ADVERTISEMENT
വായ്പകളെടുക്കുമ്പോള്‍ പ്രത്യേകിച്ചും ഭവന വായ്പ എടുക്കുമ്പോള്‍ ഫിക്‌സ്ഡ് നിരക്കിലുള്ള പലിശയാണോ ഫ്‌ളോട്ടിങ് നിരക്കിലുള്ള പലിശയാണോ തിരഞ്ഞെടുക്കേണ്ടത് എന്ന പലര്‍ക്കും സംശയം തോന്നാം. ഇന്നലെ ആര്‍ബിഐ റിപ്പോ നിരക്കില്‍ വീണ്ടും കുറവ് വരുത്തിയ സാഹചര്യത്തില്‍ പലിശനിരക്കില്‍ വരും ദിനങ്ങളില്‍ കൂടുതല്‍ ചാഞ്ചാട്ടമാണ് ഉണ്ടാകാന്‍ സാധ്യത.

വായ്പയുടെ കാലാവധി മുഴുവന്‍ ഒരേ നിരക്കില്‍ പലിശ ഈടാക്കുന്ന രീതിയാണ് ഫിക്‌സഡ് പലിശ. അതായത് വായ്പ എടുക്കുന്ന സമയത്ത് എത്രയാണോ പലിശ ഈടാക്കിയിരുന്നത് അതേ നിരക്ക് തന്നെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ തുടരും. എന്നാല്‍ ഇക്കാലയളവില്‍ സമ്പദ് വ്യവസ്ഥയില്‍ പൊതുവെ പലിശനിരക്ക് വര്‍ധിക്കുകയാണെങ്കില്‍ ഫിക്‌സഡ് നിരക്കിലെ പലിശയും വര്‍ധിപ്പിക്കാന്‍ ബാങ്കിന് അധികാരമുണ്ട്. സമ്പദ് വ്യവസ്ഥയില്‍ പലിശ നിരക്ക് കുറയുകയാണെങ്കില്‍ ഫിക്‌സഡ് നിരക്കിലെ പലിശ ബാങ്ക് കുറയ്ക്കുകയുമില്ല. ഫിക്‌സഡ് നിരക്കിലെ പലിശ വര്‍ധിപ്പിക്കുമ്പോള്‍ അത് നമുക്ക് സ്വീകാര്യമല്ലെങ്കില്‍ മുഴുവന്‍ തുകയും അടച്ച് വായ്പ ക്ലോസ് ചെയ്തുകൊള്ളാനാണ് ബാങ്കിന്റെ വായ്പാ നിബന്ധനയില്‍ പറുയുന്നത്. അതായത് ഫിക്‌സഡ് നിരക്ക് എടുത്താല്‍ പലിശയിലുണ്ടാകുന്ന കുറവിന്റെ ആനൂകൂല്യം നമുക്ക് ലഭിക്കില്ല. മറിച്ച് പലിശ കൂടിയാല്‍ അതിന്റെ ആഘാതം ഉണ്ടാകുകയും ചെയ്യും. ബാങ്കിന് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഫിക്‌സഡ് നിരക്ക്. വായ്പ എടുക്കുന്നവരെ ഈ നിരക്കിലേക്ക് ആകര്‍ഷിക്കാനായി  പലപ്പോഴും പല ബാങ്കുകളും ഫ്‌ളോട്ടിങ് നിരക്കിനേക്കാള്‍ ഫിക്‌സഡ് നിരക്ക് അല്‍പ്പം താഴ്ത്തി വയ്ക്കാറുമുണ്ട്.

ഫ്‌ളോട്ടിങ് നിരക്ക്

എം.സി.എല്‍.ആര്‍ എന്നറിയപ്പെടുന്ന മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ടുമായി ബന്ധിപ്പിച്ച നിരക്കാണ് ഫ്‌ളോട്ടിങ് നിരക്ക്. എം.സി.എല്‍.ആറില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചില്‍ അനുസരിച്ച് ഫ്‌ളോട്ടിങ് നിരക്കിലും വ്യത്യാസം വന്നുകൊണ്ടിരിക്കും. ആര്‍.ബി.ഐയുടെ പുതിയ നിര്‍ദേശം അനുസരിച്ച് ഒക്ടോബര്‍ ഒന്നുമുതല്‍ നല്‍കുന്ന ഭവന വായ്പ റിപോ നിരക്കുമായിട്ടാണ് ബന്ധിപ്പിക്കേണ്ടത്. അതായത് പലിശ നിരക്ക് ഫിക്‌സഡ് നിരക്കിലേതുപോലെ ഒരിക്കലും സ്ഥിരമായിരിക്കല്ല. പിലിശ നിരക്കിലെ വ്യത്യാസം അനുസരിച്ച് ഇ.എം.ഐ തുക കുറയ്ക്കാനോ കൂട്ടാനോ അതിനനുസരിച്ച് വായ്പാ കാലവധി വര്‍ധിപ്പിക്കാനോ കുറയ്ക്കാനോ ഉള്ള അധികാരം ബാങ്കിന് ഉണ്ടായിരിക്കും.  പലിശ നിരക്ക് ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ താഴാനാണ് സാധ്യത എന്നിരിക്കെ ഫ്‌ളോട്ടിങ് പലിശ നിരക്ക് സ്വീകരിക്കുന്നതാണ് അഭികാമ്യം.

കാര്യങ്ങള്‍ ഇങ്ങനയൊക്കെയാണ് എങ്കിലും ബാങ്കുകള്‍ക്ക് നഷ്ടം വരുന്ന രീതിയില്‍ പലിശ നിരക്ക് സ്വീകരിക്കാന്‍ ഉടപാടുകാരെ അവര്‍ പൊതുവേ അനുവദിക്കാറില്ല. അതായത് നമുക്ക് ലാഭം കിട്ടിയേക്കാവുന്ന രീതിയില്‍ പലിശ നിരക്ക് ഫിക്‌സഡും ഫ്‌ളോട്ടിങുമൊക്കെ തരും. പക്ഷേ ഫലത്തില്‍ അതിന്റെ പ്രയോജനം ലഭിക്കണം എന്നില്ല. ഫിക്‌സഡ് പലിശ നിരക്കില്‍ വായ്പ എടുത്താലും വായ്പാ കാലയളവ് മുഴുവന്‍ ആ പലിശ നിരക്ക് അതെടുത്തപ്പോഴത്തെ നിരക്കില്‍ തുടരില്ല. വായ്പ നല്‍കിയപ്പോള്‍ ബാങ്ക് പറഞ്ഞ വ്യവസ്ഥയ്ക്ക് വിധേയമായി ഫിക്‌സഡ് നിരക്ക് അവര്‍ മാറ്റും. ഈ മാറ്റം ബാങ്കിന് മാത്രം മെച്ചം കിട്ടുന്ന രീതിയിലായിരിക്കും എന്ന് വ്യക്തമാണല്ലോ. അതായത് ഫിക്‌സഡ് നിരക്ക് കൂടുതലും ഫ്‌ളോട്ടിങ് കുറവുമാണ് എങ്കില്‍ ബാങ്ക് ഫിക്‌സഡ് നിരക്ക് മാറ്റണമെന്നില്ല. എന്നാല്‍ നേരേ മറിച്ചാണെങ്കില്‍ ഫ്‌ളോട്ടിങിലേക്ക് കഴിയാവുന്നത്ര വേഗം അവര്‍ മാറ്റും.  

ചില ബാങ്കുകള്‍ ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമേ ഫിക്‌സഡ് നിരക്ക് തരൂ. ആ കാലയളവ് കഴിയുമ്പോള്‍ നിലവിലുള്ള ഫ്‌ളോട്ടിങ് നിരക്ക് എത്രയാണോ അതായിരിക്കും ബാധകം. ഇതും ഫിക്‌സഡിനേക്കാള്‍ ഫ്‌ളേട്ടിങ് നിരക്ക് കൂടുമ്പോഴാണ് പൊതുവേ സംഭവിക്കാറുള്ളത്.അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫ്‌ളോട്ടിങ് പലിശ നിരക്ക് സ്വീകരിക്കുന്നതാണ് അഭികാമ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com