sections
MORE

മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കിലും വായ്പ ലഭിക്കണമെന്നില്ല

HIGHLIGHTS
  • വായ്പാതിരിച്ചടവിനുള്ള തുക വരുമാനത്തിന്റെ 50%ൽ കൂടരുത്
gold loan
SHARE

മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ വായ്പ ഉറപ്പായും ലഭിക്കുമെന്നാണ് പലരുടേയും തെറ്റിദ്ധാരണ. മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കും ഒരു പരിധിയിലേറെ വായ്പാ ചെലവുണ്ടെങ്കില്‍ തുടര്‍ന്നു വായ്പ ലഭിക്കാൻ ബുദ്ധിമുട്ടാകും. ഒരു വ്യക്തിയുടെ വരുമാനത്തിന്റെ 50 ശതമാനം ജീവിത ചെലവുകള്‍ നേരിടാനായി വേണ്ടി വരും എന്നതാണ് വായ്പ നല്‍കുന്നവരുടെ കണക്കു കൂട്ടല്‍. അതായത് നിങ്ങള്‍ വായ്പാ തിരിച്ചടവിനായി ചെലവഴിക്കുന്ന തുക വരുമാനത്തിന്റെ 50 ശതമാനത്തിലെത്തിയിട്ടുണ്ടെങ്കില്‍ എത്ര മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കിലും വായ്പ ലഭിക്കുക എളുപ്പമല്ല.

സോഫ്റ്റ് വെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഇരുപത്തിയെട്ടുകാരനായ ആതിഷിന്റെ അനുഭവങ്ങള്‍ നോക്കുക. മികച്ച വരുമാനമുള്ള ആതിഷിന് നിലവില്‍ വിദ്യാഭ്യാസ വായ്പയും കാര്‍ വായ്പയും പേഴ്‌സണല്‍ വായ്പയുമുണ്ട്. ഇവയെല്ലാം കൃത്യമായി തന്നെ തിരിച്ചടക്കുന്നതിനാല്‍ 780 എന്ന ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുമുണ്ട്. അതിനിടെ ആശുപത്രി ചെലവിനായി ഒരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിച്ച ആതിഷിന്റെ പ്രതീക്ഷകള്‍ തകിടം മറിയുകയായിരുന്നു. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ള താന്‍ അപേക്ഷിച്ച വായ്പ സ്വാഭാവികമായും അംഗീകരിക്കപ്പെടും എന്നു കരുതിയെങ്കിലും അതു നിരസിക്കപ്പെട്ടു. സുരക്ഷിത വിഭാഗത്തില്‍ പെട്ട കാര്‍ വായ്പയും സുരക്ഷിതമല്ലാത്ത വിഭാഗത്തില്‍ പെട്ട വിദ്യാഭ്യാസ, പേഴ്‌സണല്‍ വായ്പകളും അടക്കം നിരവധി വായ്പകള്‍ അദ്ദേഹത്തിന്റെ നിലവിലുള്ള വായ്പാ തിരിച്ചടവു തുക വരുമാനത്തിന്റെ 50 ശതമാനത്തിനു മുകളിലെത്തിച്ചിരുന്നു. അതു കൊണ്ടു തന്നെ മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിരുന്നിട്ടും ആതിഷിന് വായ്പ കിട്ടിയില്ല. ഇങ്ങനെ നിരവധി വായ്പകളുണ്ടെങ്കിൽ നിങ്ങൾക്കും അടുത്തൊരു വായ്പ കിട്ടില്ല.

നിരവധി വായ്പാ ദാതാക്കള്‍ക്ക് ഒരേ സമയം വായ്പാ അപേക്ഷ നല്‍കുന്ന രീതിയും ഒഴിവാക്കണം. പെട്ടെന്നു വായ്പ നേടാമല്ലോ എന്നുദ്ദേശിച്ചു ചെയ്യുന്ന ഈ പ്രവര്‍ത്തി തിരിച്ചടിയായേക്കും. ഒരു വായ്പാ ദാതാവില്‍ നിന്നു വായ്പ ലഭിച്ച വിവരം അടുത്തവർ അറിയുന്നതിനു മുന്നേ തന്നെ അവിടെ നിന്നുകൂടി വായ്പ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാവും ഇത്തരത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ ഒരേ സമയം വായ്പാ അപേക്ഷ നല്‍കുന്നത്. വായ്പ നല്‍കുന്ന സ്ഥാപനം വ്യക്തിയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് തേടുമ്പോള്‍ ഇങ്ങനെ നല്‍കിയ അപേക്ഷകളെ എന്‍ക്വയറി എന്ന വിഭാഗത്തിലായിരിക്കും കാണിക്കുക.

ഇതിന് വായ്പ നല്‍കിയിട്ടുണ്ടോ എന്ന കാര്യം നിശ്ചയമില്ലാത്തതിനാല്‍ മറ്റു സ്ഥാപനങ്ങള്‍ ഈ വ്യക്തിയുടെ വായ്പാ അപേക്ഷ സ്വാഭാവികമായും നിരസിക്കും. എക്‌സ്പീരിയന്‍, ഇക്വിഫാക്‌സ്, സി.ആര്‍.ഐ.എഫ്., ട്രാന്‍സ് യൂണിയന്‍ സിബില്‍ എന്നീ നാല് വായ്പാ ബ്യൂറോകളാണല്ലോ ഇന്ത്യയിലുള്ളത്. വായ്പ നല്‍കിയതു സംബന്ധിച്ച വിവരം ബ്യൂറോകള്‍ക്കു റിപ്പോര്‍ട്ടു ചെയ്യാന്‍ ഒരാഴ്ച മുതല്‍ ഒരു മാസം വരെ എടുത്തേക്കാമെന്നതിനാല്‍ ഒരു സ്ഥാപനത്തില്‍ നല്‍കിയ വായ്പാ അപേക്ഷ നിരസിക്കപ്പെട്ടാല്‍ പോലും ഒരു മാസം കഴിഞ്ഞേ മറ്റൊരു ബാങ്കില്‍ അപേക്ഷ നല്‍കി വായ്പ നേടാനാവൂ. വായ്പാ അപേക്ഷ നല്‍കുന്നതിനു മുന്നേ മാനദണ്ഡങ്ങളെക്കുറിച്ചും യോഗ്യതയെക്കുറിച്ചും കൃത്യമായി അറിഞ്ഞിരിക്കുക.

ക്രെഡിറ്റ് സ്‌കോര്‍ മികച്ച രീതിയില്‍ നിലനിര്‍ത്തുകയും വായ്പാ തിരിച്ചടവു തുക വരുമാനത്തിന്റെ 50 ശതമാനത്തിലേറെയാകാതിരിക്കുകയും ചെയ്യുകയാണ് വേണ്ടത്. അങ്ങനെയായാൽ അടിയന്തര ഘട്ടങ്ങളില്‍ വായ്പ നേടാൻ ബുദ്ധിമുട്ടുണ്ടാകില്ല. 

ലേഖകൻ ക്ലിയര്‍സ്‌കോറിന്റെ കണ്‍ട്രി മാനേജരാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA