റിപോ നിരക്കിലെ കുറവ്; ലോണുകളുടെ പലിശയില്‍ എത്ര കുറവ് വരും?

interest-rate
Representative Image
SHARE

റിസര്‍വ് ബാങ്ക് റിപോനിരക്ക് വീണ്ടും കുറച്ചത് ഭവന വായ്പാ പലിശനിരക്കില്‍ കുറവ് വരുത്തും. 8.5 ശതമാനം പലിശ ഈടാക്കിയിരുന്നത് 8.25 വരെ ആയും 8.75 ഈടാക്കിയിരുന്നത് 8.50 ആയും കുറയാനാണ് സാധ്യത എന്നാണ് വിവിധ ബാങ്കിങ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപോ നിരക്ക്. അതായത് പണമില്ലാതെ വരുമ്പോള്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പ എടുക്കും. റിപോ നിരക്ക് ആര്‍ബിഐ കുറച്ചതുകൊണ്ട് ബാങ്കുകള്‍ക്ക് നേരത്തേതിനേക്കാളും കുറഞ്ഞ പലിശയ്ക്ക് വായ്പ കിട്ടും. അപ്പോള്‍ അതിന് ആനുപാതികമായ രീതിയില്‍ പലിശ നിരക്കിലെ കുറവ് ബാങ്കുകള്‍ അതിന്റെ വായ്പ ഇടാപാടുകാര്‍ക്കും നല്‍കണം. അപ്പോള്‍ കൂടുതല്‍ ആളുകള്‍ വായ്പ എടുക്കാന്‍ മുന്നോട്ടുവരും. സമ്പദ് വ്യവസ്ഥ സക്രിയമാകും. ഇതിനാണ് ആര്‍.ബി.ഐ റിപോ നിരക്ക് കുറയ്ക്കുന്നത്. പക്ഷേ ബാങ്കുകള്‍ നിരക്ക് കുറവിന്റെ ആനുകൂല്യം വാങ്ങി പോക്കറ്റിലിടും. നമ്മെപോലുള്ള ഇടപാടുകാര്‍ക്ക് പലിശ കുറവിന്റെ പ്രയോജനം ലഭ്യമാക്കില്ല. ഇതാണ് ഇവിടെ പതിവായി നടക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിമുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 1.10 ശതമാനം കുറവാണ് റിപോനിരക്കില്‍ ആര്‍.ബി.ഐ കുറവ് വരുത്തിയത്. അതിന്റെ നാലിലൊന്ന് പ്രയോജനം പോലും ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കിയില്ല.

 ഇതുകണ്ട് മടുത്തിട്ട് അപ്പോള്‍ ആര്‍.ബി.ഐ കര്‍ശന നിലപാട് എടുത്തിരിക്കുകയാണ് റിപോ നിരക്കിലെ കുറവിന് ആനുപാതികമായി വായ്പാ പലിശ നിരക്കും കുറയ്ക്കണമെന്ന്. മാത്രമല്ല ഒക്ടോബര്‍ ഒന്നുമുതല്‍ നല്‍കുന്ന വായ്പ റിപോനിരക്കുമായി ബന്ധിപ്പിച്ച പലിശ നിരക്കില്‍ വേണം നല്‍കാനുമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ നിരക്ക് കുറവിന്റെ പ്രയോജനം ഇടപാടുകാരിലേക്കും എത്തിയേക്കാം.
ഈ വര്‍ഷം ഇത് അഞ്ചാമത്തെ തവണയാണ് റിപോ നിരക്കില്‍ ആര്‍.ബി.ഐ കുറവ് വരുത്തുന്നത്. ഇപ്പോള്‍ നിരക്കില്‍ 0.25 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. അതോടെ ഇപ്പോഴത്തെ റിപോ നിരക്ക് 5.15 ശതമാനമായി.

ഈ മാസം മുതല്‍ നല്‍കുന്ന ഭവന വായ്പകള്‍ റിപോ നിരക്കുമായി ബന്ധിപ്പിച്ച നിരക്കിലായിരിക്കും പലിശ കണക്കാക്കുന്നത്. പ്രത്യേകിച്ചും ഫ്‌ളോട്ടിങ് നിരക്കിലുള്ള വായ്പകള്‍ക്ക്. റിപ്പോനിരക്കിന് മേല്‍ ഓരോ ബങ്കിനും ഒരു നിശ്ചിത ശതമാനം കൂടി കൂട്ടി ഉയര്‍ന്ന പലിശ നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മിക്ക ബാങ്കുകളും റിപോനിരക്കുമായി ബന്ധിപ്പച്ച നിരക്കിലുള്ള വായ്പകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതുതായി എടുക്കുന്ന വായ്പകള്‍ക്ക് മാത്രമേ ഈ നിരക്ക് കുറവ് ലഭിക്കാന്‍ സാധ്യതയുള്ളൂ. പഴയ വായ്പകാര്‍ക്കും ഇപ്പോഴത്തെ കുറഞ്ഞ നിരക്കിലേക്ക് മാറാന്‍ ചില ബാങ്കുകള്‍ അവസരം നല്‍കുന്നുണ്ട്. പക്ഷേ അതിന് ഒരു നിശ്ചിത ശതമാനം തുക ഫീസായി ഇടാക്കുന്നുണ്ട്.  എം.സി.എല്‍.ആര്‍, ബേസ് റേറ്റ് എന്നിവയുമായി ബന്ധിപ്പിച്ച പലിശ നിരക്കാണ് പഴയവായ്പകള്‍ക്കുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA