sections
MORE

ഞൊടിയിടയിൽ വായ്പ, കുറഞ്ഞ പലിശയിൽ; വായ്പ നിഷേധിക്കാനല്ല ക്രെഡിറ്റ് സ്കോർ

HIGHLIGHTS
  • സ്കോർ നന്നായാൽ എല്ലാ ആവശ്യങ്ങൾക്കും എളുപ്പം വായ്പ ലഭിക്കും
m v nair
SHARE

എം.വി.നായർ,

സിബിൽ ചെയർമാൻ

''വായ്പ നിഷേധിക്കാനല്ല ക്രെഡിറ്റ് സ്കോർ. അപേക്ഷിച്ചാലുടൻ കുറഞ്ഞ നിരക്കിൽ വായ്പ ഉറപ്പാക്കുക എന്നതാണു സിബിലിന്റെ ലക്ഷ്യം. എടുത്ത വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നത് എല്ലാവരും ശീലമാക്കുന്നതോടെ ആ ലക്ഷ്യം യാഥാർഥ്യമാകും.''സിബിൽ ചെയർമാൻ എം.വി.നായർ പറയുന്നു. നിങ്ങൾ സിബിലിനെ പേടിക്കേണ്ടതില്ല. മറിച്ച് അതിന്റെ പോസിറ്റീവ് വശം തിരിച്ചറിയുക, സ്കോർ മെച്ചപ്പെടുത്താൻ ശ്രമിക്കുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ ജീവിതത്തിലെ ഏതാവശ്യത്തിനും ഓൺ ദ് സ്പോട്ട് വായ്പ ഉറപ്പാക്കും; അതും കുറഞ്ഞ പലിശയ്ക്കു തന്നെ, അദ്ദേഹം പറയുന്നു.

സിബിൽ മികച്ച വായ്പ ഉറപ്പാക്കുന്നു

കൂടുതൽ എളുപ്പത്തിൽ, സുഗമമായി, കുറഞ്ഞ നിരക്കിൽ വായ്പ ഉറപ്പാക്കാനുള്ള സംവിധാനമാണ് സിബിൽ ഒരുക്കുന്നത്. വായ്പ തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങൾ എല്ലാ ബാങ്കുകൾക്കും ഞങ്ങൾ ലഭ്യമാക്കുന്നു. ഈ ഡേറ്റ നോക്കി ഒരു വ്യക്തിക്കു വായ്പ നൽകണോ വേണ്ടയോ എന്നു ബാങ്കിനു തീരുമാനിക്കാം. അതുവഴി കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു മികച്ച വായ്പ, എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുകയാണു സിബിൽ ചെയ്യുന്നത്. അടയ്ക്കാത്തവർക്കു വായ്പ നിഷേധിക്കപ്പെടും. പക്ഷേ, ലക്ഷ്യം പോസിറ്റീവ് ആണ്.

മാർക്ക് കൂടിയാൽ പണം ഉറപ്പ്

ഇന്ന് ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാൻ എല്ലാവർക്കും മുന്നിലുള്ള വഴി വായ്പകളാണ്. അതിനാൽ എടുത്ത വായ്പ കൃത്യമായി തിരിച്ചടച്ച് നിങ്ങളുടെ സ്കോർ മികച്ചതാക്കുക. എങ്കിൽ ബുദ്ധിമുട്ടില്ലാതെ ഏതാവശ്യത്തിനും വായ്പ കിട്ടും.

വിദ്യാഭ്യാസ വായ്പ കൃത്യമായി തിരിച്ചടച്ചാൽ ജോലി കിട്ടിയാൽ ഉടൻ വായ്പ എടുത്ത് വാഹനം വാങ്ങാം. ഭവനവായ്പയിൽ വീടും സ്വന്തമാക്കാം. മികച്ച കസ്റ്റമറിന് ആവശ്യമുള്ളതെന്തും സ്വന്തമാക്കാൻ വായ്പാ ലഭ്യത ഉറപ്പാക്കുകയാണ് ക്രെഡിറ്റ് സ്കോർ ചെയ്യുന്നത്. ലളിതമായി പറഞ്ഞാൽ, സ്കോർ നല്ല രീതിയിൽ സൂക്ഷിച്ചാൽ നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും എളുപ്പത്തിൽ വായ്പ ലഭിക്കും. കാർ, വീട്, അവധിക്കാല യാത്ര, വിവാഹം, പഠനം എന്നുവേണ്ട ഏതാവശ്യത്തിനും പണം ഉറപ്പാക്കാം.

സിബിൽ എന്ത് ? എങ്ങനെ ?

2004 ൽ ആണ് സിബിൽ പ്രവർത്തനം തുടങ്ങിയത്. 2011 മുതൽ സ്കോർ ലഭ്യമാക്കി.

ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡ് തുടങ്ങിയത് രണ്ടു പ്രമുഖ ബാങ്കുകൾ ചേർന്നാണ്. ടെക്നോളജി പാർട്ണറായിരുന്നു യുഎസ് ആസ്ഥാനമായുള്ള ട്രാൻസ് യൂണിയൻ. വിദേശ നിക്ഷേപ പരിധി ഉയർത്തിയതോടെ നിലവിൽ 92 ശതമാനം ഓഹരിയും അമേരിക്കൻ കമ്പനിയുടേതായി. 34 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആഗോള ക്രെഡിറ്റ് ബ്യൂറോ ആണ് ട്രാൻസ് യൂണിയൻ. പേര്, മേൽവിലാസം, ജനനത്തീയതി എന്നിവ വച്ചാണു വ്യക്തികളുടെ വിവരങ്ങൾ ട്രാക്ക് ചെയ്യുന്നത്. നേരത്തേ പാൻ, വോട്ടേഴ്സ് ഐഡി തുടങ്ങിയവയാണ് ഉപയോഗിച്ചിരുന്നത്. ആധാർ നമ്പർ വന്നതോടെ കാര്യങ്ങൾ വളരെ എളുപ്പമായി.

സ്കോർ കുറഞ്ഞാൽ വായ്പ കിട്ടില്ലേ?

സ്കോർ കുറഞ്ഞവർക്കു വായ്പ നൽകാൻ ബാങ്കുകൾ പൊതുവേ തയാറല്ല. പക്ഷേ, അത്തരക്കാർക്കു മതിയായ ഈടിൽ സുരക്ഷിത വായ്പകൾ ലഭിക്കും. സ്കോർ കുറഞ്ഞവർക്ക് എളുപ്പം കിട്ടാവുന്നത് സ്വർണപ്പണയ വായ്പയാണ്. 750 വരെ ആണ് പൊതുവേ സ്വീകാര്യമായ സ്കോർ. അതിലും താഴ്ന്നാൽ സുരക്ഷിത വായ്പ പോലും തരണമെന്നില്ല.

ഇതുവരെ വായ്പ എടുക്കാത്തയാൾക്കു സ്കോറില്ല. പക്ഷേ, അത് നെഗറ്റീവ് അല്ല. എങ്കിലും ചില ബാങ്കുകൾ ഇത്തരക്കാർക്കു വായ്പ കൊടുക്കാൻ മടിക്കുന്നുണ്ട്. അതിനാൽ ജോലി കിട്ടിയാൽ ചെറിയ ക്രെഡിറ്റ് കാർഡ് വായ്പയെങ്കിലും എടുത്ത് കൃത്യമായി തിരിച്ചടച്ച് നല്ല സ്കോർ ഉണ്ടാക്കിയിടുക.

സ്കോർ പണത്തിനുള്ള ലൈസൻസ്

ബാങ്കിനെ സംബന്ധിച്ച് പുതിയതോ അറിയാത്തതോ ആയ കസ്റ്റമറാണെങ്കിൽ 750 നു താഴെയുള്ള സ്കോറിൽ വായ്പ ബുദ്ധിമുട്ടാണ്. 800 നു മേലാണെങ്കിൽ അറിയാത്ത കസ്റ്റമറാണെങ്കിലും ഏതു ബാങ്കും വായ്പ തരും. വായ്പയുടെ കാര്യത്തിൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയാണ് ക്രെഡിറ്റ് സ്കോർ. നിങ്ങൾക്കാവശ്യമായ പണം വായ്പയായി കിട്ടാനുള്ള ലൈസൻസ്.

ഏതെല്ലാം ബാങ്കുകൾ ?

രാജ്യത്തെ എല്ലാ ബാങ്കുകളും ക്രെഡിറ്റ് റേറ്റിങ്ങിനു കീഴിൽ വരും. ആർബിഐ നിബന്ധന പ്രകാരം പൊതു, സ്വകാര്യ, സഹകരണബാങ്കുകളും, സ്മോൾ ഫിനാൻസ് ബാങ്ക്, എൻബിഎഫ്സി മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഇതു ബാധകമാണ്. ഇവയെല്ലാം വായ്പാ വിവരങ്ങൾ സമാഹരിച്ച് സിബിലിൽ ലഭ്യമാക്കുന്നുണ്ട്. സഹകരണ സംഘങ്ങളുടെ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

ഭവനം, വാഹനം, വ്യക്തിഗതം, സ്വർണപ്പണയം, കാർഷികം തുടങ്ങി എല്ലാ വായ്പകളും ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. എത്ര ചെറിയ തുകയ്ക്കുള്ള വായ്പയും സ്കോറിനായി പരിഗണിക്കുകയും ചെയ്യും .

സ്കോർ എങ്ങനെ കിട്ടും?

നിങ്ങളുടെ സ്കോർ അറിയാൻ സിബിലിന്റെ വെബ്സൈറ്റിൽ പോകുക. നിങ്ങളെ തിരിച്ചറിയാൻ പാകത്തിലുള്ള ചില ചോദ്യങ്ങളുണ്ടാകും. അവയിൽ മൂന്നെണ്ണത്തിനു ശരിയായ ഉത്തരം നൽകിയാൽ സ്കോർ നിങ്ങൾക്ക് ഇ–മെയിലിൽ കിട്ടും. വർഷത്തിൽ ഒരു തവണ സ്കോർ സൗജന്യമാണ്. ഒരു വർഷം വീണ്ടും ഒരു സ്കോർ കൂടി വേണമെങ്കിൽ 550 രൂപ നൽകേണ്ടി വരും. പലരും ഓരോ മൂന്നു മാസത്തിലും സ്കോർ എടുക്കാറുണ്ട്. അത്തരക്കാർക്കു വേണ്ടി പാക്കേജുകളും ലഭ്യമാണ്. പണം കൊടുത്താലും ഇടയ്ക്ക് സ്കോർ എടുക്കുന്നതു നല്ലതാണ്. എന്നിട്ട് സ്കോർ മെച്ചപ്പെടുത്താൻ ശ്രമിക്കുക, അപ്പോൾ പലിശ കുറയും. എളുപ്പത്തിൽ വായ്പ കിട്ടും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA