ADVERTISEMENT

കുട്ടികള്‍ക്ക്‌ വേണ്ടി മാസം തോറും ചെറിയ ഒരു തുക മാറ്റിവെക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക്‌ കഴിയുമോ? എങ്കില്‍ ഭാവിയില്‍ തീര്‍ത്തും ആയാസ രഹിതമായി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാന്‍ സാധിക്കും. വിദ്യാഭ്യാസ ചെലവ്‌ ഉള്‍പ്പെടെയുള്ള കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള തുക കണ്ടെത്തുന്നതിന്‌ വളരെ നേരത്തെ തന്നെ നിക്ഷേപം തുടങ്ങുന്നതാണ്‌ ഉചിതം.

ദീര്‍ഘാകാലയളവില്‍ മികച്ച ആദായം നേടാന്‍ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം വളരെ മികച്ചതാണ്‌. അതിനാല്‍ വളരെ നേരത്തെ തന്നെ കുട്ടികളുടെ പേരില്‍ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം തുടങ്ങാം. അതിനായി കുട്ടികള്‍ക്ക്‌ 18 വയസ്‌ പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടതില്ല. മൈനറായിട്ടുള്ള കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക്‌ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം നടത്താന്‍ കഴിയും.

മൈനറായിട്ടുള്ള കുട്ടിയുടെ പേരില്‍ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷപം തുടങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

∙മൈനറിന്റെ മ്യൂച്വല്‍ ഫണ്ട്‌ ഫോളിയോയില്‍ ജോയിന്റ്‌ ഹോള്‍ഡറെ അനുവദിക്കില്ല. ഫോളിയോയുടെ ഏക ഉടമസ്ഥന്‍ മൈനര്‍ മാത്രമായിരിക്കും. രക്ഷകര്‍ത്താവിന്‌ മൈനറിന്‌ വേണ്ടി നിക്ഷേപം നടത്താന്‍ കഴിയും പക്ഷെ ഫോളിയോയില്‍ ജോയിന്റ്‌ ഹോള്‍ഡറാകാന്‍ അനുവദിക്കില്ല.

∙കുട്ടിയുടെ പേരില്‍ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം തുടങ്ങുന്നത്‌ മാതാപിതാക്കളോ അല്ലെങ്കില്‍ കോടതി നിയമിച്ചിട്ടുള്ള രക്ഷകര്‍ത്താക്കളോ ആയിരിക്കണം.

∙മൈനറിന്‌ നിയമപരമായ കരാറില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തതിനാല്‍ അപേക്ഷാ ഫോം രക്ഷകര്‍ത്താവ്‌ പൂരിപ്പിച്ച്‌ ഒപ്പിട്ട്‌ നല്‍കണം.

∙ഏറ്റവും കുറഞ്ഞത്‌ 500 രൂപയില്‍ നിക്ഷേപം തുടങ്ങാം.

∙മൈനറിന്റെ പേരില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) തുടങ്ങാം.

∙മൈനറിന്റെ മ്യൂച്വല്‍ ഫണ്ടിലേക്ക്‌ രക്ഷകര്‍ത്താവിന്റെ ബാങ്ക്‌ അക്കൗണ്ടില്‍ നിന്നോ മൈനറിന്റെ ബാങ്ക്‌ അക്കൗണ്ടില്‍ നിന്നോ മാസം തോറും നിശ്ചിത തുക നിക്ഷേപിക്കാം.

∙കുട്ടിക്ക്‌ 18 വയസ്സ്‌ പൂര്‍ത്തിയായി കഴിയുമ്പോള്‍ അക്കൗണ്ട്‌ ഉടമയുടെ പദവി മൈനറില്‍ നിന്നും മേജര്‍ ആക്കി മാറ്റണം. ഇങ്ങനെ മാറ്റിയില്ല എങ്കില്‍ ഈ അക്കൗണ്ടിലേക്കുള്ള എല്ലാ ഇടപാടുകളും നിര്‍ത്തലാക്കും.

ആവശ്യമായ രേഖകള്‍

∙മൈനറിന്റെ പേരില്‍ മ്യൂച്വല്‍ ഫണ്ട്‌ ഫോളിയോ തുടങ്ങുന്നതിന്‌ പ്രധാനമായും രണ്ട്‌ രേഖകളാണ്‌ വേണ്ടത്‌

1. മൈനറായ കുട്ടിയുടെ പ്രായവും ജനന തീയതിയും തെളിയിക്കുന്നതിനുള്ള രേഖകള്‍. ജനന സര്‍ട്ടിഫിക്കേറ്റ്‌, പാസ്സ്‌പോര്‍ട്ട്‌ എന്നിവ ഇതിനായി ഉപയോഗിക്കാം.

2. മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം തുടങ്ങുന്ന വ്യക്തിക്ക്‌ കുട്ടിയുമായുള്ള ബന്ധം എന്താണന്ന്‌ തെളിയിക്കുന്ന രേഖകള്‍. രക്ഷകര്‍ത്താവ്‌ എന്ന നിലയില്‍ നിങ്ങളുടെ പേര്‌ ഉള്‍പ്പെടുത്തിയിട്ടുള്ള ജനന സര്‍ട്ടിഫിക്കേറ്റ്‌, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ്‌ എന്നിവ ഇതിനായി സമര്‍പ്പിക്കാം.

.18 വയസ്‌ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കുട്ടി സ്വന്തം പേരില്‍ കൈവെസി നടപടികള്‍ പൂര്‍ത്തിയാക്കണം. അതേ കമ്പനിയുടെ അതേ മ്യൂച്വല്‍ ഫണ്ട്‌ ഫോളിയോയില്‍ നിക്ഷേപം തുടരുന്നതിന്‌ ഈ രേഖകള്‍ ആവശ്യമില്ല. അതേസമയം, നിക്ഷേപം തുടങ്ങുമ്പോള്‍ രക്ഷകര്‍ത്താവ്‌ കൈവൈസി മാനദണ്ഡങ്ങള്‍ പാലിക്കണം എന്നത്‌ നിര്‍ബന്ധമാണ്‌.

നിങ്ങളുടെ കുട്ടി 18 വയസ്‌ പൂര്‍ത്തിയാക്കി മേജര്‍ ആയി കഴിഞ്ഞാല്‍ മ്യൂച്വല്‍ഫണ്ട്‌ ഫോളിയോയിലേക്കുള്ള എസ്‌ഐപി നിലക്കും. അക്കൗണ്ട്‌ പ്രവര്‍ത്തന രഹിതമാകും. കുട്ടി പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ മാതാപിതാക്കള്‍ക്കോ രക്ഷകര്‍ത്താവിനോ ആ ഫോളിയോ പിന്നീട്‌ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.

സാധാരണയായി കുട്ടി 18 വയസ്‌ പൂര്‍ത്തിയാക്കുന്നതിന്‌ മുമ്പ്‌ ഫണ്ട്‌ ഹൗസുകള്‍ അക്കൗണ്ട്‌ ഉടമയുടെ മേല്‍വിലാസത്തില്‍ ഇത്‌ സംബന്ധിച്ചുള്ള അറിയിപ്പ്‌ അയക്കും . പ്രായപൂര്‍ത്തി ആയി കഴിഞ്ഞാല്‍ കുട്ടികള്‍ നേരിട്ട്‌ ചെന്ന്‌ മ്യൂച്വല്‍ ഫണ്ട്‌ ഫോളിയോയിലെ പദവി മൈനറില്‍ നിന്നും മേജര്‍ ആക്കി മാറ്റുന്നതിനുള്ള അപേക്ഷ നല്‍കി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. അതിന്‌ ശേഷം അവര്‍ക്ക്‌ നേരിട്ട്‌ നിക്ഷേപം തുടരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com