നാളത്തെ പണപ്പെരുപ്പക്കണക്കുകൾ രക്ഷയാകുമോ? ഇന്നും ലാഭമെടുക്കലിൽ തട്ടിവീണ് ഓഹരി വിപണി
Mail This Article
ഏഷ്യൻ വിപണികൾക്കൊപ്പം പതിഞ്ഞ താളത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീട് മുന്നേറിയെങ്കിലും ലാഭമെടുക്കലിൽ ഫ്ലാറ്റ് ക്ളോസിങ് നടത്തി. നിഫ്റ്റി 24336 പോയിന്റ് മുന്നേറിയ ശേഷം ഏഴു പോയിന്റ് നഷ്ടത്തിൽ 24141 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഒരു വേള 80000 പോയിന്റ് പിന്നിട്ട സെൻസെക്സ് പത്ത് പോയിന്റ് നേട്ടത്തിൽ 79496 പോയിന്റിലും ക്ളോസ് ചെയ്തു.
ഐടി സെക്ടർ 1.28% മുന്നേറി മുന്നിൽ നിന്നും നയിച്ചപ്പോൾ, ബാങ്കിങ് സെക്ടർ അര ശതമാനത്തിൽ കൂടുതൽ മുന്നേറി പിന്തുണ നൽകിയെങ്കിലും മറ്റ് സെക്ടറുകളെല്ലാം ഇന്ന് നഷ്ടം കുറിച്ചു. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക 12%വും, നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.9%വും വീഴ്ച രേഖപ്പെടുത്തി.
എസ്ബിഐയുടെ റിസൾട്ട് അനുകൂലമായതാണ് ഇന്ന് ബാങ്ക് നിഫ്റ്റിയുടെ ‘നങ്കൂര’മായത്. എംഎസ് സിഐ റീജിഗ്ഗ് പിന്തുണയിൽ എച്ച്ഡിഎഫ്സി ബാങ്ക് മുന്നേറ്റം നടത്തിയതും ഇന്ത്യൻ വിപണിക്ക് ആവേശമായി.
ഒരുവേള 52177 പോയിന്റ് വരെ മുന്നേറിയ ബാങ്ക് നിഫ്റ്റി ഇന്ന് 315 പോയിന്റ് നേട്ടത്തിൽ 51876 പോയിന്റിലാണ് ക്ളോസ് ചെയ്തത്. എസ്ബിഐ മുന്നേറിയേക്കാവുന്നതും, എച്ച്ഡിഎഫ്സി ബാങ്കിന്റെ തുടർഗതികളും ഇന്ത്യൻ വിപണിക്ക് നിർണായകമാണ്.
വീണ് തകർന്ന് ഏഷ്യൻ പെയിന്റ്സ്
രണ്ടാം പാദത്തിൽ അറ്റാദായക്കണക്കിൽ വലിയ വീഴ്ച നേരിട്ട ഏഷ്യൻ ഏഷ്യൻ പെയിന്റ്സ് 8% വീണതാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ മുന്നേറ്റം തടസപ്പെടുത്തിയത്. വരുമാനത്തിൽ കുറവ് വന്നതിനെ തുടർന്ന് അറ്റാദായം മുൻവർഷത്തിൽ നിന്നും പകുതിയോളം കുറഞ്ഞതാണ് ഓഹരിക്ക് വിനയായത്.
റിലയൻസും അദാനി എന്റർപ്രൈസസും ബജാജ് ഇരട്ടകളും വീണതും ഇന്ത്യൻ വിപണിക്ക് ക്ഷീണമായി.
പണപ്പെരുപ്പം നാളെ
ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും, വ്യവസായികോല്പാദനക്കണക്കുകളും നാളെ വരാനിരിക്കുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ-യൂറോപ്യൻ കേന്ദ്ര ബാങ്കുകൾക്ക് പിന്നാലെ ആർബിഐയും നിരക്കുകൾ കുറച്ചു തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വേളയിൽ ഇന്ത്യയുടെ സിപിഐ കണക്കുകൾ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളെ സ്വാധീനിക്കും.
ഇന്ത്യയുടെ ഭക്ഷ്യവിലക്കയറ്റ കണക്കുകളും മൊത്തവിലക്കയറ്റകണക്കുകളും വ്യാഴാഴ്ചയാണ് പുറത്ത് വരിക. ജർമൻ, സ്പാനിഷ് സിപിഐ ഡേറ്റകളും നാളെയാണ് പ്രഖ്യാപിക്കപ്പെടുക.
അവധികൾ
ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രമാണിച്ച് നവംബർ ഇരുപതാം തീയതിയും ഇന്ത്യൻ വിപണിക്ക് അവധിയാണ്.
മുന്നേറി യൂറോപ്പ്
ട്രംപ് പിന്തുണയിൽ കഴിഞ്ഞ ആഴ്ചയിൽ അഭൂതപൂർവമായ മുന്നേറ്റം നടത്തിയ അമേരിക്കൻ വിപണി ഈയാഴ്ച ചാഞ്ചാട്ടങ്ങളിൽപ്പെട്ടേക്കാം. ട്രംപിന്റെ വരവോടെ ഡോളർ മുന്നേറ്റം നേടുന്നത് മറ്റ്, വിപണികൾക്ക് അമേരിക്കൻ വിപണിയുമായി ‘വിപരീത’ബന്ധം രൂപപ്പെടുന്നതും കഴിഞ്ഞ ആഴ്ച ദൃശ്യമായി.
അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്നും നേട്ടത്തിലാണ് തുടരുന്നത്. ഏഷ്യൻ വിപണികളുടെ മിക്സഡ് ക്ളോസിങ്ങിന് ശേഷം യൂറോപ്യൻ വിപണികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ജർമൻ, ഫ്രഞ്ച് വിപണികൾ ഇന്ന് ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറി.
അമേരിക്കൻ പണപ്പെരുപ്പം ബുധനാഴ്ച
അമേരിക്കയുടെ പണപ്പെരുപ്പക്കണക്കുകൾ ബുധനാഴ്ച വരുന്നതും ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളുമാകും റിസൾട്ടുകൾക്കും, ട്രംപിന്റെ പ്രസ്താവനകൾക്കുമൊപ്പം അമേരിക്കൻ വിപണിയെ സ്വാധീനിക്കുക. വെള്ളിയാഴ്ച അമേരിക്കൻ ഫെഡ് ചെയർമാൻ സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്കും ലോക വിപണിക്ക് തന്നെയും പ്രധാനമാണ്.
നാളത്തെ റിസൾട്ടുകൾ
ജനറൽ ഇൻഷുറൻസ്, ജിഎസ്എഫ്സി, പിടിസി, ബോഷ്, സംവർധന മതേഴ്‌സൺ ഇന്റർനാഷണൽ, ബോംബെ ഡയിങ്, എൽസിഡ് ഇൻവെസ്റ്റ്മെന്റ്, കല്യാണി ഫോർജ്, സൈഡസ് ലൈഫ്, സെല്ലോ, സെറ, സെസ്‌ക്, അസ്ത്ര മൈക്രോ, യാത്ര ഓൺലൈൻ, സുല മുതലായ കമ്പനികൾ നാളെയാണ് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക