്ചാസാധ്യതയുള്ള കമ്പനികളിലെല്ലാം നിക്ഷേപം നടത്തുകയെന്നതായിരുന്നു കോള്‍മാന്റെ തന്ത്രം. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഫ്‌ളിപ്കാര്‍ട്ടും ഫേസ്ബുക്കുമെല്ലാം ഉണ്ട്. 

കോള്‍മാന്‍ ഹെഡ്ജ് ഫണ്ട് ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷം, 2003ലാണ് കമ്പനിയുടെ സ്വകാര്യ നിക്ഷേപ വിഭാഗത്തിന് തുടക്കമാകുന്നത്. പറ്റിയ കൂട്ടാളിയെയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്, സ്‌കോട്ട് ഷ്‌ളെയ്ഫര്‍. ബ്ലാക്ക്‌സ്റ്റോണില്‍ അനലിസ്റ്റായിരുന്ന സ്‌കോട്ട് ഷ്‌ളെയ്ഫറാണ് ടൈഗറിനെ സ്വകാര്യ ഓഹരി നിക്ഷേപരംഗത്തെ ഭീമാനാക്കി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ചൈനയിലെ പ്രശസ്ത സ്റ്റാര്‍ട്ടപ്പുകളായിരുന്ന ദിദി ചക്‌സിങ്ങിലും, ജെഡിഡോട്‌കോമിലുമെല്ലാം ടൈഗര്‍ നിക്ഷേപമിറക്കയിത് അദ്ദേഹത്തിന്റെ മിടുക്കിലായിരുന്നു. 

ഫ്‌ളിപ്കാര്‍ട്ടിനെ കാത്ത ടൈഗര്‍

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ പോസ്റ്റര്‍ബോയ് ആണ് ഫിളിപ്കാര്‍ട്ട്. എന്നാല്‍ ഇ-കൊമേഴ്‌സില്‍ വിപ്ലവം തീര്‍ത്ത ഫ്‌ളിപ്കാര്‍ട്ടിനെ ആദ്യകാലത്ത് പിന്തുണച്ച പ്രധാനി ടൈഗര്‍ ഗ്ലോബലായിരുന്നു. 2009ല്‍ ഫ്‌ളിപ്കാര്‍ട്ട് നടത്തിയ ധനസമാഹരണത്തില്‍ ഏകദേശം 70 കോടി രൂപയോളമാണ് ടൈഗര്‍ ഗ്ലോബല്‍ നിക്ഷേപിച്ചത്. 2010നും 2015നും ഇടയില്‍ ഫ്‌ളിപ്കാര്‍ട്ടിലേക്ക് വീണ്ടും പണമൊഴുകി ടൈഗറില്‍ നിന്ന്..ഈ കാലയളവില്‍ ഏകദേശം 10,000 കോടി രൂപയായിരുന്നു നിക്ഷേപം. ഫ്‌ളിപ്കാര്‍ട്ടിലെ നിക്ഷേപം പതിയെ വിറ്റഴിയാന്‍ തുടങ്ങി കോള്‍മാന്‍. ഫ്‌ളിപ്കാര്‍ട്ടിലെ മൊത്തം നിക്ഷേപത്തിന്മേലുള്ള ടൈഗര്‍ ഗ്ലോബലിന്റെ നേട്ടം ഏകദേശം 29,000 കോടി രൂപയോളം വരും. 2023ലായിരുന്നു ഫ്‌ളിപ്കാര്‍ട്ടിലെ തങ്ങളുടെ അവശേഷിക്കുന്ന ഓഹരിയും വാള്‍മാര്‍ട്ടിന് ടൈഗര്‍ ഗ്ലോബല്‍ വിറ്റത്. 11,600 കോടി രൂപയുടേതായിരുന്നു ഇടപാട്.

flipkart-sale

ആഗോള സ്വകാര്യ ഓഹരി ഗ്രൂപ്പായ അപ്പോളോ ഗ്ലോബലിലും വലിയ നിക്ഷേപം നടത്തിയിരുന്നു കോള്‍മാന്‍. 2017ല്‍ നിക്ഷേപം നടത്തി 2022ല്‍ അപ്പോളോയില്‍ നിന്ന് തങ്ങളുടെ നിക്ഷേപം ഭൂരിഭാഗവും പിന്‍വലിച്ചപ്പോള്‍ ടൈഗറിന്റെ നേട്ടം എട്ട് ശതമാനമായിരുന്നുവെന്നാണ് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. 

സ്റ്റാര്‍ട്ടപ്പുകള്‍ക്കെല്ലാം പ്രിയപ്പെട്ടവന്‍

ഫ്‌ളിപ്കാര്‍ട്ടിനെ കൂടാതെ ഇന്ത്യയിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളിലെല്ലാം കോള്‍മാന്‍ നിക്ഷേപം നടത്തിയിരുന്നു. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ, എജുക്കേഷന്‍ ടെക്‌നോളജി കമ്പനി ബൈജൂസ്, ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായി തുടങ്ങിയ ഒല, പേമെന്റ് ഗേറ്റ് വേ സംരംഭം റേസര്‍ പേ, ഫുഡ് ഡെലിവറി സേവനമായ സ്വിഗ്ഗി തുടങ്ങി ആ നിര നീളും. 

ആഗോള വമ്പന്മാരില്‍ ഫേസ്ബുക്ക്, ഓപ്പണ്‍ എഐ, ഓണ്‍ലൈന്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ സ്‌ട്രൈപ്പ്, എയര്‍ ബിഎന്‍ബി, ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്‌ഫോമായ കോഴ്‌സെറ, റൈഡ് ഷെയറിങ് സേവനമായ ലിഫ്റ്റ്, സ്‌പോട്ടിഫൈ, ബൈറ്റ്ഡന്‍സ്...അങ്ങനെ നിര വീണ്ടും നീളും. നിലവില്‍ ഏകദേശം 4,50,000 കോടി രൂപയുടെ നിക്ഷേപമാണ് ടൈഗര്‍ ഗ്ലോബല്‍ മാനേജ് ചെയ്യുന്നത്. 30തിലധികം രാജ്യങ്ങളിലെ സംരംഭങ്ങളില്‍ നിക്ഷേപം വ്യാപിച്ചുകിടക്കുന്നു. ഏകദേശം 54,000 കോടി രൂപയാണ് ചെയ്‌സ് കോള്‍മാന്റെ ആസ്തി.

English Summary:

Discover how Chase Coleman and Tiger Global Management built a fortune by investing in startups like Flipkart. Explore his journey from 'Tiger Cub' to billionaire investor.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com