തിരുത്തൽ തുടങ്ങി: ഉപയോഗപ്പെടുത്താം, ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
Mail This Article
ഇന്ത്യൻ ഓഹരിവിപണി ഒരു തിരുത്തലിലേക്കു കടന്നിരിക്കുകയാണ്. മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യം, ക്രൂഡ് ഓയിൽ വില, ഓഹരികളുടെ ഉയർന്ന മൂല്യം തുടങ്ങിയവയെല്ലാം അതിനു കാരണമാണ്. അമേരിക്കയിൽ ഫെഡ് റിസർവ് പലിശനിരക്ക് കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പുഫലവും വിപണിയെ സ്വാധീനിക്കും. അതേ സമയം ഇന്ത്യൻ ബോണ്ട് മാർക്കറ്റില്‍, പ്രത്യേകിച്ച് ലോങ്–ഡ്യൂറേഷൻ ബോണ്ടുകളുടെ നേട്ടം ഉയരുകയാണ്.
ഈ സാഹചര്യത്തിൽ പോർട്ട്ഫോളിയോയിൽ കൃത്യമായ സന്തുലനം കൊണ്ടുവരേണ്ടത് ആവശ്യമാണ്. അതായത് ഇക്വിറ്റിയിലും ഡെറ്റിലും നിക്ഷേപിച്ച് സന്തുലനം നിലനിർത്തണം. സാധാരണക്കാർക്ക് ഇതത്ര എളുപ്പമല്ല. അവിടെയാണ് ബാലൻസ്ഡ് അഡ്വാന്‍റേജ് ഫണ്ടിന്‍റെ പ്രാധാന്യം.
എന്താണ് നേട്ടം?
നിക്ഷേപിച്ചുതുടങ്ങാൻ അനുകൂല അന്തരീക്ഷത്തിനായി കാത്തിരിക്കേണ്ട. ഇക്വിറ്റി വളർച്ച ഉറപ്പാക്കുമ്പോൾ ഡെറ്റ് നിക്ഷേപം സ്ഥിരത നൽകും. സെബി ചട്ടങ്ങൾപ്രകാരം ഒരു ബാലൻസ്ഡ് അഡ്വാന്‍റേജ് ഫണ്ടിന് കൈകാര്യം ചെയ്യുന്ന ആസ്തിയുടെ 100% വും ഇക്വിറ്റിയിലോ ഡെറ്റിലോ നിക്ഷേപിക്കാം. അതുകൊണ്ട് ഫണ്ട് മാനേജർക്ക് ഫ്ലക്സിക്യാപ്, മൾട്ടിക്യാപ് തുടങ്ങി ഏതു സ്റ്റൈലും സ്വീകരിക്കാനാവും.
ഡെറ്റ്, ഇക്വിറ്റി എന്നിവയുടെ വിലയിലെ ചാഞ്ചാട്ടങ്ങൾ പരസ്പരം ബാധിക്കില്ല. ഓഹരികളുടെ യഥാർഥ മൂല്യം, പലിശനിരക്ക്, സമ്പദ്‌വ്യവസ്ഥയുടെ പ്രകടനം എന്നീ ഘടകങ്ങളെല്ലാം പരിശോധിച്ചാണ് ഫണ്ട് മാനേജർമാർ ഓരോ നിക്ഷേപങ്ങളുടെയും തോതു തീരുമാനിക്കുക. ഓഹരിവിപണി അനുകൂലമാവുമ്പോൾ അതിൽ കൂടുതൽ നിക്ഷേപം നടത്തും. സാഹചര്യം തിരിയുമ്പോൾ ഡെറ്റിലേക്കാവും നിക്ഷേപം. ഏതു സാഹചര്യത്തിലും മികച്ച പ്രകടനം ഉറപ്പാക്കാൻ ഈ രീതികൊണ്ടു കഴിയും. ഫണ്ട് പോർട്ട്ഫോളിയോയിൽ 65%ത്തിനു മുകളിൽ ഓഹരിയാണെങ്കിൽ ഇക്വിറ്റിഫണ്ടിന്റെ നികുതി ന്നെയാകും ബാധകം.
ബാലൻസ്ഡ് അഡ്വാന്‍റേജ് ഫണ്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കു പരിഗണിക്കാവുന്ന ഒന്നാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ബാലൻസ്‍ഡ് അഡ്വാന്റേജ് ഫണ്ട്. കഴിഞ്ഞ ഒരു വർഷത്തിൽ 23.59% റിട്ടേൺ (സിഎജിആർ) ഈ ഫണ്ട് നൽകിയിട്ടുണ്ട്. മൂന്നു വർഷത്തിൽ 13.75ഉം അഞ്ചു വർഷത്തിൽ 14.37ഉം ശതമാനമാണ് നേട്ടം.∙
തിരുക്കൊച്ചി ഫിനാൻഷ്യൽ സർവീസസ് മാനേജിങ് ഡയറക്ടറാണ് ലേഖകൻ.
മനോരമ സമ്പാദ്യം നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. സമ്പാദ്യം വരിക്കാനാവാൻ 0481–2587403 എന്ന നമ്പറില്‍ ബന്ധപ്പെടുക