ADVERTISEMENT

പഠിച്ചിറങ്ങിയതേയുള്ളു. കൊള്ളാവുന്നൊരു ജോലി കിട്ടി. പ്രായവും കുറവ്. കിട്ടുന്ന ശമ്പളം മുഴുവൻ നിങ്ങൾ അടിച്ചു പൊളിക്കുകയാണോ? എന്നാൽ കിട്ടുന്നതു മുഴുവൻ പുട്ടടിക്കാതെ അൽപം ആസൂത്രണവും തയാറെടുപ്പുമുണ്ടെങ്കിൽ ഭാവി സുരക്ഷിതമാക്കാം. ജോലി കിട്ടിയാൽ സ്വന്തം മൊബൈൽ ബിൽ അടയ്ക്കാനും ഷോപ്പിങ്ങും കഴിഞ്ഞു ബാക്കി ഉണ്ടെങ്കിൽ സമ്പാദിക്കാം എന്നാണ് ന്യൂ ജനറേഷൻ നിലപാട്. ജോലിയിലേക്ക് കടക്കുന്നവർ സാമ്പത്തിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് മുൻതൂക്കം നൽകുന്നതോടൊപ്പം സമ്പാദിക്കുക കൂടി ചെയ്യുക. തുടക്കത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് ഭാവിയിലെ വിജയത്തിന് സഹായകമാകും

ലക്ഷ്യത്തിലേക്ക് മാറ്റി വയ്ക്കുക, കടം വാങ്ങരുത്

സ്വന്തമായിട്ട് ജോലി കിട്ടുമ്പോൾ കൂട്ടുകാരൊത്ത് അടിച്ചു പൊളിക്കാനും വിലകൂടിയ മൊബൈൽ ഫോൺ പോലുള്ളവയ്ക്കും വേണ്ടി പണം ചെലവഴിക്കുന്നവരാണ് മിക്കവരും. മാത്രമല്ല  ഇതിനായി ലോൺ എടുക്കാൻ പോലും മടിയില്ല. യാത്ര പോകാൻ വായ്പയ്ക്ക് അപേക്ഷിക്കുന്നതിൽ 85 ശതമാനം പേരും  യുവാക്കൾ ആണെന്നാണ് പഠനങ്ങൾ പറയുന്നത്.

കൂടുതൽ കടമെടുക്കുന്നത് സാമ്പത്തിക നില തകരാറിലാക്കും. 

സാധനങ്ങൾ വാങ്ങുന്നതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചു സ്വയം തെറ്റായ ധാരണ ഉണ്ടാക്കും. കൂടുതൽ പർച്ചേസ് ചെയ്യാൻ കഴിയുമെന്ന മിഥ്യാധാരണ വളർത്തും. പഴ്സണൽ ലോൺ എടുക്കുന്നത് കടബാധ്യത കൂട്ടുo. അത് വർഷം 20 - 24 ശതമാനം വരെ പലിശ ഈടാക്കും. ക്രെഡിറ്റ് കാർഡും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ മറ്റൊരു ബാധ്യതയായി തീരും. നിങ്ങളുടെ വരുമാനത്തിന്റെ 30 ശതമാനത്തിൽ കൂടുതൽ പണം തിരിച്ചടയ്ക്കാനും  ക്രെഡിറ്റ് ബില്ലുകൾ സമയത്തിന് അടയ്ക്കുന്നതിനും ചെലവഴിക്കരുത്. പണം തിരിച്ചടക്കാൻ കഴിഞ്ഞില്ലെങ്കിൽ അധിക ബാധ്യതയായി തീരുമെന്ന് ഓർക്കുക. പിഴപ്പലിശ നൽകേണ്ടിയും വരും.  ഇവ നിയന്ത്രിക്കുന്നതിന് മാസാദ്യം നിശ്ചിതതുക സമ്പാദ്യത്തിനായി മാറ്റി വയ്ക്കുക. 3 വർഷങ്ങൾക്കു ശേഷമുള്ള ലക്ഷ്യത്തിൽ എത്തുന്നതിന് വേണ്ടി ഹൈബ്രിഡ് ഫണ്ടിൽ നിക്ഷേപിക്കാം.

നിങ്ങളുടെ ചെലവ് ട്രാക്ക് ചെയ്യുക

കൈയിലെ പണം ചെലവഴിക്കപ്പെടുന്ന എങ്ങനെയെന്ന് നിരീക്ഷിക്കുക  200 - 300 രൂപയല്ലേ ചെലവുള്ളു എന്നു കരുതി ചെറിയ സാധനങ്ങൾ ആവശ്യമില്ലെങ്കിലും വാങ്ങിക്കൂട്ടുമ്പോൾ അത് ശ്രദ്ധിക്കുകയില്ല.ഇത്തരത്തിലെ നിങ്ങളുടെ ചിലവഴിക്കൽ രീതി കുറച്ചു മാസങ്ങൾ നിരീക്ഷിക്കുക ഇതിനായി മണി മാനേജ്മെൻറ് ആപ്പ് ഉപയോഗിക്കാം അതുവഴി അനാവശ്യ ചെലവുകൾ നിയന്ത്രിക്കാം.വിദ്യാഭ്യാസ വായ്പ ആദ്യം അടച്ചുതീർക്കാൻ ശ്രദ്ധിക്കണം. 

എപ്പോഴും എമർജൻസി ഫണ്ട് കരുതുക

അപ്രതീക്ഷിതമായ ചെലവുകൾക്ക് ഫണ്ട് കണ്ടെത്തുന്നത് യുവാക്കളുടെ പ്രധാന പ്രശ്നമാണ്. അത്തരം സന്ദർഭങ്ങളിലേക്കായി സമ്പാദ്യത്തിന്റെ ചെറിയൊരു ശതമാനം എമർജൻസി ആയി മാറ്റി വയ്ക്കുക. അത്യാവശ്യഘട്ടങ്ങളിൽ പണത്തിനായി കടം വാങ്ങുന്നത് ഒഴിവാക്കാം. കരിയറിന്റെ തുടക്കത്തിൽ ആഘോഷിച്ചു നടക്കുന്നത് സ്വാഭാവികമാണ്. ഉത്തരവാദിത്വം കുറവായിരിക്കും അതുകൊണ്ട് വരുമാനത്തിന്റെ 10ശതമാനം വരെ അനിയന്ത്രിത ചെലവുകൾക്കായി മാറ്റിവയ്ക്കാം എന്നാൽ അതിനായി അധികം ചെലവഴിക്കരുത്. കടം വാങ്ങുകയോ ക്രെഡിറ്റ് കാർഡ് ഉപയോഗപ്പെടുത്തുകയോ ചെയ്യരുത്. മാത്രമല്ല നിങ്ങളുടെ സ്വപ്നങ്ങൾക്കായി ആയി  ജോലിയിൽ ഒരു ബ്രേക്ക് എടുക്കേണ്ടി വന്നാലും  ഈ എമർജൻസി ഫണ്ട് പ്രയോജനപ്പെടുത്താം.

ഇൻഷുറൻസ് വേണം

നിങ്ങൾക്ക് ആവശ്യമുള്ള ഇൻഷുറൻസ് തുടക്കത്തിലെ എടുത്തിരിക്കണം. ആദ്യമേ ലൈഫ് ഇൻഷുറൻസ് എടുക്കണമെന്നില്ല. എന്നാൽ വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ടെങ്കിൽ നിർബന്ധമായും ടേം ഇൻഷുറൻസ് എടുക്കണം. അത് ലോണുമായി ബന്ധിപ്പിക്കണം. മറ്റൊന്ന് സാമ്പത്തിക വർഷാവസാനം നികുതി ലാഭിക്കുന്നതിനായി എൻഡോവ്മെൻറ് പ്ലാൻ എടുക്കുന്നവരായിരിക്കും കൂടുതൽ. ഒപ്പം നല്ലൊരു ഹെൽത്ത് ഇൻഷുറൻസ് എടുക്കണം. ചെറിയപ്രായത്തിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയം കുറവായിരിക്കും മാത്രമല്ല അല്ല നിബന്ധനകളുമുണ്ടാവില്ല

ടാക്സ് സേവിങിനെ കുറിച്ച് മനസ്സിലാക്കുക

സാധാരണ തൊഴിലിലെ തുടക്കക്കാർക്ക് 5 ലക്ഷത്തിൽ താഴെ ആയിരിക്കും വാർഷിക വരുമാനം ഉണ്ടാവുക. നികുതി ലാഭിക്കുന്നതിനായി അതിലൊരു ഭാഗം ബുദ്ധിപൂർവ്വം നിക്ഷേപിക്കണം.  എന്നാൽ മുഴുവൻ നിക്ഷേപങ്ങളും അതിനുവേണ്ടി മാത്രമാകരുത് താനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com