sections
MORE

‘മനസ്സു’ വെച്ചാൽ കടം വീട്ടാം

HIGHLIGHTS
  • കടബാധ്യതയെക്കുറിച്ചുള്ള ആധിയും ഭയവുമാണ് അപകടകാരി
money or loan
SHARE

‘കടബാധ്യത മൂലം കുടുംബം ആത്മഹത്യചെയ്തു’’ എന്ന വാർത്ത മിക്കപ്പോഴും നാം കേൾക്കേണ്ടിവരുന്നു. കടമോ കടബാധ്യതയുടെ ആഴമോ മാത്രമല്ല, അതിനോടുള്ള മാനസിക സമീപനമാണ് ഇതുപോലുള്ള ദാരുണസംഭവങ്ങൾക്കു കാരണമാകുന്നത്. കടവും മനസ്സും തമ്മിലുള്ള ബന്ധം മനശ്ശാസ്ത്രലോകത്ത് സജീവ ഗവേഷണത്തിനു വിധേയമാകുന്നതും അതുകൊണ്ടാണ്. അതേസമയം കടബാധ്യതകൾ സമയബന്ധിതമായി തീർക്കുന്നതിൽ മനസ്സിനും മൈൻഡ്സെറ്റിനും വലിയ പങ്കുണ്ട്. 

ഭയം മാറ്റുക

കടബാധ്യതയെക്കുറിച്ചുള്ള ആധിയും ഭയവുമാണ് ഏറ്റവും അപകടകാരി. അവ പിടികൂടിക്കഴിഞ്ഞാൽ കടം തനിക്കു‘കൈകാര്യം ചെയ്യാനാവാത്ത ഒന്നാണ്’ എന്ന നിലയിലേക്കു മാറുന്നു. ആ മാനസികാവസ്ഥയിലെടുക്കുന്ന തീരുമാനങ്ങൾ കടബാധ്യത സങ്കീർണമാക്കാനേ ഉപകരിക്കൂ. നിശ്ചിതകാലം കൊണ്ടു വന്നുചേർന്ന കടം, നിശ്ചിതകാലം കൊണ്ടുതന്നെ പരിഹരിക്കാനാവുമെന്നു സ്വയം ബോധ്യപ്പെടുത്തണം. അതിനായി ബാധ്യതയുടെ കൃത്യമായ ചിത്രം ഒരു പുസ്തകത്തിലോ മറ്റോ രേഖപ്പെടുത്തുക. ഒാരോ ബാധ്യതയും അവയുടെ പലിശനിരക്ക്, കാലാവധി എന്നിങ്ങനെ തരംതിരിച്ചു രേഖപ്പെടുത്താം. 

ഇങ്ങനെ കാര്യങ്ങൾ കൃത്യമായി മനസ്സിലായിക്കഴിഞ്ഞാൽ അതു തീർക്കാനാവശ്യമായ ആസൂത്രണം തുടങ്ങാം. നിലവിലെ വരുമാനം, ചെലവ് ഇവയെല്ലാം രേഖപ്പെടുത്തി കടബാധ്യത പടിപടിയായി എത്രകാലം കൊണ്ട് കുറച്ചുകൊണ്ടുവരാൻ കഴിയുെമന്ന് പരിശോധിക്കുക. ഇതോടെ ഭയം മാറി, കടം തീർക്കാൻ മനസ്സ് തയാറെടുപ്പു തുടങ്ങും ഉറപ്പായും നിങ്ങൾക്കുള്ള കടബാധ്യതകൾ തീർക്കുമെന്ന ആത്മവിശ്വാസം, പണം അടച്ചുതീർക്കാൻ സാവകാശം നൽകാൻ, കടം നൽകിയവരെ പ്രേരിപ്പിച്ചെന്നും വരാം.

ആദ്യം വീട്ടേണ്ട കടങ്ങൾ

ഉയർന്ന പലിശനിരക്കിലുള്ള വലിയ തുകകളാണ് ആദ്യം കൊടുത്തു തീർക്കേണ്ടത് എന്നാണ് പൊതുവേയുള്ള ധാരണ. അങ്ങനെയല്ല, ഏറ്റവും ചെറിയ കടങ്ങളാണ് ആദ്യം വീട്ടിത്തുടങ്ങേണ്ടത്. കാരണം ചെറിയ ബാധ്യതകൾ എളുപ്പത്തിൽ വീട്ടാനാകും. ഇതു നമ്മുടെ ആത്മവിശ്വാസം കൂട്ടുമെന്നു മാത്രമല്ല ബാധ്യതകളുെട എണ്ണം പെട്ടെന്നു കുറയ്ക്കാനും സഹായിക്കും.  മാനസിക സമ്മർദവും കുറയും. 

കടബാധ്യതകൾ തീർക്കുന്നതുവരെയുള്ള കാലഘട്ടത്തെ ‘പരമാവധി ചെലവു ചുരുക്കൽ വർഷങ്ങൾ’ ആയി പ്രഖ്യാപിക്കുക. ഇതു കുടുംബം ഒത്തുകൂടിയിരുന്ന് ആലോചിച്ചു തീരുമാനിക്കണം. കുട്ടികളോടും നിർബന്ധമായും കാര്യങ്ങൾ വിശദീകരിക്കുക. അവരുടെ അഭിപ്രായവും സ്വീകരിക്കുക. ഈറ്റിങ് ഔട്ടുകൾ കുറച്ച് ഭക്ഷണവുമായി ചെറിയ പിക്നിക്കുകൾ പോകുന്നതുപോലെയുള്ള മാറ്റങ്ങൾ ചെലവു ചുരുക്കൽ ജീവിതത്തിന്റെ രസം കളയുകയുമില്ല.

അഭിനന്ദനവും സമ്മാനവും

കടബാധ്യതകൾ തീർക്കുന്നതിലെ ഓരോ ഘട്ടം കഴിയുമ്പോഴും സ്വയം അഭിനന്ദിക്കാനും വലിയ പണച്ചെലവില്ലാത്ത ആഘോഷങ്ങളോ, യാത്രകളോ കുടുംബത്തോടെ ആസ്വദിക്കാൻ ശ്രമിക്കുക. ഇതു കടബാധ്യത അകറ്റാനെടുക്കുന്ന പരിശ്രമങ്ങളുടെ കാഠിന്യം കുറയ്ക്കും. ഇങ്ങനെ മനസ്സൊരുക്കത്തോടെ കടബാധ്യതകളെ സമീപിച്ചാൽ എത്ര വലിയ ബാധ്യതയും തീർക്കാം, മനസ്സമാധാനത്തോടെ ജീവിക്കാം, മുന്നോട്ടു കുതിക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA