പഴങ്ങള്‍ വെറുതെ കളയാന്‍ വരട്ടെ, പണം തരുന്ന ലഹരിയാക്കി മാറ്റാം

HIGHLIGHTS
  • ഇനിമുതല്‍ സ്വന്തം യൂണിറ്റില്‍ പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യവും വീഞ്ഞും ഉണ്ടാക്കാന്‍ കര്‍ഷകന് സാധിക്കും
fruits
SHARE


കേരളത്തില്‍ മാത്രം ഏതാണ്ട് 2000 കോടി രൂപ വിപണി മൂല്യമുള്ള ചക്കപഴം ഒരു വര്‍ഷം പാഴാക്കി കളയുന്നുവെന്നാണ് കണക്ക്. കാലവര്‍ഷവും തുലാവര്‍ഷവും കോരി ചൊരിയുമ്പോള്‍ പലപ്പോഴും  പൈനാപ്പിള്‍ അടക്കമുള്ള പല ഫലങ്ങള്‍ക്കും വിപണിയില്‍ ഡിമാന്റുണ്ടാവാറില്ല. ഫലത്തില്‍ അവ തോട്ടത്തില്‍ തന്നെ നശിച്ച് പോവുകയാണ് പതിവ്.

വിവിധ തരത്തിലുള്ള വാഴപ്പഴങ്ങള്‍, പേരക്ക, കശുമാങ്ങ, ചാമ്പക്ക, ചിക്കു, ജാതി തൊണ്ട് എന്നിവയെല്ലാം ഏറിയ പങ്കും ഇങ്ങനെ നശിച്ച് പോകുന്നു. ഈ സാഹചര്യത്തിലാണ് കേരളാ സര്‍ക്കാരിന്റെ പുതിയ തീരുമാനം കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നത്. ഇനിമുതല്‍ സ്വന്തം യൂണിറ്റില്‍ പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യവും വീഞ്ഞും ഉണ്ടാക്കാന്‍ കര്‍ഷകന് സാധിക്കും. അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ഇനിമുതല്‍ ഇത്തരം യൂണിറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതായിത് സീസണലായി മാത്രം കായ്ച്ച്, പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാതെ നശിച്ച് പോകുന്ന പഴങ്ങളില്‍ നിന്ന് മികച്ചതരം ഓര്‍ഗാനിക് വീഞ്ഞ്,ലഹരി കുറഞ്ഞ മദ്യം ഇവയുണ്ടാക്കി കര്‍ഷകന് നല്ല ആദായമുണ്ടാക്കാമെന്ന് സാരം. പതിറ്റാണ്ടുകളായി കേരളത്തിലെ കര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യമാണ് ഒടുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ ഗോവയില്‍ അവിടുത്തെ സീസണല്‍ ഫലമായ കശൂമാങ്ങയില്‍ നിന്ന് മദ്യം സര്‍ക്കാര്‍ തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രങ്ങളും ഇങ്ങനെ സ്വന്തം വൈനും മദ്യവും ഉണ്ടാക്കുന്നുണ്ട്.ശ്രീലങ്ക, വിയറ്റ്‌നാം അടക്കമുള്ള പല വിദേശ രാജ്യങ്ങളും ഇത്തരം ഉദ്പന്നങ്ങള്‍ അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്.

വലിയ സാങ്കേതിക വിദ്യയുടെയോ മുതല്‍ മുടക്കിന്റെയോ ഒന്നും ആവശ്യമില്ലാതെ കര്‍ഷകര്‍ക്ക് കൃഷിയിടത്തില്‍ നിന്ന് സീസണലായി ലഭിക്കുന്ന പഴങ്ങള്‍ വൈന്‍ അടക്കമുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണിയില്‍ നേരത്തെ എത്തിക്കാമായിരുന്നു.കൂടുതല്‍ പേരെ കാര്‍ഷിക വൃത്തിയില്‍ പിടിച്ച് നിര്‍ത്താന്‍ ഇത് ഇടയാക്കുമായിരുന്നു. എന്നാല്‍ അബ്ക്കാരി ചട്ടമുയര്‍ത്തി കര്‍ഷകരെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു ഇതു വരെ.
രാജ്യത്ത് ആകമാനം ഉത്പാദിപ്പിക്കുന്ന പഴം-പച്ചക്കറികളില്‍ 50 ശതമാനവും പാഴായി പോകുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA