ഭവന വായ്പ നേരത്തേ തിരിച്ചടക്കണോ?

happy home
SHARE

സ്വന്തമായൊരു വീടെന്ന സ്വപ്നം സഫലമാക്കാൻ ഭവന വായ്പയെടുക്കാത്തവര്‍ വിരളം. എന്നാൽ ഭവന വായ്പയെടുത്ത് ഏറെക്കഴിയുമ്പോൾ തന്നെ അതു കാലാവധിക്കും മുൻപേ അടച്ചു തീർക്കാൻ എന്താണു മാർഗം എന്ന് ആലോചിക്കുന്നവരാണ് അധികവും. ഇങ്ങനെ ഭവന വായ്പകൾ കാലാവധിക്കു മുന്നേ അടച്ചു തീർക്കുന്നതു ലാഭകരമാണോ? ഭവന വായ്പ നേരത്തേ അടച്ചു തീർക്കാൻ ഉപയോഗിക്കുന്ന തുക ശാസ്ത്രീയമായി മറ്റെവിടെയെങ്കിലും നിക്ഷേപിച്ചാൽ അതാണോ ഗുണകരമാകുക? ഓരോരുത്തരുടേയും വ്യക്തിഗത സാഹചര്യങ്ങൾ വിലയിരുത്തിയാലേ ഇതിനു കൃത്യമായ മറുപടി കണ്ടെത്താനാവൂ എന്നതാണു വസ്തുത. 

ഇത്ര വലിയൊരു കട ബാധ്യതയാണല്ലോ ഉള്ളതെന്ന ആശങ്കയും അതേ തുടർന്നുള്ള മാനസിക സമ്മർദ്ദവുമാണ് പലരേയും വായ്പ കാലാവധിക്കു മുൻപ് തിരിച്ചടക്കണമെന്ന ചിന്തയിലേക്കു നയിക്കുന്നത്. അത്തരം ആധികളുള്ള സാഹചര്യമാണെങ്കിൽ കയ്യിൽ കിട്ടുന്ന അധിക തുകയെല്ലാം ഭവന വായ്പ തിരിച്ചടക്കാനായി ഉപയോഗിക്കുന്നതു തന്നെയാവും ഉചിതം. അല്ലാത്ത സാഹചര്യങ്ങളിൽ ഇങ്ങനെ കിട്ടുന്ന അധിക തുക മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനായി ഉപയോഗിക്കുന്നതാവും നല്ലത്. 

ആദായ നികുതി ബാധ്യതയാണ് ഇവിടെ ഗൗരവമായി പരിഗണിക്കേണ്ട മറ്റൊരു വിഷയം. ആദായ നികുതി ആനുകൂല്യം ലഭിക്കുന്ന പരിധിക്കു മുകളിലാണ് ഭവന വായ്പയുടെ പലിശയിനത്തിൽ ഓരോ വർഷവും അടക്കേണ്ട തുകയെങ്കിൽ അതു ഭാഗികമായി തിരിച്ചടക്കുന്നതു പരിഗണിക്കാവുന്നതാണ്.  ഇങ്ങനെ ഭവന വായ്പാ പലിശയ്ക്കു ലഭിക്കുന്ന ആദായ നികുതി ഇളവ് പരമാവധി പ്രയോജനപ്പെടുത്താനാവും. 

മറ്റു സാഹചര്യങ്ങളിൽ ഭവന വായ്പ നേരത്തെ തിരിച്ചടക്കാനുതകുന്ന തുക കൈവശം ലഭിച്ചാൽ അത് എവിെടയെങ്കിലും നിക്ഷേപിച്ചാൽ നികുതിക്കു ശേഷം എന്തു വരുമാനം ലഭിക്കും എന്നു കൂടി പരിഗണിക്കണം. ഇങ്ങനെ ലഭിക്കുന്ന വരുമാനം പലിശ ഇനത്തിൽ നൽകേണ്ട തുകയേക്കാൾ കൂടുതലാണെങ്കിൽ ഭവന വായ്പ നേരത്തെ അടക്കാതെ ആ തുക നിക്ഷേപിക്കുന്നതാവും ഉചിതം. 30 ശതമാനം ആദായ നികുതി ബാധ്യതയുള്ള ഒരാൾക്ക് 20 ലക്ഷം രൂപ ഭവന വായ്പാ ബാധ്യതയുണ്ടെന്നു കരുതുക. 9.5 ശതമാനമാണ് ഭവന വായ്പയ്ക്ക് ബാങ്ക് പലിശയെങ്കിലും നികുതി ആനൂകൂല്യങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ 6.5 ശതമാനമായിരിക്കും പലിശയിനത്തിൽ വരുന്ന യഥാർത്ഥ ചെലവ്. ചെറുകിട സമ്പാദ്യ പദ്ധതികൾ, സുകന്യ സമൃദ്ധി യോജന, ഡെറ്റ് ഫണ്ടകൾ, പി.പി.എഫ്. തുടങ്ങി ഇതിലേറെ വരുമാനം നേടിത്തരുന്ന നിരവധി പദ്ധതികൾ കണ്ടെത്തി ഭവന വായ്പ നേരത്തേ അടച്ചു തീർക്കാൻ ഉദ്ദേശിക്കുന്ന പണം അവിടെ നിക്ഷേപിക്കാമല്ലോ. അൽപം നഷ്ട സാധ്യത നേരിടാൻ കഴിവുള്ളവർക്ക് ഓഹരി അധിഷ്ഠിത മ്യൂചൽ ഫണ്ടുകളും പ്രയോജനപ്പെടുത്താം. അവയുടെ നികുതി ബാധ്യത കണക്കിലെടുത്താൽ പോലും ഭവന വായ്പ നേരത്തെ അടച്ചു തീർക്കുന്നതിലേറെ ലാഭകരമായിരിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA