sections
MORE

പിഎഫ് ലോൺ തിരിച്ചടയ്ക്കേണ്ട, പലിശയുമില്ല

HIGHLIGHTS
  • നിങ്ങളുടെ അധ്വാനത്തിൽ നിന്നു സ്വരുക്കൂട്ടിയ സമ്പത്താണ് പിഎഫ് നിക്ഷേപം
money
SHARE

ഏറ്റവും നിർണായക ഘട്ടത്തിൽ, വളരെ അത്യാവശ്യത്തിന് മാത്രമേ പിഎഫിൽ നിന്നു വായ്പ എടുക്കാവൂ.സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രമേശന് രണ്ടു ലക്ഷം രൂപയുടെ അത്യാവശ്യം വന്നത് പെട്ടെന്നാണ്. അപകടത്തെ തുടർന്നു മകന്റെ ചികിൽസാ ആവശ്യത്തിനു ഒരാഴ്ചയ്ക്കുള്ളിൽ പണം കൂടിയേ തീരൂ.

അത്രയും പണം തന്നു സഹായിക്കാൻ ആരുമില്ല.ക്രെഡിറ്റ് റേറ്റിങ് മോശമായതിനാൽ ബാങ്ക് വായ്പയ്ക്ക് സാധ്യതയുമില്ല. പണയം വയ്ക്കാൻ സ്വർണമോ മറ്റ് ആസ്തികളോ ഒന്നുമില്ല. എന്തു ചെയ്യുമെന്നറിയാതെ ഉരുകിനിന്ന സമയത്താണ് സഹപ്രവർത്തകൻ പിഎഫ് വായ്പയെക്കുറിച്ചു പറഞ്ഞത്. അന്നു തന്നെ ഇപിഎഫ്ഒയുടെ പോർട്ടലിൽ റജിസ്റ്റർ ചെയ്തു, അപേക്ഷ നൽകി. നാലാം ദിവസം പണവും കിട്ടി. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് അത്യാവശ്യത്തിനു പണം, ഏറ്റവും എളുപ്പത്തിൽ കിട്ടാവുന്ന ഒരു അത്താണിയാണ് ഇപിഎഫ് വായ്പകൾ.

മികവുകൾ പലത്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വായ്പയ്ക്ക് ഗുണങ്ങൾ പലതാണ്.

1 വളരെ പെട്ടെന്നു ലഭിക്കും. ഇപ്പോൾ, അപേക്ഷിച്ചാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽത്തന്നെ പണം കിട്ടും. കൂടിയാൽ ഒരാഴ്ച എടുക്കാം.

2 ഓൺലൈനായി അപേക്ഷിക്കാം. മെമ്പർ പോർട്ടലിൽ പേര് റജിസ്റ്റർ ചെയ്ത് ആവശ്യമായ തുക അടക്കം അപേക്ഷ നൽകിയാൽ മതി.

3 എടുത്ത വായ്പ തിരിച്ചടയ്ക്കേണ്ടതില്ല. അതുകൊണ്ടു തന്നെ ഇഎംഐയോ പലിശയോ ബാധകവുമല്ല.

എത്ര തുക കിട്ടും?

നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിൽ എത്ര തുകയുണ്ട്, നിങ്ങളുടെ ആവശ്യമെന്ത് എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് എത്ര തുക വായ്പ കിട്ടും എന്നു നിശ്ചയിക്കുന്നത്. ആവശ്യം അടിസ്ഥാനമാക്കി അക്കൗണ്ടിലുള്ള തുകയുടെ 50 മുതൽ 90 ശതമാനം വരെ അനുവദിക്കും. സ്ഥലം വാങ്ങാനും വീടു വയ്ക്കാനുമാണ് പരമാവധി തുക അനുവദിക്കുക.

ആദ്യം നിങ്ങളുടെ അക്കൗണ്ടിൽ എത്ര തുകയുണ്ട് എന്നു മനസ്സിലാക്കണം. എന്നിട്ട് അതനുസരിച്ച്, ആവശ്യമുള്ള തുകയെക്കാൾ അൽപം ഉയർന്ന തുകയ്ക്ക് വായ്പാ അപേക്ഷ നൽകണം.

അത്യാവശ്യത്തിനു മാത്രം

എളുപ്പത്തിൽ വായ്പ കിട്ടും, തിരിച്ചടയ്ക്കേണ്ട, പലിശയില്ല എന്നീ ഗുണങ്ങൾ നോക്കി പരമാവധി വായ്പ എടുക്കാമെന്നു കരുതരുത്. അങ്ങനെ ചെയ്താൽ വലിയ അബദ്ധമായിരിക്കും. കാരണം അന്നുവരെയുള്ള നിങ്ങളുടെ അധ്വാനത്തിൽ നിന്നു സ്വരുക്കൂട്ടിയ സമ്പത്താണ് പിഎഫിലെ നിക്ഷേപം.

തിരിച്ചടയ്ക്കേണ്ട എന്നതിനാൽ നിങ്ങളുടെ മേൽ അമിതഭാരം വരുന്നില്ല. അതുകൊണ്ടു തന്നെ പിഎഫിലേക്ക് കൂടുതൽ തുക അടയ്ക്കാനുള്ള അവസരം ഉപയോഗപ്പെടുത്തി എടുത്ത മുതലെങ്കിലും തിരിച്ചടയ്ക്കാൻ ശ്രദ്ധിക്കണം. അങ്ങനെ ചെയ്താൽ ഭാവിയിലേക്ക് സമ്പാദ്യം ഉറപ്പാക്കാമെന്നു മാത്രമല്ല, അത്യാവശ്യം വന്നാൽ നല്ലൊരു തുക വായ്പയായി ഉറപ്പാക്കാനുമാകും. മാത്രമല്ല പിഎഫ് നിക്ഷേപം ആദായനികുതി ലാഭിക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ് എന്നതും ഓർക്കുക 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA