sections
MORE

ഡ്രൈവിങ് ലൈസൻസും തിരിച്ചറിയൽ രേഖയും സൂക്ഷിക്കാം ഡിജിലോക്കറിൽ

HIGHLIGHTS
  • ട്രാഫിക് പൊലീസും മറ്റും ആവശ്യപ്പെട്ടാൽ ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതി.
digital-banking
SHARE

വിലപ്പെട്ട രേഖകൾ ഇലക്ട്രോണിക് രൂപത്തിലാക്കി സൂക്ഷിച്ചു വയ്ക്കാനുള്ള സംവിധാനമാണ് ഡിജിലോക്കർ.  കേന്ദ്രസർക്കാരിന്റെ ഈ സംരംഭം ഫോണുകളിൽ ആപ് രൂപത്തിൽ അവതരിപ്പിക്കപ്പെട്ടതോടെ വിപുലമായ പ്രചാരമാണ് കൈവന്നത്. ഇതിനകം ഒന്നര കോടിയിധികം പേരാണ് ഡിജിലോക്കറിൽ റജിസ്റ്റർ െചയ്ത് ഉപയോഗിക്കുന്നത്.

വാഹന പരിശോധനാ വേളയിലും തീവണ്ടിയിലെ തിരിച്ചറിയൽ രേഖാ പരിശോധനയിലുമൊക്കെ ഇനി ഈ ഡിജിറ്റൽ രേഖകൾ കാണിച്ചാൽ മതി. ഡ്രൈവിങ് ലൈസന്‍സിന്റെയും, വാഹനത്തിന്റെ റജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകൾ ഉള്‍പ്പെടെയുള്ളവയുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര റോഡ്, ഹൈവേ ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നതോടെയാണ് വലിയ നൂലാമാലകൾ ഒഴിവാകുന്നത്. കേരളത്തിൽ സിബിഎസ്ഇ സർട്ടിഫിക്കറ്റുകൾ അടക്കം ഇനി ഡിജിറ്റലായി മൊബൈലിൽ ലഭ്യമാകും.

ഒറിജിനൽ രേഖകൾക്കു തുല്യം

യഥാർഥ രേഖകള്‍ക്കു നല്‍കുന്ന മൂല്യം തന്നെ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്പുകളില്‍ സൂക്ഷിച്ചുവയ്ക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്കു നല്‍കും. ഐടി നിയമപ്രകാരം ഡിജിലോക്കറില്‍ നിന്ന് എടുക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഒറിജിനല്‍ രേഖകള്‍ക്കു തുല്യമായി കണക്കാക്കും.

എങ്ങനെ ഉപയോഗിക്കാം?

ഡിജിലോക്കർ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ആൻഡ്രോയ്ഡ് ഫോണുകളിലെ പ്ലേസ്റ്റോറിൽ നിന്നും ഐഫോണുകളിൽ ആപ്സ്റ്റോറിൽനിന്നും ‘ഡിജിലോക്കർ’ എന്ന ആപ് ഡൗൺലോഡ്ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം ആധാർ നമ്പർ ഉപയോഗിച്ച്, റജിസ്റ്റർ ചെയ്ത് ഉപയോഗിച്ചു തുടങ്ങാം. പാൻകാർഡ്, വാഹനങ്ങളുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, വാഹന ഇൻഷുറൻസ് തുടങ്ങിയവയുടെ നമ്പർ ഉപയോഗിച്ച് ആപ്പിലേക്ക് ഡൗൺ‌ലോഡ് ചെയ്യാം. രേഖകളും അനുബന്ധ വിവരങ്ങളും ആപ്പില്‍ സൂക്ഷിക്കാം.

ട്രാഫിക് പൊലീസോ മറ്റേതെങ്കിലും അധികാരികളോ ആവശ്യപ്പെടുന്നപക്ഷം ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയാകും. ഇന്ത്യൻ റെയിൽവേ അടക്കമുള്ള പ്രധാന സർക്കാർ സ്ഥാപനങ്ങൾ ഈ ഡിജിറ്റൽ രേഖകളെ യഥാർഥ രേഖകളായി അംഗീകരിച്ചു കഴിഞ്ഞു. ഇങ്ങനെ അതത് ഔദ്യോഗിക സൈറ്റുകളിൽനിന്നും ഡിജിലോക്കറിലേക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രേഖകളിൽ ഡിജിലോക്കർ വെരിഫൈഡ് അല്ലെങ്കിൽ ഡിജിറ്റലി സൈൻഡ് എന്ന് ഒരു ടിക് മാർക്കിനൊപ്പം രേഖപ്പെടുത്തിയിരിക്കുന്നതാണ് സർട്ടിഫിക്കറ്റുകളുടെ ആധികാരികതയ്ക്കു തെളിവ്. മാത്രമല്ല ഓരോ സർട്ടിഫിക്കറ്റിലും ഒരു ക്യുആർ കോഡും ഉണ്ടായിരിക്കും. അധികാരികൾക്കു പരിശോധന വേളയിൽ ഇതു സ്കാൻ ചെയ്താൽ വിവരങ്ങൾ കൃത്യമാണോ എന്നു മനസ്സിലാക്കാം.

യഥാർഥ രേഖകൾ കയ്യിൽ വേണ്ട

നിയമലംഘനങ്ങള്‍ ശ്രദ്ധയിൽപെടുന്ന പക്ഷം സര്‍ക്കാരിന്റെ തന്നെ ‘വാഹന്‍‘, ‘സാരഥി’ എന്നീ ഡേറ്റാ ബേസുകള്‍ ഉപയോഗിച്ചു നടപടികള്‍ സ്വീകരിക്കാനും അധികാരികള്‍ക്കു കഴിയും. ചുരുക്കിപ്പറഞ്ഞാൽ വാഹനമോടിക്കുമ്പോഴും യാത്രചെയ്യുമ്പോഴുമൊക്കെ ഡിജിലോക്കർ ഉണ്ടെങ്കിൽ ഡ്രൈവിങ്‌ ലൈസൻസ് ഉൾപ്പെടെ യഥാർഥ രേഖകൾ കൊണ്ടുനടക്കേണ്ടതില്ല. പാസ്പോർട്ട് ഓഫിസ്, യൂണിവേഴ്സിറ്റികൾ, റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നപക്ഷം ഡിജിലോക്കറിൽ നിന്നു രേഖകൾ നേരിട്ടു ലഭ്യമാകുന്നതിനാൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നൂലാമാലകൾ പലതും ഒഴിവാകും എന്ന സൗകര്യവുമുണ്ട്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA