ഒഴിവാക്കാം ഓൺലൈൻ സെയിലുകൾ

planning , education
SHARE

 എല്ലാ ഓൺലൈൻ സൈറ്റുകളിലും മിക്ക ദിവസങ്ങളിലും ഓഫറുകളുടെ പെരുമഴയാണ്. ചിലപ്പോൾ മണിക്കൂറുകൾ മാത്രം  നീണ്ടു നിൽക്കുന്ന ഡീലുകൾക്ക്  ചൂടപ്പം പോലെ ആവശ്യക്കാരേറെയാണ്. പ്രത്യേക സീസണുകളിലോ ഉത്സവകാലങ്ങളിലോ മൂന്നോ നാലോ ദിവസം നീണ്ടുനിൽക്കുന്ന ഇളവുകളും ഉണ്ടാകും. നല്ല ഓഫറുകൾ ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ മാത്രമാകും ഉണ്ടാകുക. ഈ സമയത്ത് 10 മുതൽ 70 ശതമാനം വരെയുള്ള വലിയ വിലക്കുറവുകൾ ആയിരിക്കും ഇ-കൊമേഴ്സ് സൈറ്റുകൾ പ്രഖ്യാപിക്കുന്നത്. 

അടിയന്തര ആവശ്യമില്ലാത്ത, നിത്യോപയോഗസാധനങ്ങൾ അല്ലാത്ത ഏത് ഉൽപന്നവും അല്പം കാത്തിരുന്ന വാങ്ങുന്നതിൽ തെറ്റൊന്നുമില്ല. വർഷത്തിൽ ഒന്നോ രണ്ടോ തവണ പ്രഖ്യാപിക്കുന്ന വമ്പൻ ഇളവുകളാണ് ഇതിനു വേണ്ടി പ്രയോജനപ്പെടുത്താവുന്നത്. 

എല്ലാ ഓഫറും ഓഫറല്ല

ആദ്യമേതന്നെ മനസ്സിലാക്കേണ്ട കാര്യമാണ് ഓൺലൈൻ സൈറ്റുകളിലെ എല്ലാ ഓഫറുകളും വിലക്കിഴിവു നൽകുന്നില്ല എന്നത്. വല്ലപ്പോഴും സാധനം വാങ്ങാൻ എത്തുന്നവരെ അതിശയിപ്പിക്കാനും അവരെ കൊണ്ടു സാധനം വാങ്ങിപ്പിക്കുവാനുമുള്ള തന്ത്രമാണ് എല്ലാ ദിവസവും കാണുന്ന ഓഫറുകൾ. 

സത്യത്തിൽ ഒരു വിലക്കിഴിവു പ്രഖ്യാപനവുമില്ലാതെയും മറ്റു പല സൈറ്റുകളിലും ഇതേ വിലയ്ക്കോ ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്കോ അതേ സാധനം തന്നെ കിട്ടാനുണ്ടാകും. അതു കൊണ്ട് അത്തരം ഓഫറുകൾ കണ്ട് വാങ്ങുന്നതിനു മുൻപ് വില താരതമ്യം ചെയ്തു നോക്കണം.

കാർട്ടു ചെയ്യാം, കാത്തിരിക്കാം 

ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഓൺ‌ലൈൻ വ്യാപാരസൈറ്റുകളിൽ നിന്നു സാധനം വാങ്ങാനുള്ള മാർഗമാണ് കാർട്ടിങ്. ഉദ്ദേശിക്കുന്ന സാധനം അപ്പോൾതന്നെ വാങ്ങുന്നതിനു പകരം വിവിധ സൈറ്റുകളിൽ വില താരതമ്യം ചെയ്ത് ഏതെങ്കിലും ഒന്നിൽ ആ സാധനം കാർട്ടു ചെയ്തുവയ്ക്കുന്നു. അക്കൗണ്ട് തയാറാക്കി  ലോഗിൻ ചെയ്താൽ മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുള്ളൂ. 

കാർട്ട് ചെയ്തശേഷം സാധനം വാങ്ങാതെ പുറത്തു കടക്കുകയാണെങ്കിൽ ഈ വെബ്സൈറ്റ് പലപ്പോഴായി പല രീതിയിൽ ആ സാധനം വാങ്ങുന്നതിനെക്കുറിച്ച് നമ്മളെ ഓർമിപ്പിച്ചുകൊണ്ടിരിക്കും. സാധനത്തിന് വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായാൽ അക്കാര്യം നമ്മളെ നോട്ടിഫിക്കേഷൻ വഴി അറിയിക്കുകയും ചെയ്യും. 

ക്ഷമയുണ്ടെങ്കിൽ ലാഭം

വളരെ വിലയേറിയ ഫോണുകളോ അതുപോലെ വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങുമ്പോൾ ക്ഷമയോടെ കാത്തിരിക്കുന്നത് ആയിരക്കണക്കിന് രൂപയുടെ ലാഭം ഉണ്ടാക്കിത്തരും. കാർട്ട് ചെയ്തിരിക്കുന്ന സാധനം ഇടയ്ക്കിടയ്ക്ക് അതിന്റെ വിലയിൽ വ്യത്യാസം വരുന്നുണ്ടോ എന്ന് പരിശോധിച്ചു കൊണ്ടിരുന്നാൽ നമുക്ക് മാത്രമായി പ്രത്യേക ഇളവുകളും ലഭിക്കാം. 

പല ഓൺലൈൻ ഷോപ്പിങ് സൈറ്റുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. കാർട്ടുചെയ്തിരിക്കുന്ന സാധനം വാങ്ങാനുള്ള നമ്മുെട താൽപര്യം മനസ്സിലാക്കി ഏതുവിധേനയും ആ സാധനം വാങ്ങിപ്പിക്കാനുള്ള തന്ത്രമായിരിക്കും അവർ പയറ്റുക. നമ്മളും കരുതിയിരിക്കണം. ഈ സമയത്ത് എപ്പോഴെങ്കിലും ആ ഉൽപ്പന്നത്തിന്റെ വിൽപ്പന കുറയുകയോ വാങ്ങാനുള്ള ആൾക്കാരുടെ താൽപര്യം കുറയുകയോ ചെയ്യുന്നതു മനസ്സിലായാൽ ഒന്നോ രണ്ടോ പീസിനു മാത്രം അൽപസമയത്തേയ്ക്ക് അവിശ്വസനീയമായ വിലക്കുറവു പ്രഖ്യാപിക്കും. ആ സമയം തിരിച്ചറിഞ്ഞ് അപ്പോൾ തന്നെ അതു വാങ്ങുക. നമ്മൾ വാങ്ങി കഴിയുന്നതോടെ ആ സാധനത്തിന് വില വീണ്ടും പഴയപോലെ ഉയരുന്നതും കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA