ADVERTISEMENT

പത്തു രൂപയിൽ താെഴയുള്ള പെന്നിസ്റ്റോക്കുകൾ ഓഹരി വിപണിയിൽ ചിലരുടെ ദൗർബല്യമാണ്. കൈപൊള്ളും എന്നറിഞ്ഞു കൊണ്ട്, ഒരു ചൂതാട്ടത്തിന്റെ ത്രില്ലിൽ അവയിൽ ഇടപാടു നടത്തുന്നവർ ഏറെയുണ്ട്. അത്തരക്കാർ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ.

‌തുച്ഛമായ വിലയുള്ള, വളരെ കുറഞ്ഞ വിപണി മൂല്യമുള്ള ഓഹരികളാണ് പെന്നി സ്റ്റോക്കുകൾ എന്നറിയപ്പെടുന്നത്. വിറ്റുപണമാക്കാൻ ബുദ്ധിമുട്ടുള്ള (liquidity) ഇവ സാധാരണയായി ചെറിയ എക്സ്ചേഞ്ചുകളിൽ ലിസ്റ്റു ചെയ്തവയായിരിക്കും. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 25 ശതമാനത്തോളവും നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 10 ശതമാനത്തോളവും ഓഹരികൾ 10 രൂപയിൽ താഴെയുള്ള പെന്നിസ്റ്റോക്കുകളാണ്.

വില വളരെ കുറവ്, റിസ്ക് വളരെ കൂടുതൽ

നഷ്ടസാധ്യത വളരെ ഉയർന്ന ഇവയിൽ പൊതുവെ ഊഹക്കച്ചവടമാണ് നടക്കുന്നത്. ലിക്വിഡിറ്റി ഇല്ലായ്മ, ഓഹരികളുടെ എണ്ണത്തിലെ കുറവ്, ആവശ്യമായ വിവരങ്ങൾ ലഭ്യമല്ലാത്തത് തുടങ്ങിയ കാരണങ്ങളാൽ വളരെ അപകടസാധ്യതയുള്ളവയാണിവ. ഇവയുടെ വിപണിമൂല്യം 100 കോടിയിൽ കുറവായിരിക്കും. വളരെ കുറഞ്ഞ വിലകളിൽ ട്രേഡ് ചെയ്യാൻ പല കാരണങ്ങൾ ഉണ്ടാകാം. ചില പെന്നി സ്റ്റോക്കുകൾ നല്ല നിക്ഷേപവും ആകാം.

എന്തുകൊണ്ട് പെന്നി സ്റ്റോക്ക് ആയി?

ഇവിടെ കോർപ്പറേറ്റ് ഗവേണൻസ് വളരെ പ്രധാനമാണ്. ബിസിനസിന്റെയും മാനേജ്മെന്റിന്റെയും നിലവാരവും കാര്യക്ഷമതയും കാരണമാകാം. വളരെയധികം സബ്സിഡിയറികൾ ഉണ്ടാകാം. കൂടുതൽ അനുബന്ധ സ്ഥാപനങ്ങൾ കോർപ്പറേറ്റ് ഭരണ പ്രശ്നങ്ങൾക്ക് കാരണമാകാം.

പെന്നി സ്റ്റോക്കിൽ ട്രേഡ് ചെയ്യുമ്പോൾ

ചില നിയമങ്ങൾ പാലിച്ചാൽ ഇവയുടെ ട്രേഡിങ്ങിൽ റിസ്ക് കുറയ്ക്കാം. അതോടൊപ്പം ഭാഗ്യം കൂടിയുണ്ടെങ്കിൽ ചിലപ്പോൾ നേട്ടവുമുണ്ടാക്കാം.

1. വലിയ തുക വേണ്ട

റിസ്ക്ക് ഉള്ളതിനാൽ ഇവയെ കൂടുതൽ ആശ്രയിക്കരുത്. നിങ്ങളുടെ മൊത്തം ഓഹരി നിക്ഷേപത്തിന്റെ 10 ശതമാനത്തിൽ അധികം ഇവയിലിടരുത്. അതായത് നഷ്ടം സംഭവിച്ചാലും താങ്ങാനാകുന്നത്രയും തുക.

2. രണ്ടോ മൂന്നോ മാത്രം

ഓഹരിയിൽ പൊതുവെ പറയുന്ന വൈവിധ്യവൽക്കരണത്തിന്റെ തത്വം ഇവിടെ പ്രവർത്തിക്കില്ല. അതായത് റിസ്ക് കുറയ്ക്കാനായി ധാരാളം പെന്നി സ്റ്റോക്കുകൾ വാങ്ങരുത്. പകരം മികച്ചതെന്നു വിലയിരുത്താവുന്ന രണ്ടോ മൂന്നോ വാങ്ങുക. അവ ഫോളോ ചെയ്യൽ എളുപ്പമായിരിക്കും.

3. നിക്ഷേപിച്ചു മറക്കരുത്

പെന്നി സ്റ്റോക്കിൽ ഹ്രസ്വകാല നിക്ഷേപതന്ത്രമാണ് വേണ്ടത്. ഓഹരി വില കുറഞ്ഞാൽ അത് ഉപേക്ഷിക്കുകയോ ഭാഗികമായി വിറ്റുമാറുകയോ വേണം. ഒരു വർഷം കാത്തിരുന്നാൽ നികുതിനേട്ടം ലഭിക്കുമെന്നു കരുതുന്നവരുണ്ട്. പക്ഷേ അപ്പോഴേയ്ക്കും കനത്ത നഷ്ടം സംഭവിച്ചേക്കാം. വിലയിൽ ഒരു ലക്ഷ്യം നിശ്ചയിക്കണം. . പെന്നി സ്റ്റോക്കുകൾ എക്കാലവും കൈയിൽവയ്ക്കരുത്.

4. കൂടുതൽ ഇടപാടുള്ളവ വാങ്ങുക

ചില പെന്നി സ്റ്റോക്കുകൾ വളരെ കുറച്ചു മാത്രം ഇടപാടു നടക്കുന്നവയാണ്.

ന്യായമായ അളവിൽ ട്രേഡിങ്ങുള്ള ഓഹരികൾ വാങ്ങുക. അവയിൽ അത്യാവശ്യം ലിക്വിഡിറ്റിയുണ്ടാകും. ഒരു ദിവസത്തെ ട്രേഡിങ്ങാണ് നോക്കേണ്ടത്. പ്രതിമാസ ശരാശരി കണക്കാക്കരുത്.

5. ആവറേജിങ് വേണ്ട

നിങ്ങൾ ആറു രൂപയ്ക്ക് വാങ്ങിയ ഓഹരിക്ക് ഇപ്പോൾ മൂന്നു രൂപയായി എന്നിരിക്കട്ടെ. ഇവിടെ ശരാശരി വില കുറയ്ക്കാനായി ഒരിക്കലും കൂടുതൽ വാങ്ങരുത്. അത് കൂടുതൽ നഷ്ടമുണ്ടാക്കുകയേയുള്ളൂ. അതായത് ദീർഘകാല നിക്ഷേപത്തിൽ ആവറേജിങ്ങിലൂടെ മികച്ച ഓഹരിയുടെ ശരാശരി വാങ്ങൽ വില കുറയ്ക്കുന്നതു പോലെ ഇവിടെ ചെയ്യരുത്.

ഒരു വില ലക്ഷ്യമിട്ടിട്ട് അതു തെറ്റിപോയാൽ, അതായത് വില കുറഞ്ഞാൽ ആ നഷ്ടം സഹിക്കാൻ തയാറാകുക.

6. വിജയങ്ങളിൽ അഹങ്കരിക്കരുത്

പെന്നി സ്റ്റോക്കിലെ തുടർവിജയങ്ങളിൽ ലക്ഷ്യം മാറ്റാൻ ഒരിക്കലും അനുവദിക്കരുത്.ചട്ടങ്ങൾ തെറ്റിക്കരുത്. അങ്ങനെ ചെയ്താൽ വൻ പരാജയവും നഷ്ടവുമായിരിക്കും ഫലം. പെന്നി സ്റ്റോക്കിൽ ആദായമുണ്ടാക്കാൻ ധാരാളം പഠനങ്ങളും അച്ചടക്കവും ആവശ്യമാണ്. അതു സമയവും വൈദഗ്ധവും ഉള്ളവർക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com