sections
MORE

മ്യൂച്വൽ ഫണ്ടിൽ നഷ്ടസാധ്യതയില്ലേ?

HIGHLIGHTS
  • ശ്രദ്ധിച്ച്, കാര്യങ്ങൾ മനസിലാക്കി നിക്ഷേപിക്കുക
planing up
SHARE

തീർച്ചയായും. മ്യൂച്വൽഫണ്ടിൽ റിസ്ക്ക്  അഥവാ നഷ്ടസാധ്യതയുണ്ട്. എന്നാൽ അതുകൊണ്ട്  മാത്രം നല്ല നേട്ട സാധ്യതയുള്ള ഒരു നിക്ഷേപ മാർഗത്തെ ഒഴിവാക്കേണ്ടതില്ല.   

പാചക വാതകം  വലിയ അപകട സാധ്യതയുള്ളതല്ലേ? അതുകൊണ്ട് പാചകം വേണ്ടെന്നു വെയ്ക്കുമോ? ഇല്ല. ശ്രദ്ധിച്ച്, കാര്യങ്ങൾ മനസിലാക്കി ഉപയോഗിക്കും. കാരണം അതു ഉപയോഗിക്കുന്നതുകൊണ്ടുള്ള  ഗുണങ്ങൾ  നിങ്ങൾക്ക് അറിയാം.   

അതുപോലെ തന്നെയാണ് മ്യൂച്വൽ ഫണ്ടും. ഗുണകരമായ ഒട്ടേേറ കാര്യങ്ങൾ അതിലുണ്ട്. അതിനാൽ പഠിച്ച്, സ്വന്തം സാഹചര്യത്തിനു അനുയോജ്യമായ ഫണ്ട് കണ്ടെത്തി  ഉപയോഗിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്താൽ റിസ്ക്ക് മറികടക്കാം. എന്നു മാത്രമല്ല  നിങ്ങളുടെ ഏതാവശ്യത്തിനും വേണ്ട സമ്പത്ത് വളർത്തിയെടുക്കാനും കഴിയും.    

മ്യൂച്വൽ ഫണ്ട് എന്നു കേൾക്കുമ്പോൾ ഒരു അപരിചിതത്വം ഇപ്പോഴും തോന്നുന്നുണ്ട് അല്ലേ? അഞ്ചര പതിറ്റാണ്ടു പിന്നിട്ടിട്ടും രാജ്യത്തെ സാധാരണക്കാർ ഈ നിക്ഷേപമാർഗത്തെ സ്വീകരിക്കാനും അംഗീകരിക്കാനും മടിക്കുന്നു. അതിനു കാരണം മ്യൂച്വൽ ഫണ്ടിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. 

മ്യൂച്വൽ ഫണ്ട് വളരെ സിമ്പിളാണ്

നമ്മെ പോലുള്ള ലക്ഷക്കണക്കിനു നിക്ഷേപകരിൽ നിന്നും പണം സമാഹരിക്കും. എന്നിട്ട് ആ തുക ലഭ്യമായ ഓഹരി, കടപത്രം, ബോണ്ട് തുടങ്ങിയ വിവിധ തരം പദ്ധതികളിൽ നിക്ഷേപിക്കും. അതിൽ നിന്നു കിട്ടുന്ന ആദായം  നിക്ഷേപിച്ച എല്ലാവർക്കുമായി വീതിച്ചു നൽകും. അതായത് പലരിൽ നിന്നും സമാഹരിക്കുന്ന പണം ഒന്നിച്ച്  നിക്ഷേപിച്ച് അതിൽ നിന്നും കിട്ടുന്ന വരുമാനം നിക്ഷേപം നടത്തിയവർക്കായി വീതിച്ചു നൽകുന്ന സംവിധാനം ആണ് മ്യൂച്വൽ ഫണ്ട്. ഈ പ്രവർത്തനങ്ങൾക്കെല്ലാം പണചെലവുള്ളതിനാൽ‌ ചെറിയൊരു തുക ഫീസായി ഫണ്ട് ഹൗസ് ഈടാക്കുന്നു. 

ഇവിടെ നമുക്ക് നേരിട്ടു നിക്ഷേപിച്ചാൽ പോരെ? എന്തിനു ഒരു ഇടനിലക്കാരൻ എന്നൊരു സംശയം ഉണ്ടാകാം.  ഓഹരി, ഗവൺമെന്റ് സെക്യുരിറ്റീസ്, കമ്പനി ബോണ്ട്, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ നിക്ഷേപ മാർഗങ്ങൾ ഓരോന്നും വ്യത്യസ്മാണ്. അതുകൊണ്ട് തന്നെ അവയിൽ നേട്ടം ഉണ്ടാക്കാൻ വൈദഗ്ധ്യവും തന്ത്രങ്ങളും വേണം.നിക്ഷേപരംഗത്തെ പ്രഫഷനലുകളാണ് മ്യൂച്വൽ ഫണ്ടുകളിൽ പണം കൈകാര്യം ചെയ്യുന്നത്. 

മെച്ചങ്ങൾ പലത്  

1. പ്രഫഷനൽ വൈദഗ്ധ്യമുള്ളവർ ചെയ്യുന്നതിനാൽ കൂടുതൽ നേട്ടം കിട്ടാൻ സാധ്യത.

2. പലരുടെ നിക്ഷേപം ഒന്നു ചേരുന്നതിനാൽ നമ്മുടെ കയ്യിലുള്ളത് ചെറിയ തുകയാണെങ്കിലും നിക്ഷേപിക്കാം.  

3. അതുപോലെ പരിപാലന ചെലവ് എല്ലാവരിൽ നിന്നുമായി വീതിച്ചെടുക്കുന്നതിനാൽ കുറഞ്ഞ ചെലവിൽ വിദഗ്ധ സേവനം ഉറപ്പാക്കാം.

4. നഷ്ടസാധ്യത നിക്ഷേപം നടത്തുന്ന മൊത്തം പേരിലേക്കും വിഭജിക്കപ്പെടുന്നു. അതിനാൽ റിസ്ക്ക് കൂടിയ ഓഹരി പോലുള്ളവയിൽ സാധാരണക്കാർക്ക്  നിക്ഷേപം നടത്താനുള്ള മികച്ച മാർഗമാണിത്. 

പ്രവർത്തനരീതി

1. നിക്ഷേപകരിൽ നിന്നും പണം സമാഹരിക്കുന്നു.

2. ഈ പണം ഓഹരി, കടപ്പത്രം പോലുള്ള വ്യത്യസ്ത  മേഖലകളിൽ നിക്ഷേപിക്കുന്നു.

3. ഈ നിക്ഷേപങ്ങളുടെ പലിശ, മൂലധനനേട്ടം എന്നിവ വഴി ലാഭം മ്യൂച്വൽ ഫണ്ടിലേക്ക് എത്തുന്നു.

4. കിട്ടുന്നതിൽ നിന്നു ചെലവു കഴിച്ചുള്ള തുക നിക്ഷേപകർക്ക്  വിതീച്ചു നൽകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA