ADVERTISEMENT

എപ്പോഴും എവിടെവച്ചു വേണമെങ്കിലും ഷോപ്പിങ് ചെയ്യാം എന്നതാണ് ഓൺലൈൻ ഷോപ്പിങ്ങിന്റെ ഗുണം. ഷോപ്പിങ് അനായാസമായപ്പോൾ തട്ടിപ്പും വ്യാപകമായി. വിദ്യാഭ്യാസമുള്ളവർ പോലും ഒട്ടേറെ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ട്. ഫലപ്രദമായി ഓൺലൈൻ ഷോപ്പിങ് ചെയ്യാൻ ചിലകാര്യങ്ങൾ ശ്രദ്ധിക്കാം:

∙എപ്പോഴും സുരക്ഷിതമായ കണക്ഷനിൽനിന്നു മാത്രം ഓൺലൈൻ ഓഡറുകൾ നൽകുക. നിങ്ങൾ ഉപയോഗിക്കുന്ന കംപ്യൂട്ടർ, ഫോൺ തുടങ്ങിയവ വൈറസ് പ്രൊട്ടക്‌ഷൻ ഉള്ളതായിരിക്കണം. 

∙സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ നിങ്ങളുടെ അക്കൗണ്ട് നമ്പർ, യൂസർ നെയിം, പാസ്‌വേഡ് തുടങ്ങിയവ ഹാക്ക് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. കംപ്യൂട്ടറിന്റെ ഫയർവാൾ ഓൺ ആയിരിക്കണം. 

∙വീട്ടിലെ വയർലെസ്സ് നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോൾ പുറത്തുനിന്നുള്ളവർക്ക് അത് ലഭ്യമാകുന്നില്ലെന്ന് ഉറപ്പാക്കണം. നെറ്റ്‌വർക്കിനു പാസ്‌വേഡ് പ്രൊട്ടക്ഷൻ നൽകുക. അല്ലെങ്കിൽ നിങ്ങളുടെ ഓൺലൈൻ വിവരങ്ങൾ ചോർന്നേക്കാം. 

∙പൊതുഇടങ്ങളിലെ നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോൾ ബാങ്ക് ഇടപാടുകൾ, ഓൺലൈൻ ഷോപ്പിങ്, ആപ്പുകൾ ഡൗൺലോഡ് ചെയ്യൽ ഇവയൊന്നും പാടില്ല. 

∙ഓൺഷോപ്പിങ് ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചു നിങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. പരിചിതമായ വിശ്വസ്ത ബ്രാൻഡ് ആണെങ്കിൽ ധൈര്യമായി ഷോപ്പിങ് ചെയ്യാം. എന്നാൽ അത്ര പരിചിതമല്ലാത്ത സ്ഥാപനങ്ങളിൽനിന്നു ഓർഡർ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. അവരുടെ ഉൽപന്നങ്ങളെക്കുറിച്ചും വിൽപനാനന്തര സേവനത്തെക്കുറിച്ചും വ്യക്തമായി മനസിലാക്കുക. സൈറ്റിലെ ഫീഡ്ബാക്ക് പരിശോധിക്കാം. സുഹൃത്തുക്കളുടെ അനുഭവങ്ങളും ചോദിച്ചറിയാം. വ്യക്തമായ ഫീഡ്ബാക്ക് ഇല്ലാത്തവയാണെങ്കിൽ ഓൺലൈൻ ഇടപാടുകൾ നടത്താതിരിക്കുന്നതാണ് ഉചിതം. 

∙ സാധനങ്ങൾ വളരെ കുറഞ്ഞ വിലയ്ക്കാണ് ഓൺലൈനിൽ വിൽപ്പനയ്ക്കു വച്ചിരിക്കുന്നതെങ്കിൽ ഉൽപ്പന്നത്തിന്റെ ഗുണമേന്മയിൽ കുറവുണ്ടാകാം. അല്ലെങ്കിൽ എന്തെങ്കിലും തകരാറുണ്ടാകാം. മറ്റു കമ്പനികളുടെ ഉൽപന്നങ്ങളുടെ വില കൂടി പരിശോധിക്കുക. 

