ADVERTISEMENT

കറൻസി ഇടപാടുകൾ കുറയ്ക്കുന്നതിന് രണ്ടു ലക്ഷമോ അതിൽ കൂടുതലോ ആയ പണമിടപാടുകൾക്ക് നിയന്ത്രണങ്ങളുണ്ട്. ഇത് ലംഘിച്ചാൽ ഇടപാടിനു തുല്യ തുക പിഴ ചുമത്താൻ ഇൻകംടാക്സ് വകുപ്പിനു അധികാരമുണ്ട്. അതായത് നാലു ലക്ഷം രൂപയുടെ ഇടപാടാണെങ്കിൽ നാലു ലക്ഷം രൂപ തന്നെ പിഴയായി ഒടുക്കണം. പണം കൈപറ്റുന്നയാളിൽ നിന്നാണ് ഈ തുക ഈടാക്കുന്നത്. ഈ നിയന്ത്രണങ്ങൾ അറിയില്ലെങ്കിൽ ചിലപ്പോൾ കുടുങ്ങിയെന്നു വരും.

ഒഴിവാക്കപ്പെട്ടിട്ടുള്ള ഇടപാടുകൾ

269ST എന്ന ഈ വകുപ്പിന് ചില ഒഴിവുകളുണ്ട്. ഗവൺമെന്റ്, ബാങ്ക്, പോസ്റ്റോഫീസ്, സഹകരണ ബാങ്ക്, ഗവൺമെന്റ് നോട്ടിഫൈ ചെയ്തിട്ടുള്ള മറ്റു സ്ഥാപനങ്ങൾ എന്നിവയുമായുള്ള ഇടപാടുകൾക്ക് ഒഴിവുണ്ട്. ഉദാഹരണത്തിന് നിങ്ങൾ ബാങ്കിൽ നിന്ന് നാലു ലക്ഷം രൂപ പിൻവലിച്ചാൽ പിഴ ഈടാക്കാനാകില്ല.

വസ്തു ഇടപാടുകൾ

വസ്തു ഇടപാടുകളിൽ ഇരുപതിനായിരമോ അതിൽ കൂടുതലോ പണമായി നൽകുകയോ സ്വീകരിക്കുകയോ ചെയ്താൽ തുല്യ തുക പിഴയായി ചുമത്താം. പലരും ഈ നിയന്ത്രണത്തെക്കുറിച്ച് അറിയാതെ ആധാരത്തിൽ തന്നെ പ്രതിഫലം പണമായി കൈപ്പറ്റി എന്നു എഴുതാറുണ്ട്‌. അത്തരം സന്ദർഭങ്ങളിൽ എഴുതി വച്ചതുക തന്നെ പിഴയായി കൊടുക്കേണ്ടി വരാം.

ഇവിടെ അഡ്വാൻസ്, ബാക്കി തുക, ഇടപാടു നടന്നില്ലെങ്കിൽ അഡ്വാൻസ് തിരിച്ചു കൊടുക്കൽ എന്നിങ്ങനെയുള്ള എല്ലാ ഇടപാടുകൾക്കും ഈ നിയന്ത്രണം ബാധകമാണ്. 2015 ജൂൺ 1 മുതലുള്ള എല്ലാ സ്ഥലമിടപാടുകൾക്കും ഇത് ബാധകമാണ്.

സംഭാവന

രണ്ടായിരം രൂപക്ക് മുകളിൽ പണമായി കൊടുക്കുന്ന സംഭാവനകൾക്ക് ആദായനികുതി നിയമത്തിലെ 80 G വകുപ്പു പ്രകാരം കിഴിവ് അവകാശപ്പെടാൻ സാധിക്കില്ല.

ഇൻഷുറൻസ് പ്രീമിയം

ഇൻഷുറൻസ് പ്രീമിയം പണമായി നേരിട്ട് അടച്ചാൽ നികുതിയിളവു കിട്ടില്ല. ആദായനികുതി നിയമത്തിലെ 80D പ്രകാരം ഇൻഷുറൻസ് തുകയിൽ കിഴിവ് അവകാശപ്പെടണമെങ്കിൽ പ്രീമിയം പണമായല്ലാതെ നൽകണം.

ബിസിനസ് ചെലവുകൾ

നിങ്ങൾ ബിസിനസ് നടത്തുക­യാണെങ്കിൽ 10,000 രൂപയ്ക്ക് മുകളിൽ പണമായി കൊടുത്ത ചിലവുകൾക്ക് നികുതി കിഴിവ് അവകാശപ്പെടാൻ സാധിയ്ക്കില്ല.

ഇടപാടുകൾ എങ്ങനെ വേണം?

ഇത്തരം സാഹചര്യങ്ങളിൽ പണമിടപാടുകള്‍ നേരിട്ട് കറൻസി വഴി നൽകുന്നതു ഒഴിവാക്കി ഓൺലൈൻ ട്രാൻസ്ഫർ, ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ് തുടങ്ങിയ മറ്റു മാർഗങ്ങൾ വഴിയാകണം.

currency-

 

1. ഒരു ദിവസം ഒരാളിൽ നിന്ന് രണ്ടു ലക്ഷമോ അതിൽ കൂടുതലോ പണമായി സ്വീകരിക്കരുത്.

ഉദാഹരണം– നിങ്ങളുടെ സുഹൃത്തിൽ നിന്നു ഒരു ദിവസം തന്നെ രണ്ടു ലക്ഷം രൂപ പണമായി കടം വാങ്ങിയെന്നു വയ്ക്കുക. ഇവിടെ രണ്ടു ലക്ഷം രൂപ നിങ്ങളിൽ നിന്നു പിഴയായി ഈടാക്കാം.

2. ഒരു ഇടപാടിന്റെ തുക രണ്ടു ലക്ഷമോ അതിൽ കൂടുതലോ ആയാൽ പല ദിവസങ്ങളിലായും ആ തുക പണമായി സ്വീകരിക്കരുത്.

ഉദാഹരണം– നിങ്ങളുടെ പഴയ കാർ മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റു. അന്നു തന്നെ പണമായി ഒന്നര ലക്ഷം രൂപ കിട്ടി. ബാക്കി ഒന്നര ലക്ഷം രണ്ടു ദിവസം കഴിഞ്ഞ് പണമായി കിട്ടി. ഇവിടെ മൂന്നു ലക്ഷം രൂപ നിങ്ങളിൽ നിന്ന് പിഴയായി ഈടാക്കാം.

3. ഒരു സംഭവവുമായി ബന്ധപ്പെട്ട്, ഒരാളിൽ നിന്ന് പല ഇടപാടുകളിലായി പോലും രണ്ടു ലക്ഷമോ കൂടുതലോ പണമായി സ്വീകരിക്കരുത്.

ഉദാഹരണം– നിങ്ങളുടെ ബന്ധുവിന്റെ വിവാഹത്തിനു കരാറുകാരന് പല ഇടപാടുകളിലായി (സദ്യ, പന്തൽ, വാഹനം etc...) ഒരു ലക്ഷം രൂപ വീതം നാലു ദിവസങ്ങളിലായി കൊടുത്തുവെന്നിരിക്കട്ടെ. കരാറുകാരനിൽ നിന്നു നാലു ലക്ഷം രൂപ പിഴ ഈടാക്കാം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com