ADVERTISEMENT

നമ്മുടെ പണപ്പെട്ടിയുടെ താക്കോലാണ് ഡെബിറ്റ് കാർഡുകൾ. എടിഎമ്മിൽ നിന്നും പണമെടുക്കാൻ മാത്രമല്ല, ഒട്ടേറെ സാമ്പത്തിക കാര്യങ്ങൾക്ക് ഇതുപയോഗിക്കുന്നുണ്ട്. ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർ അവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

എടിഎമ്മിൽനിന്നു പണം പിൻവലിക്കാനുള്ള കാർഡ് എന്നതിൽനിന്നും ഡെബിറ്റ് കാർഡ്ഏറെ മാറിക്കഴിഞ്ഞു. മാഗ് നറ്റിക് സ്ട്രിപ്പ്കാർഡുകളിൽ നിന്ന് ഇഎംവി ചിപ്പ് കാർഡുകളിലേക്കുള്ള മാറ്റം ഇതിൽ പ്രധാനപ്പെട്ടതാണ്. അതീവ സുരക്ഷയുള്ള ഇന്നത്തെ ചിപ്പ് കാർഡുകളുടെ പ്രത്യേകതകൾ മനസ്സിലാക്കി ഉപയോഗിച്ചാൽ സുരക്ഷിതത്വം ഉറപ്പാക്കാം. മാത്രമല്ല നേട്ടങ്ങൾ ഉണ്ടാക്കാനും സാധിക്കും.

1. കാർഡുകൾ പലതരം

ഓരോ ബാങ്കിനും വ്യത്യസ്തമായ, പ്രത്യേകതകളുള്ള പലതരം കാർഡുകളുണ്ട്. പരമാവധി തുക, വാർഷിക നിരക്കുകൾ എന്നിവ വ്യത്യസ്തമായിരിക്കും. ഉദാഹ
രണമായി എസ്‌ബിഐക്ക് ആറ് ഡെബിറ്റ് കാർഡുകൾ ഉണ്ട്. ക്ലാസിക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഒരു ദിവസം എടിഎമ്മിൽ പരമാവധി 20,000 രൂപയുടെയും പിഒഎസിലും ഓൺലൈനിലും 50,000 രൂപയുടെയും ഇടപാടുകൾ നടത്താം. അക്കൗണ്ട് തുടങ്ങുമ്പോൾ സൗജന്യമായി ലഭിക്കുന്നതും ഇന്ത്യയിൽ മാത്രം ഉപയോഗിക്കാവുന്നതുമായ ഈ കാർഡിന് 125 രൂപയാണ് വാർഷിക നിരക്ക്. 300 രൂപ കൊടുത്താൽ 250 രൂപ വാർഷിക നിരക്കുള്ള പ്ലാറ്റിനം കാർഡ് കിട്ടും. ഇന്ത്യയിലും വിദേശത്തുമായി രണ്ടു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾ നടത്താം. നിബന്ധനകൾക്ക് വിധേയമായി 10 ലക്ഷം രൂപ വരെയുള്ള പഴ്സനൽ ആക്സിഡന്റ് ഇൻഷുറൻസും കാർഡ് ഉടമയ്ക്ക് ലഭിക്കും. മറ്റു ബാങ്കുകളും ഇതുപോലെ പലതരം കാർഡുകൾ നൽകുന്നുണ്ട്. ബാങ്ക് വെബ്സൈറ്റിൽനിന്ന് ഓരോ കാർഡിന്റെയും പ്രത്യേകതകൾ മനസ്സിലാക്കാം. എന്നിട്ട് സ്വന്തം ആവശ്യങ്ങൾക്ക് അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുക.

2. ഒരു അക്കൗണ്ട്, പല കാർഡുകൾ

ഒരു അക്കൗണ്ടിന് ഒരു കാർഡ് എന്ന നിയമം ഇപ്പോഴില്ല. നിലവിലുള്ള കാർഡ് ബ്ലോക്ക് ചെയ്യാതെ അടുത്ത കാർഡിന് അപേക്ഷിക്കാം. പക്ഷേ അത് ആദ്യത്തേതിൽനിന്ന് വ്യത്യസ്തമായിരിക്കണം. ഒന്നിലധികം കാർഡുകൾ കൈവശം വച്ചാൽ രണ്ടിനും ബാധകമായ വാർഷിക നിരക്കുകളും എസ്എംഎസ് നിരക്കുകളും നൽകണം.

3. ലോയൽറ്റി പോയിന്റുകൾ പണമാക്കാം

ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ബാങ്കുകൾ ലോയൽറ്റി പോയിന്റുകൾ നൽകാറുണ്ട്. വെബ്സൈറ്റ്, ഫോണിൽ ഇൻസ്റ്റാൾ ചെയ്യാവുന്ന പ്രത്യേക ആപ്പ് എന്നിവ വഴി റജിസ്റ്റർ ചെയ്താൽ ഈ പോയിന്റുകൾ പണമാക്കി മാറ്റാം. മൊബൈൽ റീചാർജിങ്ങോ മറ്റ് ഓൺലൈൻ പണമിടപാടുകളോ നടത്താം. എസ്ബിഐ റിവാർഡ്‌സ്, കാനറാ റിവാർഡ്‌സ് മുതലായ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് റജിസ്റ്റർ ചെയ്താൽ ലോയൽറ്റി പോയിന്റുകൾ പണമാക്കാം. പ്ലാൻ ചെയ്ത് ഉപയോഗിച്ചാൽ കാർഡുകൾക്കായി നമ്മൾ നൽകുന്ന വാർഷിക നിരക്കുകളുടെ എത്രയോ ഇരട്ടി ഇതു വഴി സമ്പാദിക്കാം.

4. ആവശ്യമില്ലെങ്കിൽ പൂട്ടിയിടാം

വല്ലപ്പോഴും മാത്രം കാർഡ് ഉപയോഗിക്കുന്നവർക്ക് അത് പൂട്ടിയിടാനും ആവശ്യത്തിന് ഓൺ ചെയ്ത് ഉപയോഗിക്കാനും സാധിക്കും. ചില സേവനങ്ങൾ മാത്രമായും ഓഫ് ചെയ്യാം. ഉദാഹരണമായി എടിഎമ്മിലും കടകളിലും മാത്രമേ കാർഡ് ഉപയോഗിക്കാറുള്ളൂവെങ്കിൽ ഇ-കൊമേഴ്‌സ് ഇടപാടുകൾ ഓഫ് ചെയ്യാം. കൂടാതെ കാർഡ് ഉപയോഗിച്ച് ചെലവാക്കാവുന്ന തുകയുടെ പരിധി കുറച്ചു വയ്ക്കാം. ആവശ്യമുള്ളപ്പോൾ അതു കൂട്ടാം. ബാങ്കിന്റെ മൊബൈൽ ആപ്പുകൾ, ഇന്റർനെറ്റ് ബാങ്കിങ് മുതലായവയിലൂടെ ഇത് സാധിക്കാം. ഉദാഹരണമായി എസ്ബിഐയുടെ ‘യോനോ’, ഐസിഐസിഐയുടെ ‘ഐ മൊബൈൽ’ മുതലായ ആപ്പുകളിൽ ഇതിന് സൗകര്യമുണ്ട്.

5. കോണ്ടാക്ട് ലെസ്സ് കാർഡുകൾ

കാർഡ് സ്വയ്പ് ചെയ്യാതെ, പിഒഎസ് മെഷീനിനു അടുത്ത് പിടിച്ചാൽ തന്നെ കാർഡ് വഴി ഇടപാടുകൾ നടത്താവുന്ന കോൺടാക്ട് ലെസ്സ് കാർഡുകൾ ആണ് പുതിയ ആകർഷണം. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (NFC) പ്രോട്ടോകോൾ അനുസരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. തിരക്കുള്ള കടകളിൽ ഇതുപയോഗിച്ച് പിൻ നമ്പരില്ലാതെ ചെറിയ തുകകൾ കൈമാറാം. പ്രമുഖ ബാങ്കുകളെല്ലാം ഇത്തരം കാർഡുകൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇവ ഉപയോഗിക്കാവുന്ന പിഒഎസ് മെഷീനുകൾ വ്യാപകമായിട്ടില്ല.

6. ഡെബിറ്റ് കാർഡിലൂടെ ഇഎംഐയും

ക്രെഡിറ്റ് കാർഡു വഴി മാത്രം നടന്നിരുന്ന ഇക്യുവേറ്റഡ് മന്ത്‌ലി ഇൻസ്റ്റാൾമെന്റ് (ഇഎംഐ) ഇടപാടുകൾ ഡെബിറ്റ് കാർഡ് വഴിയും നടത്താനുള്ള സൗകര്യം ആമസോൺ, ഫ്ളിപ് കാർട്ട് എന്നീ ഇ-കൊമേഴ്‌സ് സൈറ്റുകളിലുണ്ട്. എന്നാൽ എല്ലാ ഡെബിറ്റ് കാർഡുകളും ഇതിന് ഉപയോഗിക്കാനാവില്ല. ഐസിഐസിഐ, ആക്സിസ്, എച്ച്ഡിഎഫ്സി തുടങ്ങി ചില ബാങ്കുകളേ ഇപ്പോൾ ഈ സൗകര്യം നൽകുന്നുള്ളൂ.

ഫിക്സഡ് അല്ലെങ്കിൽ റിക്കറിങ് ഡിപ്പോസിറ്റുമായി ലിങ്ക് ചെയ്ത അക്കൗണ്ടുകൾ, ഉയർന്ന മിനിമം ബാലൻസ് ഉള്ള ചില പ്രീമിയം അക്കൗണ്ടുകൾ മുതലായവയുടെ കാർഡുകൾക്കു മാത്രമാണ് ഇന്ന് ഇത് ലഭ്യമായിട്ടുള്ളത്. ഉയർന്ന പലിശയും (12-16%) ബാങ്കുകൾ ഈടാക്കും.

7. കാർഡുകൾ ഇല്ലാതാവുന്നു

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒരുപക്ഷേ ഡെബിറ്റ് കാർഡുകൾ അപ്രത്യക്ഷമായേക്കാം. മൊബൈൽ ആപ്പിലൂടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ഇടപാടുകൾ നടത്താവുന്ന യുപിഐ 2018-’19 ൽ ഡെബിറ്റ് കാർഡ് ഇടപാടുകളെ പിന്തള്ളി മുൻപിലെത്തിയതായി റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. കാർഡില്ലാതെ യോനോ വഴി എടിഎമ്മിൽനിന്നും പണം പിൻവലിക്കാവുന്ന പുതിയ സംവിധാനം എസ്ബിഐയ്ക്കുണ്ട്. മൊബൈൽ വൊലെറ്റുകൾ, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയും ഒട്ടേറെ പേർ ഉപയോഗിക്കുന്നു. ഇങ്ങനെ എല്ലാവരും മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നതോടെ പ്ലാസ്റ്റിക് മണി എന്നറിയപ്പെടുന്ന ബാങ്ക് കാർഡുകൾ തന്നെ ഇല്ലാതാകാം.

കോഴിക്കോട് ഗവൺമെന്റ് കോളജ് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്‌സിലെ അസിസ്റ്റന്റ് പ്രഫസർ ആണ് ലേഖകൻ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com