∙കൂട്ടുകാർക്കോ, ബന്ധുകൾക്കോ വേണ്ടി ഓൺലൈൻ ഗിഫ്റ്റ് കാർഡ് വാങ്ങുമ്പോൾ, കാർഡിന്റെ കാലാവധി, മറ്റ് നിബന്ധനകൾ എന്നിവ വിശദമായി വായിക്കുക. 

∙ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ പർച്ചേസ് ചെയ്യുന്നതിനു നിങ്ങളുടെ വിവരങ്ങൾ കൂടുതലായി ചോദിച്ചറിയുന്നതുപോലെ തോന്നുന്നുണ്ടോ? ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സോഷ്യൽ സെക്ക്യൂരിറ്റി വിശദാംശങ്ങൾ, ഡ്രൈവിങ് ലൈസൻസ് നമ്പർ തുടങ്ങിയവയെല്ലാം ചോദിക്കുന്നുണ്ടെങ്കിൽ, ആ ഇടപാടുകൾ സുരക്ഷിതമാകണം എന്നില്ല. നിങ്ങളുടെ വിവരങ്ങൾ പങ്കുവെയ്ക്കപ്പെടാൻ സാധ്യതയുണ്ട്. അത്തരം സൈറ്റുകളിൽനിന്നുള്ള ഷോപ്പിങ് ഒഴിവാക്കുക.  

∙ ഷോപ്പിങ് ചെയ്യുന്ന വെബ്സൈറ്റിൽ യൂസർ നെയിമും, പാസ്‌വേഡും ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് പ്രത്യേകമായിരിക്കണം. അതേ യൂസർ നെയിം, പാസ്‌വേഡ് എന്നിവ മറ്റൊരിടത്തും ഉപയോഗിക്കരുത്. 

∙ നിങ്ങൾ ഷോപ്പിങ് ചെയ്യുന്ന വെബ്സൈറ്റ് സുരക്ഷിതമാണോ എന്നു പരിശോധിക്കുക. വെബ് വിലാസം “https:”  എന്നു തുടങ്ങുന്നതായിരിക്കണം. ‘s’ ഇല്ലാതെ “http:”  എന്നു തുടങ്ങുന്നത് വ്യാജസൈറ്റ് ആയിരിക്കും.        

∙ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ ക്രെഡിറ്റ് കാർഡ് ആണ് കൂടുതൽ സുരക്ഷിതം. കാരണം നിങ്ങളുടെ വിവരങ്ങൾ ചോർന്നാലും ക്രെഡിറ്റ് കാർഡിന് പർച്ചേസ് ലിമിറ്റ് ഉള്ളതുകൊണ്ട് കൂടുതൽ തട്ടിപ്പ് നടത്താൻ സാധ്യമല്ല. 

∙ കമ്പനിയുടെ ഷിപ്പിങ് നിബന്ധനകൾ മനസ്സിലാക്കുക. ചാർജ് അറിഞ്ഞതിനുശേഷം മാത്രം ഓൺലൈൻ പർച്ചേസ് ചെയ്യുക. ട്രാക്ക് ചെയ്യാനും ഇൻഷുറൻസ് സൗകര്യവും നൽകുന്നുണ്ടോ എന്നും അറിഞ്ഞിരിക്കാം. കൃത്യ സമയത്തിനകം ഡെലിവറി ചെയ്യുന്നുണ്ടോ എന്നും ഉറപ്പുവരുത്തുക. 

∙ ഓൺലൈൻ ഷോപ്പിങ് ചെയ്യുമ്പോൾ മികച്ച ഇന്റർനെറ്റ് സെക്യൂരിറ്റി ഉറപ്പാക്കണം. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com