അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വൈവിധ്യവൽക്കരണത്തിന്റെ ചാരുതയിൽ

Mail This Article
കുതിച്ചുയരുകയും അതേപോലെ വേഗത്തിൽ താഴേക്കു വീഴുകയും ചെയ്യുന്ന ഒരു റോളർ കോസ്റ്റർപോലെയാണ് നിക്ഷേപലോകം. ദീർഘകാല നേട്ടങ്ങൾ വാഗ്ദാനം ചെയ്യുമ്പോഴും ചാഞ്ചാട്ടങ്ങൾക്കു പേരുകേട്ടതാണ് ഓഹരി വിപണി. 2008 തുടക്കത്തിലും കോവിഡ്‌കാലത്തും സെൻസെക്‌സ്, നിഫ്റ്റി സൂചികകളിലുണ്ടായ വീഴ്ച ഉദാഹരണം. സുരക്ഷിതമായി കരുതുന്ന സ്വർണത്തിൽപോലും ഈ ചാഞ്ചാട്ടമുണ്ടാകാം. പലിശനിരക്കിലെ മാറ്റങ്ങൾക്കും സാമ്പത്തിക സാഹചര്യങ്ങൾക്കും അനുസരിച്ച് കടപ്പത്രങ്ങളുടെ ആദായത്തിൽപോലും ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാറുണ്ട്. നേട്ടം മാറിക്കൊണ്ടിരിക്കും.
ഒരു നിക്ഷേപവും എെന്നന്നും ഏറ്റവും നേട്ടം നൽകുന്നതായി തുടരില്ല, എന്നതാണ് യാഥാർഥ്യം. വിജയി എപ്പോഴും മാറിക്കൊണ്ടിരിക്കും. അതായത്, സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് നേട്ടമുണ്ടാക്കുന്ന ആസ്തിവിഭാഗം മാറിക്കൊണ്ടിരിക്കും.

അപ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യം ഇതാണ്: എങ്ങനെ നിക്ഷേപിച്ച് സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനാകും? ഉത്തരം നിക്ഷേപം വ്യത്യസ്ത ആസ്തികളിലേക്കു വീതിക്കുക എന്നതാണ്. അതായത് അസറ്റ് അലോക്കേഷൻ വേണം.
അസറ്റ് അലോക്കേഷനു വേണം വൈദഗ്ധ്യം
എന്നാൽ സാധാരണ നിക്ഷേപകരെ സംബന്ധിച്ച് സ്വന്തമായി അസറ്റ് അലോക്കേഷൻ നടത്തുക എന്നതു പ്രയാസമാണ്. കാരണം ശരിയായ അസറ്റ് അലോക്കേഷൻ ചെയ്യണമെങ്കിൽ വിപണിയെക്കുറിച്ചും വ്യത്യസ്ത ആസ്തി വിഭാഗങ്ങളുടെ പ്രകടനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ വേണം. അതുകൊണ്ടുതന്നെ നല്ല രീതിയിൽ അസറ്റ് അലോക്കേഷൻ പിന്തുടരുന്ന മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കുകയാണ് സാധാരണക്കാരെ സംബന്ധിച്ച് എളുപ്പമാർഗം.
പ്രഫഷണൽ വൈദഗ്ധ്യമുള്ള ഫണ്ട് മാനേജർമാർ വിപണി കൃത്യമായി വിലയിരുത്തി നിങ്ങൾക്കു വേണ്ട അസറ്റ് അലോക്കേഷൻ നടത്തും. പോർട്ട്ഫോളിയോ കൃത്യമായി റീബാലൻസ് ചെയ്യും. വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ സമയത്തുപോലും നേട്ടം ഉറപ്പിക്കാൻ ഇത്തരം ഫണ്ടുകൾ നിങ്ങളെ സഹായിക്കും. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിഗണിക്കാവുന്ന ഈ വിഭാഗത്തിലുള്ള ഒരു ഫണ്ടാണ് ഐസിഐസിഐ പ്രുഡൻഷ്യൽ അസറ്റ് അലോക്കേറ്റർ ഫണ്ട് (FoF).

2024 ഓഗസ്റ്റ് 30ലെ കണക്കനുസരിച്ച്, ഫണ്ടിന്റെ ഒരു വർഷത്തെ നേട്ടം (സിഎജിആർ) 22.8% ആണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 14.02%വും അഞ്ചുവർഷകാലയളവിൽ 15.21% നേട്ടവുമാണ് ഐസിഐസിഐയുടെ ഈ ഫണ്ട് നൽകിയത്.∙
(ഐ സ്കെയിൽ ഫിനാൻഷ്യൽ കോൺസെപ്റ്റ്സ് മാനേജിങ് പാർട്ട്ണറാണ് ലേഖകൻ. മനോരമ സമ്പാദ്യം ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)