sections
MORE

സ്ത്രീകൾക്കു മികച്ച നിക്ഷേപം ഏത്?

HIGHLIGHTS
  • അച്ചടക്കത്തോടെ നിക്ഷേപം നടത്തിയാൽ ഏതാവശ്യത്തിനും തുക കണ്ടെത്താം.
ladies discussion
SHARE

 മകൾ ജനിച്ചപ്പോൾ മുതൽ വീട്ടുചെലവിനായി ഭർത്താവു നൽകുന്നതിൽനിന്നു മാസം 200 രൂപ മിച്ചം പിടിച്ച് പോസ്റ്റ് ഓഫിസിൽ റിക്കറിങ് ഡിപ്പോസിറ്റ് തുടങ്ങിയതാണ് ജലജ. അതു തീർന്നപ്പോൾ കിട്ടിയ തുകയ്ക്ക് മൂന്നു പവൻ സ്വർണം വാങ്ങി. 400 രൂപയുടെ അടുത്ത ആർഡിയും തുടങ്ങി. അതു തീർന്നപ്പോൾ അഞ്ചു പവൻ വാങ്ങി. ഈ രീതി ജലജ തുടർന്നു കൊണ്ടിരുന്നു. 20 വർഷങ്ങൾക്കിപ്പുറം മകളുടെ വിവാഹാവശ്യത്തിന് 20 പവൻ കയ്യിൽ ഏൽപിച്ചപ്പോൾ ഭർത്താവ് ഞെട്ടിപ്പോയി.

വരുമാനമൊന്നുമില്ലാത്ത സ്ത്രീക്ക് ഇത്രയും കഴിയുമെങ്കിൽ സ്ഥിരവരുമാനം നേടുന്ന സ്ത്രീകൾക്ക് എത്ര സമ്പാദിക്കാൻ കഴിയും. ഇവിടെ പലരും ചോദിക്കുന്ന ഒന്നുണ്ട്, ഏതാണ് സ്ത്രീകൾക്ക് അനുയോജ്യമായ പദ്ധതി?

നിക്ഷേപത്തിന്റെ കാര്യമെടുത്താൽ അതിൽ സ്ത്രീപുരുഷ വ്യത്യാസം ഇല്ല. ലഭ്യമായ പദ്ധതികളിൽനിന്നു സ്വന്തം സാഹചര്യത്തിനും ലക്ഷ്യങ്ങൾക്കും യോജിക്കുന്ന പദ്ധതികൾ കണ്ടെത്തി ഉപയോഗപ്പെടുത്തുകയാണു വേണ്ടത്. ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിച്ചാൽ നല്ല രീതിയിൽ സമ്പത്തു വളർത്താം.

മിച്ചം പിടിക്കാൻ എളുപ്പ മാർഗം

മിച്ചം പിടിക്കാനുള്ള എളുപ്പമാർഗം നിക്ഷേപ ഗുരുവായ വാറൻ ബഫറ്റ് നിർദേശിക്കുന്നു. ‘ആദ്യം മിച്ചം പിടിക്കുക, അതു നിക്ഷേപിക്കുക. ബാക്കിയുള്ളതുകൊണ്ടു ചെലവുകൾ നടത്തുക.’ കേൾക്കുമ്പോൾ ഇതെങ്ങനെ നടക്കാൻ എന്നു സംശയിക്കാം. പക്ഷേ, ഒന്നു ചെയ്തു നോക്കൂ.

മിച്ചം പിടിക്കുന്ന തുക ചെറുതോ വലുതോ ആകട്ടെ അതുകൊണ്ട് സമ്പത്തു വളർത്തിയെടുക്കാം. അതിനു പല മാർഗങ്ങളുണ്ട്. പോസ്റ്റ് ഓഫിസ്/ബാങ്ക് ആർഡികൾ സുരക്ഷിതമാണ്. പറയുന്ന നേട്ടം ഉറപ്പായും കിട്ടും. മ്യൂച്വൽ ഫണ്ട് എസ്ഐപിയാകട്ടെ അൽപം റിസ്ക് ഉള്ളതാണ്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന ആദായം നേടാൻ കഴിയും. കൂടുതൽ റിസ്ക് എടുക്കാമെന്നുള്ളവര്‍ക്ക് ഓഹരിയിലും മാസം തോറും നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാണ്. ചിട്ടിയാണെങ്കിൽ അത്യാവശ്യത്തിനു വായ്പയായും പ്രയോജനപ്പെടുത്താം. സ്വർണത്തിൽ ഗഡുക്കളായി നിക്ഷേപിക്കാനുള്ള അംഗീകൃത പദ്ധതികളും നിലവിലുണ്ട്. ഇനി നികുതിയിളവു കൂടി വേണമെങ്കിൽ അതനുസരിച്ചുള്ള നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കണം.

വലിയൊരു തുക ഒന്നിച്ചു കിട്ടിയാൽ എഫ്ഡിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിക്കാം. അത്യാവശ്യം കാര്യങ്ങൾ മനസ്സിലാക്കി ചെയ്യാമെന്നുള്ളവർക്ക് ഓഹരിയും നല്ലൊരു മാർഗമാണ്.

തട്ടിപ്പു പദ്ധതികൾ ഒഴിവാക്കുക

കൊതിപ്പിക്കുന്ന നേട്ടങ്ങൾക്കു പിന്നാലെ പോയി അംഗീകാരമില്ലാത്ത പദ്ധതികളിൽ നിക്ഷേപിച്ചാൽ അവസാനം ദുഃഖിക്കേണ്ടി വരും. തേക്ക്, മാഞ്ചിയം പോലുള്ള പദ്ധതികൾ ഇപ്പോഴും പല രൂപത്തിൽ നമുക്കു ചുറ്റുമുണ്ട്. അവ തിരിച്ചറിയുക, ഒഴിവാക്കുക.

മറക്കരുത് ഇക്കാര്യങ്ങൾ

∙ സ്ഥിരവരുമാനമുള്ള വനിതയാണെങ്കിൽ ആവശ്യമായ ലൈഫ് കവറേജ് ഉറപ്പാക്കാൻ ടേം പ്ലാൻ വാങ്ങിയിരിക്കണം.

∙ അതുപോലെതന്നെ നിർബന്ധമാണ് ഹെൽത്ത് പോളിസിയും. അതു സ്വന്തം പേരിൽ മാത്രം പോരാ, കുടുംബാംഗങ്ങളുടെ പേരിൽ കൂടി വേണം.

∙ അത്യാവശ്യത്തിനുള്ള ഒരു തുക എപ്പോഴും എടുക്കാനാകും വിധം എസ്ബി അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടിലോ ഉണ്ടാകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA