ഹോട്ടല്‍ പാര്‍ക്കിംങ് ഏരിയയില്‍ നിന്ന് കാര്‍ കാണാതായാല്‍ നഷ്ടപരിഹാരം ആര് നല്‍കും?

HIGHLIGHTS
  • ഇരുപത് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ വാലറ്റ പാര്‍ക്കിങില്‍ മോഷണം പോയ കാറിന് സ്ഥാപനം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധിച്ചു
happy family
SHARE

ഹോട്ടലില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ചായ കുടിച്ച് തിരിച്ച് വരുമ്പോള്‍ വാഹനം കാണുന്നില്ലെങ്കില്‍ ആരാണ് ഉത്തരവാദി? പാര്‍ക്ക് ചെയ്യമ്പോള്‍ കാവല്‍ക്കാരന്‍ നല്‍കിയ ടോക്കണില്‍ പാര്‍ക്കിങ് ആറ്റ് ഓണേഴ്‌സ് റിസ്‌ക് എന്ന്് രേഖപ്പടുത്തിയിട്ടുള്ളതിനാല്‍ ഹോട്ടലിന് ബാധ്യതയുണ്ടോ? ഇനി ഇന്‍ഷൂറന്‍സ് കമ്പനി പണം തരുമോ? ഇത്തരം ചോദ്യങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ചത്തെ സുപ്രീം കോടതി വിധിയോടെ ഉത്തരമായി.

ഇരുപത് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ വാലറ്റ പാര്‍ക്കിങില്‍ മോഷണം പോയ കാറിന് സ്ഥാപനം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധിച്ചു. ഓണേഴ്‌സ് റിസ്‌ക് എന്ന് രേഖപ്പെടുത്തുന്നത് നഷ്ടപരിഹാരം നല്‍കാതിരിക്കാനുള്ള കാരണമല്ലെന്നും ഇത് സംബന്ധിച്ച സംസ്ഥാന-ദേശീയ ഉപഭോക്തൃ നഷ്ടപരിഹാര ഫോറത്തിന്റെ ഉത്തരവിനെതിരെ ഹോട്ടല്‍ സമര്‍പ്പിച്ച അപ്പീലില്‍ തീര്‍പ്പാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു.

കാര്‍ മോഷ്ടിച്ചത് 20 വര്‍ഷം മുമ്പ്

1998 ആഗസ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡല്‍ഹിയിലെ  ഹോട്ടലില്‍ ചായ കുടിക്കാന്‍ പോയി തിരിച്ച് വന്നപ്പോള്‍ മാരുതി സെന്‍ കാര്‍ കാണാതായി.  തൂക്കിയിട്ടിരുന്ന കീ എടുത്ത് രണ്ട് പേര്‍ ഒടിച്ച് പോയി എന്നായിരുന്നു കാവല്‍ക്കാരന്റെ മറുപടി. ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചപ്പോള്‍ അവരും കൈമലര്‍ത്തി. എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും കാര്‍ കണ്ടെത്താനായില്ല. മോഷ്ടിക്കപ്പെട്ട കാറിന്റെ മുല്യമായ 2.8 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരമായി നല്‍കി.

ഹോട്ടലിന്റെ വീഴ്ച

കാര്‍ നഷ്ടപ്പെട്ടത് ഹോട്ടലിന്റെ വീഴ്ച കൊണ്ടാണെന്നു കാണിച്ചാണ് ഉടമയും ഇന്‍ഷൂറന്‍സ് കമ്പനിയും കൂടി പിന്നീട് ഉപഭോക്്തൃ കോടതിയിലെത്തിയത്. സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ 2,80,000 രൂപ നഷ്ടപരിഹാരവും 12 ശതമാനം പലിശയും കേസിന്റെ ചെലവായ 50,000 രൂപയും ഉടമയ്ക്ക് നല്‍കാന്‍ വിധിച്ചു. ഉടമ അനുഭവിച്ച മാനസികാഘാതത്തിന് മറ്റൊരു ഒരു ലക്ഷം രൂപ നല്‍കാനും വിധിയായി. ഹോട്ടല്‍ ഉടമ ദേശീയ കമ്മീഷനില്‍ അപ്പില്‍ പോയെങ്കിലും തള്ളി. പിന്നീടാണ് സുപ്രീം കോടതിയില്‍ പോകുന്നത്.

ഓണേഴ്‌സ് റിസ്‌ക്

 ടോക്കണില്‍ പാര്‍ക്കിങ് അറ്റ് ഓണേഴ്‌സ് റിസ്‌ക് എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു ഹോട്ടലിന്റെ വാദം. ജസ്റ്റിസ്മാരായ അജയ് റസ്‌തോഗിയും മോഹന്‍ എം ശാന്തനഗൗഡരു ഈ വാദം തള്ളി. നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ മതിയായ കാരണമല്ല ഇതെന്നും വാലറ്റ് പാര്‍ക്കിംഗ് സംവിധാനം നല്‍കുന്ന ഹോട്ടലുകള്‍ക്ക്് വാഹനങ്ങള്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും വിധിച്ചു. പാര്‍ക്കിങിന് ശേഷം നല്‍കുന്ന ടോക്കണ്‍ തിരിച്ചേല്‍പ്പിക്കുമ്പോള്‍ വാഹനം തിരിച്ച് നല്‍കാനുള്ള ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

പാര്‍ക്കിംഗ് സൗജന്യമല്ല

 ഇത്തരം സര്‍വ്വീസുകള്‍ സൗജന്യമല്ലെന്നും ഇത് വലിയ മുറിവാടകയായും ഭക്ഷണതുകയായും മറ്റും ഇടാക്കുന്ന ഫീസില്‍ ഉള്‍പ്പെടുമെന്നും കോടതി പറഞ്ഞു. അതേസമയം പ്രകൃതി ദുരന്തം പോലുള്ളവ മൂലമുണ്ടാകുന്ന കഷ്ടനഷ്ടം ഇതിന്റെ പരിധിയില്‍ വരില്ലെന്നും വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA