sections
MORE

വീടു പണി സ്വയം ചെയ്യണോ അതോ കരാർ കൊടുക്കണോ?

HIGHLIGHTS
  • വീടുമായി ബന്ധപ്പെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളും കരാറിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പു വരു ത്തണം
woman 2
SHARE

വീടു പണി കരാർ നൽകണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ചില കാര്യങ്ങളെ ആശ്രയിച്ചാണ്. അതിൽ ആദ്യത്തേത് വീട്ടുകാരന് ഈ മേഖലയിലുള്ള പരിചയസമ്പന്നത തന്നെ. രണ്ടാമത്തെ കാര്യം അദ്ദേഹത്തിന്റെ നിലവിലെ ജോലിയുടെ സ്വഭാവവും സമയ ലഭ്യതയുമാണ്. അടുത്തത് പരിചയസമ്പന്നരായ ജോലിക്കാരെ ആവശ്യസമയത്ത് ലഭിക്കുമോയെന്നതാണ്. ഈ മൂന്നു കാര്യങ്ങളിലും വീട്ടുകാരന് അനുകൂലമാണ് എന്നാണ് മറുപടിയെങ്കിൽ നിർമാണം സ്വയം ഏറ്റെടുക്കാം. എന്നാൽ ഒന്നിലെങ്കിലും പ്രതികൂലമാണെങ്കിൽ കരാർ നൽകുന്നതാവും ഉചിതം. വീടു നിർമാണം ലേബർ മാത്രമായും സാമഗ്രികൾ ഉൾപ്പെടെയും ടേൺ കീ അടിസ്ഥാനത്തിലുമെല്ലാം നൽകാറുണ്ട്. നമ്മുടെ സമയവും സാഹചര്യവും കാര്യപ്രാപ്തിയും നോക്കി ഇതിൽ ഏതു വേണമെന്നു തീരുമാനിക്കാം. 

വ്യക്തമായ പ്ലാനും ലേഔട്ടുമെല്ലാം ഉണ്ടെങ്കിൽ കോൺട്രാക്ടറുമായി സംസാരിക്കാനും കരാർ വ്യവസ്ഥകൾ പറഞ്ഞുറപ്പിക്കാനും എളുപ്പമാകും. ഉപയോഗിക്കുന്ന സാമഗ്രികളുടെ ബ്രാൻഡ്, സൈസ്, വില നിലവാരം, വീട്ടുകാരന്റെ ഭാഗത്തു നിന്നു ചെയ്തുകൊടുക്കേണ്ട കാര്യങ്ങൾ, പേമെന്റ് ഷെഡ്യൂൾ, നിർമാണ കാലാവധി തുടങ്ങിയവ‌യെല്ലാം കരാറിൽ ഉൾപ്പെടുത്തുക. ഓരോ ഘട്ടത്തിലും ജോലിയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്താൻ വേണ്ട സംവിധാനവും ഏർപ്പെടുത്തുക. 

വീടുമായി ബന്ധപ്പെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളും കരാറിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തണം. അതോടൊപ്പം കരാർ പ്രകാരമുള്ളതല്ലാതെ എക്സ്ട്രാ വർക്കുകൾ ഉണ്ടാകാതെയും നോക്കണം. 

നിർമാണ സാമഗ്രികൾ

കരാർ കൊടുക്കുന്നിനു‍ മുൻപ്, പ്ലാനും ബജറ്റും തയാറാക്കുന്ന വേളയിൽ നിർമാണ സാമഗ്രികളെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്തണം. ഉദാഹരണത്തിനു ഭിത്തിക്ക് സിമന്റ് കട്ടയാണോ ഇന്റർലോക്ക് ബ്രിക്കാണോ ഉപയോഗിക്കുന്നത്, റൂഫിങ് കോൺക്രീറ്റ് വേണോ ട്രസ്റൂഫ് വേണോ, പ്ലാസ്റ്ററിങ്ങിന് ജിപ്സം പ്ലാസ്റ്റർ ഉപയോഗിക്കണോ തുടങ്ങിയ കാര്യങ്ങളിലൊക്കെ വ്യക്തതയോടെ വേണം മുന്നോട്ടു പോകാൻ. ഇതിലെല്ലാം എത്രത്തോളം ക്ലാരിറ്റി ഉണ്ടോ, അത്രയും ക്ലാരിറ്റി കരാറിനും ഉണ്ടാകും.             

ബദലുകൾ

വിവിധങ്ങളായ ബദലുകൾ ഇന്ന് നിർമാണ മേഖലയിൽ ഉപയോഗിക്കുന്നുണ്ട്. ഓരോ സാമഗ്രിക്കും അതിന്റേതായ ഗുണവും ദോഷവും കാണാം. ഒരു വീടിന് അനുയോജ്യമായ ബദൽ സാമഗ്രി മറ്റൊരിടത്ത് അതുപോലെ ഉപയോഗിക്കാനായെന്നു വരില്ല. ഇക്കാര്യത്തിൽ വീട്ടുകാരും ഡിസൈനറും കൂടിയിരുന്നാണ് തീരുമാനം എടുക്കേണ്ടത്. ബജറ്റിന്റെ പരിമിതികളെ മറികടക്കാനും സമയലാഭത്തിനും പലപ്പോഴും ബദലുകളെ ആശ്രയിക്കേണ്ടി വരാം. 

ഫിനിഷിങ് സ്റ്റേജ്

ഈ സ്റ്റേജിൽ ബജറ്റ് തീർന്നു വരുന്നതിന്റെയും പണി തീരാത്തതിന്റെയും ആശങ്കയിലാകും വീട്ടുകാർ. വീടിനകത്തും പുറത്തും ഒട്ടേറെ ജോലികൾ ഈ ഘട്ടത്തിലുണ്ടാകും. ഫ്ളോറിങ്, വയറിങ്, പ്ലംബിങ്, െപയിന്റിങ്  തുടങ്ങിയവയെല്ലാം ഈ സമയത്താണല്ലോ പൂർത്തീകരിക്കുക. ഗാർഡന്‍, ഗേറ്റ്, മതിൽ, പേവിങ് ടൈൽ പണികൾ പുറത്തുണ്ടാകും. അതോടൊപ്പം കിച്ചൺ ഉൾപ്പെടെയുള്ള കബോർഡ് വർക്കുകളും ട്രസ് റൂഫിങ്ങുമെല്ലാം ചേർന്ന് ആകെ എരിപൊരി പണിയായിരിക്കും. ഈ സമയത്തേക്ക് വേണ്ട സാമഗ്രികളൊക്കെ മുൻകൂർ വാങ്ങിവയ്ക്കുകയാണ് ടെൻഷൻ ഒഴിവാക്കാനും ബജറ്റ് ലാഭിക്കാനുമുള്ള പ്രധാന വഴി. അതോടൊപ്പം കൂടുതൽ പണിക്കാർ ഒരേ സമയം ജോലി ചെയ്യുമ്പോൾ വീട്ടുകാരന് അവരോടൊപ്പം നിന്ന് വേണ്ട നിർദേശങ്ങൾ കൊടുക്കാനും കഴിയണം. സമയക്കുറവ് പറഞ്ഞ് പണിക്കാരോ കോൺട്രാക്ടറോ ഫിനിഷിങ്ങിൽ വിട്ടുവീഴ്ചയ്ക്കു തുനിഞ്ഞാൽ സമ്മതിച്ചു കൊടുക്കരുത്. അൽപം സമയം എടുത്തിട്ടായാലും ഉദ്ദേശിച്ച രീതിയിലും ക്വാളിറ്റിയിലും പണി തീർത്തെടുക്കാൻ നോക്കണം. അല്ലാത്തപക്ഷം പിന്നീട് ഇതേ കാര്യത്തിന് വീണ്ടും പണം മുടക്കേണ്ടി വരാം. 

വീടുപണിയിൽ പരമപ്രധാനമായ മറ്റൊരു കാര്യം കൂടി പറയാം. ‘സ്മൂത്ത് കമ്മ്യൂണിക്കേഷൻ’. ആർക്കിടെക്റ്റ്, കോൺട്രാക്ടർ, തൊഴിലാളികൾ, വീട്ടുകാർ എന്നിവരെല്ലാം വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് വേണ്ടതുപോലെ പറയാനും നിർദേശങ്ങൾ നൽകാനും സ്വീകരിക്കാനും തയാറാകണം. വീടു നിർമാണം ഒരു കൂട്ടായ്മയാണ്. ഇവിടെ ആശയവിനിമയം കൃത്യമായി നടന്നാൽ പിന്നെ വീടുപണിയൊരു ബാധ്യതയല്ല, അഭിമാനമാണ് 

വീട് മാത്രമല്ല ജീവിതം

വീടാണ് ജീവിതത്തിൽ പരമപ്രധാനമെന്ന ചിന്തയാണ് ആദ്യത്തേത്. ആവശ്യവും ആഗ്രഹവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാതെ പോകുന്നത് അടുത്ത കാരണം. ഇന്നത്തെ വരുമാനം നാളെയും ഉണ്ടാകുമോയെന്നറിയാതെയുള്ള എടുത്തു ചാട്ടം പിന്നാലെ വരുന്നു. ഇതിനൊക്കെ പുറമെ, അല്ലെങ്കിൽ അതിനൊക്കെ മേലെയാണ് ആസൂത്രണമില്ലായ്മയും ബജറ്റിങ്ങിലെ പിഴവും. 

പൊറുക്കാനാവാത്ത ഇത്തരം തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കാനും അതിൽ അകപ്പെടാതിരിക്കാനും വേണ്ട മുൻകരുതലുകൾ എടുക്കാനായാൽ ബാധ്യതയാകാതെ ബജറ്റിലൊതുങ്ങുന്ന വീട് സാക്ഷാത്കരിക്കാനാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA