ADVERTISEMENT

സാമ്പത്തിക ശാസ്ത്രത്തിലെ അക്കാദമിക മികവും നയചാതുരിയും കൈമുതലായുള്ള നിര്‍മലാ സീതാരാമന്‍ ഇന്ത്യന്‍ സമ്പദ്‌വ്യസ്ഥയേ കുറിച്ചും രാജ്യം കടന്നു പോകുന്ന സാമ്പത്തിക പ്രതിസന്ധികളേ കുറിച്ചും തികഞ്ഞ അവബോധമുള്ള ആളാണ്. അതു കൊണ്ടു തന്നെ ധനമന്ത്രി പദത്തില്‍ അവര്‍ തിളങ്ങിയേക്കും എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. ജൂലൈ 5ന് ബജറ്റ് പെട്ടി തുറക്കുമ്പോള്‍ ധനമന്ത്രി തങ്ങളെ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കുന്നവരില്‍ രാജ്യത്തെ വലിയൊരു വിഭാഗം സ്ത്രീകളുമുണ്ട്. 

കഴിഞ്ഞ ബജറ്റില്‍ സ്ത്രീ സുരക്ഷയ്ക്കും വീട്ടമ്മമാരുടെ ക്ഷേമത്തിനും സര്‍ക്കാര്‍ പരിഗണന നല്‍കിയിരുന്നു. ഇത്തവണ എന്തായാലും ഈ മേഖലയ്ക്കായി കൂടുതല്‍ വിഹിതം വക ഇരുത്തുമെന്നാണ് പൊതുവേ സ്ത്രീകളുടെ പ്രതീക്ഷ. 

നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞേക്കും

കഴിഞ്ഞ ബജറ്റില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനയ്ക്ക് തട ഇടാന്‍ പ്രഖ്യാപനങ്ങള്‍ ഇല്ലായിരുന്നു. ഈ ബജറ്റില്‍  അതുണ്ടായേക്കും എന്ന് പ്രതീക്ഷിക്കുന്ന വീട്ടമ്മമാര്‍ ഉണ്ട്. ''ബജറ്റ് അവതരിപ്പിക്കുന്നത് ഒരു സ്ത്രീയാണല്ലോ. കുടുംബ ബജറ്റിനെ പിടിച്ചു നിര്‍ത്തണമെങ്കില്‍ സാധനങ്ങളുടെ വിലക്കയറ്റം കുറയ്ക്കാന്‍ നടപടികള്‍ ഉണ്ടാകണം എന്ന് അവർക്ക് വ്യക്തമായി അറിയാനാകും. നിത്യോപയോഗ സാധനങ്ങളുടെ വില കുറയണം.'' കോട്ടയം സ്വദേശിയും വീട്ടമ്മയുമായ സോഫി പറയുന്നു. 

ആദായ നികുതി പരിധി ഉയരും

ആദായ നികുതി ഘടനയില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് ഉദ്യോഗസ്ഥരായ സ്ത്രീകള്‍. ''ആദായ നികുതി പരിധി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. പാചക വാതകം, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുടെ വില കുറഞ്ഞേക്കും.'' കൊച്ചി ആരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥയായ അമ്പിളി പറയുന്നു. കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാന്‍ ഭവന വായ്പ ഉള്‍പ്പെടെയുള്ളവയുടെ പലിശ ഭാരം കുറയണമെന്ന് ആഗ്രഹിക്കുന്നവരാണ്  മദ്ധ്യവര്‍ഗ്ഗക്കാരായ ഉദ്യോഗസ്ഥരില്‍ ഏറെയും. 

രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാന്‍ നടപടികള്‍ എടുത്തേക്കും എന്ന് അഭ്യസ്ത വിദ്യര്‍ പ്രതീക്ഷിക്കുന്നു. ''വിദ്യാഭ്യാസ മേഖലക്ക്‌, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനും സുരക്ഷയ്ക്കും കൂടുതല്‍ പരിഗണന ലഭിക്കുമെന്ന് വിശ്വസിക്കുന്നു.'' കോഴിക്കോട് സ്വദേശിയും ബിരുദാനന്തര ബിരുദധാരിയുമായ സേബ അഭിപ്രായപ്പെടുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com