sections
MORE

‍ഡിജിറ്റൽ ട്രാൻസാക് ഷന് 6 മാർഗങ്ങൾ

HIGHLIGHTS
  • അംഗീകൃത യുപിഐ ആപ് ഉപയോഗിച്ച് അക്കൗണ്ടിൽനിന്നു നേരിട്ടു പണമയയ്ക്കാനാകും
online-money-fraud
SHARE

ഓൺലൈനായി ഇടപാടുകൾ നടത്തുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. ഓരോന്നിന്റെയും സവിശേഷതകളും പോരായ്മകളും മനസിലാക്കിയാൽ ആവശ്യമനുസരിച്ച് മികച്ചതും ചെലവു കുറഞ്ഞതുമായ രീതി ഉപയോഗപ്പെടുത്താം.

1. എൻഇഎഫ്ടി– (നാഷനൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ)

∙ ഇലക്ട്രോണിക് ബാങ്കിങ് വഴി ഓൺലൈനായും ബാങ്ക് ശാഖ വഴി ഓഫ് ലൈനായും പണം അയയ്ക്കാം.∙ ഒരു രൂപ മുതൽ പരിധിയില്ലാതെ എത്ര തുകയും അയയ്ക്കാം. ∙ ബാങ്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ രാത്രി 7 മണി വരെ മാത്രം. ∙ ഒരു ദിവസം അര മണിക്കൂർ ഇടവിട്ട് 23 തവണ ഇടപാടുകൾ. സാധാരണ രണ്ടു മണിക്കൂറിനുള്ളിൽ കിട്ടേണ്ടയാളുടെ അക്കൗണ്ടിൽ പണം എത്തും.

2. ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്

∙ അയയ്ക്കാവുന്ന മിനിമം തുക രണ്ടു ലക്ഷം. പരമാവധി തുകയ്ക്ക് പരിധിയില്ല.∙ ഓൺലൈനായും ബാങ്ക് ശാഖയിലെ സ്വന്തം അക്കൗണ്ട് വഴി ഓഫ് ലൈനായും പണമയക്കാം. ∙ ബാങ്ക് പ്രവർത്തി ദിവസം രാവിലെ ഏഴു മുതൽ വൈകിട്ട് ആറു മണി വരെയാണ്.∙ പണം അയച്ചാലുടൻ (റിയൽ ൈടം) കിട്ടേണ്ടയാളുടെ അക്കൗണ്ടിൽ തുക എത്തും.

3. യുപിഐ (യുണിഫൈഡ് പേയ്മൻറ് ഇന്റർഫേസ്)

∙ സ്വന്തം ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന അംഗീകൃത യുപിഐ ആപ് ഉപയോഗിച്ച് അക്കൗണ്ടിൽനിന്നു നേരിട്ടു പണമയയ്ക്കാം. ഭീം, ഗൂഗിൾ പേ മുതലായവയ്ക്കു പുറമെ ബാങ്കുകളുടെ യുപിഐ ആപ്പുകളും ലഭ്യമാണ്. ∙ ഏത് ബാങ്കിന്റെ അക്കൗണ്ടുമായും ലിങ്ക് ചെയ്യാം. ∙ 24 മണിക്കൂറും, ആഴ്ചയിൽ ഏഴ് ദിവസവും ലഭ്യം. ∙ കുറഞ്ഞ തുകയില്ല. ഒരു ദിവസം പരമാവധി 10 ഇടപാടുകളായി ഒരു ലക്ഷം രൂപയേ അയയ്ക്കാനാവൂ. ∙ പണം അയയ്ക്കേണ്ട ആളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യമില്ല. നിങ്ങളുടെ ഫോൺ കോണ്ടാക്ടിൽനിന്ന് ആപ് ഉപയോഗിക്കുന്ന ആളുടെ മൊബൈൽ നമ്പർ തിരഞ്ഞെടുത്തു പണമയയ്ക്കാം. ∙ പബ്ലിക് ഇഷ്യു അപേക്ഷകൾക്ക് രണ്ടു ലക്ഷം വരെ കൈമാറ്റം ചെയ്യാം

4. ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ്)

∙ 24 മണിക്കൂറും, ആഴ്ചയിൽ ഏഴ് ദിവസവും ലഭ്യം. ∙ കിട്ടേണ്ടയാളുടെ അക്കൗണ്ടിൽ ഉടൻ പണം ക്രെഡിറ്റ് ചെയ്യും. ∙ കുറഞ്ഞ തുകയില്ല. പരമാവധി രണ്ടു ലക്ഷം രൂപ വരെ അയയ്ക്കാം.

5. എഇപിഎസ് (ആധാർ എനേബിൾഡ് പേയ്മെന്റ് സർവീസ്)

ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റ് (മൈക്രോ എടിഎം) വഴി നടത്തുന്ന ഇടപാടുകളാണിത്. ഗ്രാമങ്ങളിലും മികച്ച ബാങ്കിങ് സംവിധാനമുള്ള കേരളത്തിൽ അത്ര പ്രചാരമില്ല. മറ്റു സംസ്ഥാനങ്ങളിൽ ഒരുപാടു പേർ ഉപയോഗിക്കുന്നു.

∙ ബിസിനസ് കറസ്പോണ്ടന്റ് ലൈസൻസ് ലഭിച്ച സ്ഥാപനങ്ങളിൽ ചെന്ന് ആധാർ നമ്പർ, വിരലടയാളം അല്ലെങ്കിൽ ബാങ്ക് കാർഡ് സ്വൈപ്പിങ് വഴി അക്കൗണ്ടിൽനിന്നു പണം കൈമാറ്റം നടത്താം. പണം നിക്ഷേപിക്കാം, പിൻവലിക്കാം. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണമെന്നു മാത്രം.

6. എൻയുയുപി (നാഷണൽ യൂണിഫൈഡ് യുഎസ്എസ്ഡി പ്ലാറ്റ്‌ഫോം)

∙ യുപിഐ അധിഷ്ഠിതമായ സേവനം. ∙ സ്മാർട് ഫോണോ ഇന്റർ‌നെറ്റോ ആവശ്യമില്ല. സാധാരണ ഫോൺ ഉപയോഗിച്ചും പണമയയ്ക്കാം. അക്കൗണ്ട് ബാലൻസ് ചെക്ക് ചെയ്യാം. ∙ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഫോൺ നമ്പറിൽ നിന്ന് *99# ഡയൽ ചെയ്ത് ഇടപാടുകൾ നടത്താം. ∙ ആദ്യ തവണ ഡെബിറ്റ് കാർഡ് നമ്പർ നൽകി, ആറക്ക പിൻനമ്പർ സെറ്റ് ചെയ്യണം. ∙ ഒരു തവണ ഉപയോഗിക്കാൻ 50 പൈസ ടെലികോം കമ്പനി ഈടാക്കും. ∙ പരമാവധി 5,000 രൂപ വരെ ദിവസം അയയ്ക്കാം. ∙ 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ലഭ്യം. ∙ കിട്ടേണ്ടയാളുടെ അക്കൗണ്ടിൽ ഉടൻതന്നെ പണം എത്തും. ∙ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ലഭ്യമാണ്. ∙ നെറ്റ്‌വർക്ക് തടസം മൂലം സേവനം തടസപ്പെടാം എന്നത് പ്രധാന പോരായ്മയാണ്. ∙ ജിഎസ്എം ഫോണുകളിലേ ലഭ്യമാകൂ.

യുപിഐ ഒഴിച്ചുള്ള മറ്റു ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ പണം ലഭിക്കേണ്ട ആളുടെ പേര്, അക്കൗണ്ട് നമ്പർ, ബാങ്ക്, ബാങ്ക് ബ്രാഞ്ചിന്റെ IFSC കോഡ് എന്നിവ രേഖപ്പെടുത്തണം. ബാങ്ക് ശാഖ വഴി പണമയയ്ക്കാൻ രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയ്ക്ക് ചെക്ക് നിർബന്ധമാണ്. സുരക്ഷാ കാരണങ്ങളാൽ ചെറിയ തുകയ്ക്കും ബാങ്കുകൾ ചെക്ക് ആവശ്യപ്പെടാറുണ്ട്.അക്കൗണ്ടില്ലാത്ത ബാങ്കു വഴി പരമാവധി 50,000 രൂപ വരെ പണമായി അടച്ചു ട്രാൻസ്ഫർ നടത്താം. എന്നാൽ എല്ലാ ബാങ്കുകളും ഈ സേവനം നൽകുന്നില്ല.

പണം കൈമാറ്റം സംബന്ധിച്ചുള്ള പൊതു നിബന്ധനകൾ

നിശ്ചിത സമയത്തിനുശേഷം ഓൺലൈനായി നടത്തുന്ന എൻഇഎഫ്ടി- ആർടിജിഎസ് ട്രാൻസ്ഫറുകൾ അടുത്ത പ്രവൃത്തി ദിവസം രാവിലെയേ പ്രൊസസ് ചെയ്യൂ. റീടെയിൽ ബാങ്കിങ് വഴിയുള്ള എൻഇഎഫ്ടി–ആർടിജിഎസ് ഇടപാടുകളുടെ പരമാവധി തുക മിക്ക ബാങ്കുകളും 10 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കോർപ്പറേറ്റ്അക്കൗണ്ടുകൾക്ക് ഇത് ബാധകമല്ല. ഓൺലൈൻ ആയി വലിയ തുകകൾ അയയ്ക്കണമെങ്കിൽ ആദ്യമായി ബെനിഫിഷ്യറിയെ ആഡ് ചെയ്യുകയും അപ്രൂവ് ചെയ്യുകയും ചെയ്യണം.


ഗവൺമെന്റ് കോളജ്, കോടഞ്ചേരി, കോഴിക്കോട് കോടഞ്ചേരിഗവൺമെന്റ് കോളജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ആണ് ലേഖകൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA