ADVERTISEMENT

ക്രെഡിറ്റ് കാർഡ് വളരെ സൗകര്യമാണ്. ഉപയോഗിക്കാൻ എളുപ്പവുമാണ്. എന്നാൽ ക്രെഡിറ്റ് കാർഡുകൊണ്ടു കടം പെരുകി പൊല്ലാപ്പായവരാകും കൂടുതൽ. അശ്രദ്ധമായി കൈകാര്യം ചെയ്താൽ വൻകടക്കെണിയിൽ കുടുങ്ങുമെന്നു പറയേണ്ടതില്ലല്ലോ. ഈ ബാധ്യതയിൽനിന്നു പുറത്തുകടക്കുന്നത് അത്ര എളുപ്പമല്ലെന്നു മാത്രമല്ല വളരെ ചെലവേറിയതുമാണ്. ക്രെഡിറ്റ് കാർഡ് കെണിയായാൽ 36–48% വരെ പലിശ നൽകേണ്ടിവരും. ക്രെഡിറ്റ് കാർഡിന്റെ പലിശ കുറയ്ക്കാൻ ഇതാ 6 വഴികൾ. 

1) പണം കൃത്യസയത്തു തിരിച്ചടയ്ക്കുക 

ക്രെഡിറ്റ് കാർഡിൽ ഉപയോഗിച്ച പണം പറഞ്ഞ സമയത്തുതന്നെ തിരിച്ചടയ്ക്കുക. നമ്മൾ ഉപയോഗിച്ച തുകയുടെ 5% മിനിമം തുകയായി അടയ്ക്കണം. ബാക്കി തുക അടുത്ത മാസത്തേക്കു ക്യാരി ഓവർ ചെയ്യാൻ പറ്റും. മിനിമം തുക മാത്രം അടച്ച് ബാക്കി തുക അടുത്ത മാസത്തെ ക്രെഡിറ്റിൽ ചേർക്കുന്ന രീതി ഒഴിവാക്കിയില്ലെങ്കിൽ വൻബാധ്യതയിലേക്കാണ് നിങ്ങൾ നീങ്ങുന്നത്. ഡ്യൂ ഡേറ്റിനകം പണം അടച്ചില്ലെങ്കിൽ പലിശ, ടാക്സ് എന്നിവയോടൊപ്പം വൈകിയതിനുള്ള ഫൈൻ കൂടി ഈടാക്കും. 

ചെയ്യേണ്ടത് : പറഞ്ഞ ദിവസത്തിനകം മുഴുവൻ തുകയും അടച്ചുതീർക്കാൻ ശ്രമിക്കുക. ക്യാരി ഓവർ ചെയ്താൽ ബാധ്യത തീർന്നതിനു ശേഷം മാത്രം പുതിയ പർച്ചേസുകൾ നടത്തുക. 

2) ഫ്രീ പിരീഡിൽ പലിശ ഇല്ല 

സാധാരണ പുതിയ ക്രെഡിറ്റ് പർച്ചേസുകൾക്ക് പലിശ രഹിത പിരീഡ് ഉണ്ടാകും. 40–45 ദിവസം വരെ പലിശ രഹിത ദിവസങ്ങളാണ്  പുതിയ പർച്ചേസുകൾ ലഭിക്കും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക. ഈ മാസത്തെ തുക അടുത്തമാസത്തേക്കു ക്യാരി ഓവർ ചെയ്താൽ ആ മാസത്തെ പലിശ രഹിത പിരീഡ് നഷ്ടമാകും.   

ചെയ്യേണ്ടത് : തീരെ നിവൃത്തിയില്ലെണ്ടിൽ മാത്രം ക്രെഡിറ്റ് തുക അടുത്ത മാസത്തേക്കു ക്യാരി ഓവർ ചെയ്യുക. തുക മുഴുവൻ അടച്ചു തീർത്തതിനു ശേഷം മാത്രമേ പുതിയ പർച്ചേസുകൾക്കു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാവൂ. ഇന്ററസ്റ്റ് ഫ്രീ ദിനങ്ങൾ പ്രയോജനപ്പെടുത്തുക. 

3) ബാലൻസ് ട്രാൻസ്ഫർ 

പണത്തിനു വളരെ ഞെരുക്കം ഉള്ള സമയങ്ങളിൽ ക്രെഡിറ്റ് കാർഡിലെ ഉപയോഗിച്ച തുക മുഴുവൻ തിരിച്ചടയ്ക്കാൻ കഴിയണമെന്നില്ല. മിനിമം ബാലൻസ് അടച്ചശേഷം ബാക്കിയുള്ള തുക അടുത്ത മാസത്തേക്കു ക്യാരി ഓവർ ചെയ്യുമ്പോൾ 3–4% വരെ അധിക പലിശ നൽകണം. ഇവിടെ ബാലൻസ് ട്രാൻസ്ഫർ സൗകര്യം പ്രയോജനപ്പെടുത്താം. ഒന്നിലധികം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കാണ് ഈ സൗകര്യം. 

ചെയ്യേണ്ടത് :  ബാലൻസ് ട്രാൻസ്ഫർ (ബിടി) പ്രയോജനപ്പെടുത്താവുന്ന പരിധിയിൽ കാർഡ് ലിമിറ്റ് എത്തിക്കഴിഞ്ഞാൽ തുക നിങ്ങളുടെ അടുത്ത അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം. ഈ സൗകര്യം പ്രയോജനപ്പെടുത്തുമ്പോൾ ഏകദേശം 1–1.77% മാത്രമേ പലിശ നിരക്ക് ആകുകയുള്ളൂ. ബിടി സൗകര്യം ഉപയോഗിക്കുമ്പോൾ ചില കമ്പനികൾ തുകയുടെ 1% പ്രോസസ്സിങ് ഫീ ആയി ഈടാക്കാറുണ്ട്. ചില കാർഡുകൾക്ക് സീറോ ഇൻട്രസ്റ്റ് ബിടി സൗകര്യവും ഉണ്ട്. 

ബാലൻസ് ട്രാൻസ്ഫർ ചെയ്താൽ ആ തുക കൃത്യ സമയത്തുതന്നെ റീപേമന്റ് ചെയ്യണം. സ്ഥിരമായി ബിടി ഉപയോഗിക്കുകയോ തുക കൃത്യമായി തിരിച്ചടയ്ക്കാതിരിക്കുകയോ അടയ്ക്കാനുള്ള തുക വളരെ കൂടുതലായിരിക്കുകയോ ചെയ്താൽ ക്രെഡിറ്റ് സ്കോർ കുറയും. 

4) ഇഎംഐയിലേക്കു മാറാം 

സാധനങ്ങൾ വാങ്ങുമ്പോൾ ഒന്നിച്ചു തിരിച്ചടയ്ക്കുന്നതിനു പകരം പ്രതിമാസ ഇഎംഐ ആക്കി അടയ്ക്കുന്ന സൗകര്യം ഉണ്ടെങ്കിൽ പ്രയോജനപ്പെടുത്തുക. അപ്പോൾ പലിശ നിരക്കിലും ഗണ്യമായ കുറവുണ്ടാകും. ഒന്നിച്ചു പലിശ നൽകുന്നതിനേക്കാൾ 14–24% വരെ വ്യത്യാസമുണ്ടാകും. 

ചെയ്യേണ്ടത് : രണ്ടുതരത്തിലുള്ള ഇഎംഐ കൺവേർഷൻ സൗകര്യങ്ങളാണുള്ളത്. സാധനങ്ങൾ വാങ്ങുമ്പോൾ വ്യാപാരികൾ നൽകുന്ന ഇഎംഐ സൗകര്യം. രണ്ടാമത്തേത് വലിയ തുകയ്ക്കു പർച്ചേസ് നടത്തുമ്പോൾ  ക്രെഡിറ്റ് കാർഡ് കമ്പനികൾ നൽകുന്ന ഇഎംഐ സൗകര്യം. ഇത് ഇഎംഐ ഓൺ കോൾ എന്നാണറിയപ്പെടുന്നത്. 

ഇഎംഐ സംവിധാനം എടുക്കുമ്പോൾ റിവാഡ് പോയിന്റ് ലഭിക്കില്ല. പ്രോസസ്സിങ് ചാർജ് ഉണ്ടോ എന്നും മനസ്സിലാക്കുക. വ്യാപാരികൾ നൽകുന്ന ഇഎംഐ സൗകര്യത്തിനു സാധാരണ പ്രോസസ്സിങ് ചാർജ് ഉണ്ടാകാറില്ല. ക്രെഡിറ്റ് കാർഡ് കമ്പനികൾ പ്രോസസിങ് ചാർജ് ഈടാക്കാം. 

5) എടിഎം വഴി പണം പിൻവലിക്കുന്നത് ഒഴിവാക്കുക 

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎം വഴി പണം പിൻവലിക്കുന്നത് കഴിവതും ഒഴിവാക്കുക. അഥാവാ പണം പിൻവലിച്ചാൽ എത്രയും വേഗം തിരിച്ചടയ്ക്കുക. എടിഎം വഴിയുള്ള പണം പിൻവലിക്കലിനു സൗജന്യ പലിശ നിരക്ക് ദിനങ്ങൾ ലഭ്യമല്ല. പണം പിൻവലിച്ച ദിവസം മുതലുള്ള പലിശ ഈടാക്കും. 

ചെയ്യേണ്ടത് : പണം പിൻവലിച്ചാൽ എത്ര വേഗം തിരിച്ചടയ്ക്കാൻ കഴിയുമോ അത്രയും വേഗം അടയ്ക്കുക. ഉയർന്ന പലിശ നിരക്ക് ഒഴിവാക്കുക. 

6) വിദേശത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത് 

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു വിദേശ രാജ്യങ്ങളിൽ കറൻസി കൈമാറ്റം വളരെ എളുപ്പമാണെങ്കിലും വളരെയധികം ചെലവേറിയതാണ്. നാണയ കൈമാറ്റത്തിനു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ കൺവേർഷൻ ചാർജ് ഈടാക്കും. 3–5% വരെ പലിശയും നൽകണം. വിദേശത്തെ എടിഎം ഉപയോഗിച്ചാൽ അതിനുള്ള ചാർജും ഈടാക്കും. 

ചെയ്യേണ്ടത് : വിദേശ യാത്രകളിൽ കഴിവതും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കുക. പകരം യാത്രകൾക്കുള്ള ഫോറെക്സ് കാർഡ് ഉപയോഗിക്കുക. ഇത് അധിക പലിശനിരക്കിൽനിന്നു നിങ്ങളെ രക്ഷിക്കും. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com