ADVERTISEMENT

ഡയമണ്ട് നെക്‌ലെസ് സിനിമയിലെ ഫഹദ് അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രത്തെ ഓർമയില്ലേ.. മികച്ച ശമ്പളമുണ്ടായിട്ടും കൈയിൽ ഒരു രൂപപോലും നീക്കിയിരുപ്പില്ലാത്ത അവസ്ഥ. എന്തിനും ഏതിനും ക്രെഡിറ്റ് കാർഡ്. ഒന്നല്ല ഒരുപാട് കാർഡുകൾ ഒരേസമയം ഉപയോഗിക്കുന്നു. അടിച്ചുപൊളിക്കുന്ന യുവത്വത്തിന്റെ പ്രതീകമാണ് ആ ഡോക്ടർ. അവസാനം വായ്പാപരിധി കഴിഞ്ഞ് കടക്കെണിയിൽ. യാതൊരു നിയന്ത്രണവുമില്ലാതെ ഉല്ലസിച്ചു നടക്കുന്നവർ ക്രെഡിറ്റ് കാർഡിനെ ഭയക്കണം. സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ആളെക്കൊല്ലിയാണ്. ക്രെഡിറ്റ് കാർഡ് പ്രശ്നമാകുന്നതെപ്പോൾ 

കൃത്യസമയത്ത് തിരിച്ചടച്ചില്ലെങ്കിൽ

∙ മിനിമം തുക മാത്രം അടച്ച് ബാക്കി തുക അടുത്ത മാസത്തേക്ക് ക്യാരി ഓവർ ചെയ്യുന്ന ആളാണോ നിങ്ങൾ? കമ്പനികളുടെ ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നത് കടം കൂടാനേ ഉപകരിക്കൂ. ഓരോ തവണയും ക്യാരി ഓവർ ചെയ്യുന്ന തുകയ്ക്ക് വൻ പലിശ നൽകേണ്ടിവരും എന്നോർക്കുക. മാത്രമല്ല, എല്ലാ മാസവും മിനിമം തുക മാത്രം അടയ്ക്കുന്നതിലാകും നിങ്ങളുടെ ശ്രദ്ധ. ഇതു പാടില്ല. ഡ്യൂ ഡേറ്റിൽ തന്നെ ഉപയോഗിച്ച തുക മുഴുവൻ തിരിച്ചടയ്ക്കാൻ ശ്രദ്ധിക്കുക.

∙മിനിമം തുക അടച്ചാൽ മതിയല്ലോ. ലേറ്റ് ഫീ, മറ്റു പലിശയൊന്നും ഇല്ലല്ലോ എന്നു വിചാരിക്കുന്നവരാണ് മിക്കവരും. മിനിമം തുക എന്നു പറയുന്നത് മൊത്തം അടയ്ക്കാനുള്ള തുകയുടെ 5% മാത്രമാണ്. തുക അടയ്ക്കാൻ വൈകുന്തോറും വൻതുക പലിശയായി മാത്രം നൽകേണ്ടിവരും. സാധാരണ 3.5 % ആണ് ഒരു മാസത്തെ പലിശ. അടയ്ക്കാതെ വന്നാൽ ഇത് വർഷത്തിൽ 42% വരെ ആകാം.  

ക്രെഡിറ്റ് സ്കോർ

ക്രെഡിറ്റ് തുക കൃത്യ സമയത്തുതന്നെ തിരിച്ചടയ്ക്കുക. വൈകുന്തോറും പിഴതുക കൂടുമെന്നു മാത്രമല്ല പലിശയും വർധിക്കും. മാത്രമല്ല പലിശരഹിത വായ്പ ലഭിക്കില്ല. ക്രെഡിറ്റ് സ്കോർ കുറയും.

∙ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ അനുസരിച്ചാണ് നിങ്ങൾക്ക് ബാങ്ക് വായ്പ അനുവദിക്കുക. വായ്പാ ചരിത്രം മോശമാണെങ്കിൽ സ്കോർ കുറയും. ക്രെഡിറ്റ് കാർഡ് പരിധി പരമാവധി വരെ ചെലവഴിക്കുന്നവരാണെങ്കിൽ സ്കോർ കുറയും.  

എടിഎം വഴി പണം പിൻവലിച്ചാൽ

∙ക്രെഡിറ്റ് കാർഡുപയോഗിച്ച് പണം പിൻവലിക്കരുത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ള സൗകര്യമാണിത്. മുൻകൂർ പണം ലഭിച്ചതിനുള്ള ചാർജ്, പിൻവലിച്ച തുകയ്ക്കുള്ള പലിശ, എടിഎം ഉപയോഗിച്ചതിനുള്ള ചാർജ് എല്ലാം ഈടാക്കും. പിൻവലിച്ച പണം മുഴുവൻ തിരിച്ചടയ്ക്കുന്നതുവരെ പലിശ ഈടാക്കുമെന്നതിനാൽ കഴിവതും ഒഴിവാക്കുക.

വിദേശയാത്രകളിൽ

∙വിദേശയാത്രകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക. 

∙ഇന്റർനാഷനൽ ട്രാൻസാക്ഷന് പ്രത്യേക ചാർജ് ഈടാക്കും. 

ക്രെഡിറ്റ് പോയിന്റ് കുരുക്ക്

∙ക്രെഡിറ്റ് പോയിന്റുകളിൽ വീണുപോകരുത്. കാർഡ് ഉപഭോക്താക്കൾക്ക് പർച്ചേസ് ചെയ്യുന്നതിന് ക്രെഡിറ്റ് പോയിന്റുകൾ ലഭിക്കും. ഉപഭോക്താക്കളെ കൂടുതൽ കാർഡ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് കമ്പനികൾ. പോയിന്റ് ലഭിക്കുന്നതിനായി ആവശ്യമില്ലാതെ സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നവരുമുണ്ട്. ആ കെണിയിൽ വീഴാതിരിക്കുക.

∙ ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും ആകർഷകമായ ഓഫറുകളെക്കുറിച്ച്  നിങ്ങളെ ഫോണിൽ അറിയിക്കാറുണ്ടോ? ഇത്തരം ഓഫറുകളിൽ അമിതമായി വീണുപോകരുത്. ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക.

പരിധി കടക്കരുത്

∙നിങ്ങളുടെ തിരിച്ചടവ് ശേഷി അറിഞ്ഞുമാത്രം കാർഡ് ഉപയോഗിക്കുക. ചിലർക്ക് അതും ഉയർന്ന വായ്പാ പരിധി ഉള്ള ഒന്നിൽക്കൂടുതൽ ക്രെഡിറ്റ് കാർഡുകൾ ഉണ്ടാകും. അതിനാൽ എത്രത്തോളം കാർഡ് ഉപയോഗിക്കുന്നു എന്ന് തിരിച്ചറിയുകയില്ല. ക്രെഡ്റ്റ് ലിമിറ്റ് മുഴുവൻ ഉപയോഗിച്ചു തീർക്കണമെന്ന് നിർബന്ധം പിടിക്കരുത്.   

കൂടുതൽ കാർഡുകൾ വേണ്ട

∙കൂടുതൽ ക്രെഡിറ്റ് കാർഡുകൾ കെണിയാണ്. നിങ്ങൾ എത്രയാണ് പർച്ചേസ് ചെയ്തത് എന്നതിനു പരിധി ഉണ്ടാകില്ല. മാത്രമല്ല, തിരിച്ചടവ് തുകയും ഉത്തരവാദിത്വവും കൂടും. എല്ലാ കാർഡുകളിലും കൃത്യമായി തിരിച്ചടച്ചിട്ടില്ലെങ്കിൽ പലിശ നിരക്ക് കൂടും. ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. എന്തിനും ഏതിനും ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കുന്നത് നല്ലതല്ല.

പർച്ചേസ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക

∙ക്രെഡിറ്റ് കാർഡ് കമ്പനിയുടെ ആളാണെന്നു കരുതി വരുന്ന ഫോൺ കോളുകൾക്ക് പ്രതികരിക്കരുത്. ഒരിക്കലും ബാങ്കോ, ക്രെഡിറ്റ് കാർഡ് കമ്പനിയോ കാർഡ് വിവരങ്ങൾ ചോദിച്ചുകൊണ്ട് വിളിക്കില്ല. 

∙പെട്രോൾ പമ്പുകളിലും ഷോപ്പുകളിലും കാർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. കാർഡ് വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പുവരുത്തുക. 

∙കാർഡ് സ്വൈപ്പിങ് മെഷീനുകളിൽ ബിൽ തുക വ്യക്തമായി കാണുന്നില്ലെങ്കിൽ ഒരിക്കലും സ്വൈപ് ചെയ്യരുത്. തുക ശരിയാണോ എന്നു സ്വൈപ് ചെയ്യുന്നതിനു മുൻപ് പരിശോധിക്കുക.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com