sections
MORE

കാര്‍ വായ്പയെടുക്കും മുന്‍പ് അല്‍പം ശ്രദ്ധിച്ചാല്‍ പരമാവധി നേട്ടം കൊയ്യാം

car loan 2
SHARE

കാര്‍ വിപണിയില്‍ ഇപ്പോള്‍ ഇളവുകളുടേയും ആനുകൂല്യങ്ങളുടേയും ചാകരയാണല്ലോ. പുതിയ കാര്‍ വാങ്ങുമ്പോള്‍ ഒരു വീല്‍ കപ്പു പോലും സൗജന്യമായി നല്‍കില്ലെന്നു പഴി കേട്ടിരുന്ന കമ്പനികള്‍ പോലും അവിശ്വസനീയമായ ഓഫറുകളാണു മുന്നോട്ടു വെക്കുന്നത്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി പരമാവധി ഉപഭോക്താക്കളെ കൈക്കലാക്കാനുള്ള വിപണന പദ്ധതികളാണ് കാര്‍ വായ്പാ കമ്പനികളും ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഒന്നാലോചിച്ചു നോക്കു, പതിവിലേറെ ധനകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാര്‍ വായ്പാ ഓഫറുകളുമായി നിങ്ങളെ സമീപിച്ചില്ലേ? കാര്‍ വിപണിയിലെ ആനുകൂല്യങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ തന്നെയാണ് വായ്പാ രംഗത്തുള്ളവര്‍ ശ്രമിക്കുന്നത്. ഇവ പ്രയോജനപ്പെടുത്തും മുന്‍പ് ചെറിയ ചില വിശകലങ്ങള്‍ നടത്തിയാല്‍ നിങ്ങള്‍ക്കു പരമാവധി നേട്ടമുണ്ടാക്കാനാവും.

പ്രീ അപ്രൂവ്ഡ് വായ്പകള്‍

നിങ്ങള്‍ക്ക് കാര്‍ വായ്പ അനുവദിച്ചു എന്നുള്ള നിരവധി സന്ദേശങ്ങള്‍ ലഭിച്ചു കാണുമല്ലോ. ഇവയില്‍ വിശ്വസനീയമായവയെ കണ്ടെത്തി പ്രയോജനപ്പെടുത്താവുന്നതാണ്. നിങ്ങള്‍ക്ക് ഇടപാടുള്ള ബാങ്കില്‍ നിന്നുള്ളവയോ മറ്റു ബാങ്കുകളില്‍ നിന്നുള്ളവയോ ആയ സന്ദേശങ്ങളെ പരിഗണിക്കുക എന്നതൊരു മികച്ച രീതിയാണ്. ഇത്തരം വായ്പകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ നടപടിക്രമങ്ങള്‍ വളരെ ലളിതമായിരിക്കും എന്നതാണ് ഏറ്റവും ഗുണകരം. കുറച്ചു സമയമേ എടുക്കു എന്നതും പലിശ നിരക്ക് കുറവായിരിക്കും എന്നതുമാണ് മറ്റു നേട്ടങ്ങള്‍. പ്രീ അപ്രൂവ്ഡ് വായ്പ ലഭിക്കുമെന്ന പേരില്‍ നിങ്ങള്‍ക്കു സന്ദേശം ലഭിച്ചു എങ്കിലും വായ്പ നല്‍കാന്‍ ബാങ്കിന് ബാധ്യതയൊന്നുമില്ലെന്നത് ഇവിടെ ഓര്‍മിക്കണം.

പലിശ നിരക്ക് താരതമ്യം ചെയ്യണം

വായ്പ മുന്‍കൂട്ടി അനുവദിച്ചതാണെങ്കിലും അല്ലെങ്കിലും പ്രയോജനപ്പെടുത്തും മുന്‍പ് വിവിധ സ്ഥാപനങ്ങളുടെ പലിശ നിരക്ക് താരതമ്യം ചെയ്യണം. പലിശ എന്നത് സ്ഥാപനം പരസ്യപ്പെടുത്തുന്ന നിരക്കു മാത്രമല്ല. പ്രോസസിങ് ഫീസ് അടക്കമുള്ള പരോക്ഷ ചെലവുകളും ഇവിടെ പരിഗണിക്കണം. എന്തു പേരില്‍ വാങ്ങിയാലും ആ തുക നിങ്ങള്‍ തന്നെയാണു കൊടുക്കേണ്ടത് എന്നതാവണം നിങ്ങള്‍ ചിന്തിക്കേണ്ടത്.

പ്രതിമാസം അടക്കേണ്ട തുക കണക്കാക്കാന്‍ ഓണ്‍ലൈനായി ലഭിക്കുന്ന ഇഎംഐ കാല്‍ക്കുലേറ്ററുകള്‍ പ്രയോജനപ്പെടുത്താം. നിലവിലുള്ള വായ്പകള്‍ അടച്ചു മുന്നേറുന്നതടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ച് ക്രെഡിറ്റ് സ്‌ക്കോര്‍ മെച്ചപ്പെടുത്തുന്നതിനും ഇവിടെ പ്രാധാന്യമുണ്ട്. അതിലൂടെ കൂടുതല്‍ നല്ല പലിശ നിരക്കുകള്‍ക്ക് അര്‍ഹത നേടാനാവും.

വിലപേശല്‍ ഒഴിവാക്കേണ്ട

സാധാരണ നിലയില്‍ തന്നെ കാര്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് വിവിധ രീതിയിലുള്ള ഇളവുകള്‍ നല്‍കും. അതു വിലക്കുറവായോ ഇന്‍ഷൂറന്‍സ് പ്രീമിയവും നികുതിയും അടക്കലായോ അനുബന്ധ സാമഗ്രികള്‍ സൗജന്യമായി നല്‍കലായോ എല്ലാം ലഭിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്പനികള്‍ പ്രഖ്യാപിച്ച ഇളവുകള്‍ തന്നെ ധാരാളമുണ്ട്. നന്നായി ബാര്‍ഗെയില്‍ ചെയ്താല്‍ അതിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കാവുന്ന സാഹചര്യവുമുണ്ട്. വായ്പ എടുക്കുന്നു എന്ന പേരില്‍ ഇവയൊന്നും ഉപേക്ഷിക്കേണ്ട കാര്യമില്ല.

എത്ര വായ്പ വേണം?

പുതിയ കാറിന് വിലയുടെ 85 ശതമാനം മുതല്‍ 100 ശതമാനം വരെ വായ്പ ലഭിക്കുമല്ലോ. ഇതില്‍ എത്രത്തോളം വായ്പ വാങ്ങണമെന്നു നിങ്ങള്‍ വ്യക്തിഗത സാമ്പത്തിക സവിശേഷതകള്‍ വിലയിരുത്തി തീരുമാനിക്കണം. ലഭിക്കും എന്നതു കൊണ്ടു മാത്രം പരമാവധി തുക വായ്പ എടുക്കേണ്ടതില്ല.  വായ്പയുടെ പ്രതിമാസ തിരിച്ചടവ് വരുമാനത്തിന്റെ 15 ശതമാനത്തിനു മുകളിലേക്കു പോകാതിരിക്കുന്നതാണ് ഉത്തമം. അത്യാവശ്യമെങ്കില്‍ 20 ശതമാനം വരെ പോകാം.

നേരത്തെ അടച്ചു തീര്‍ക്കാനാവുമോ?

പല വായ്പകളും നേരത്തെ അടച്ചു തീര്‍ക്കുമ്പോള്‍ പ്രീ പെയ്‌മെന്റ് പെനാല്‍റ്റി ബാധകമാകും. നിങ്ങള്‍ എടുക്കുന്ന കാര്‍ വായ്പ നേരത്തെ അടച്ചു തീര്‍ത്താല്‍ അതിന് അധിക ചെലവ് ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനേറെ പ്രസക്തിയുണ്ട്. വരും വര്‍ഷങ്ങളില്‍ ഇറങ്ങാനിരിക്കുന്ന വൈദ്യുത വാഹനങ്ങളും മറ്റും കാര്‍ വിപണിയില്‍ വന്‍ മാറ്റങ്ങളാവും സൃഷ്ടിക്കുക. അതനുസരിച്ചു പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ മുന്‍കൂര്‍ അടവിനുള്ള പിഴ ഒരു വിലങ്ങു തടിയാകരുത്. ഇനി കാര്‍ വില്‍ക്കുകയാണെങ്കിലും വായ്പ് അടച്ചു തീര്‍ക്കുന്നതിനു പ്രാധാന്യമുണ്ട്. വായ്പ ഇല്ലാത്ത കാര്‍ ആണെങ്കില്‍ യൂസ്ഡ് കാര്‍ വിപണിയില്‍ വില്‍പന എളുപ്പമാണ്.

കാര്‍ പുതിയതു വേണോ പഴയതു വേണോ?

യൂസ്ഡ് കാര്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന നിങ്ങള്‍ ഇപ്പോഴത്തെ ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനം മാറ്റി പുതിയ കാര്‍ വാങ്ങും മുന്‍പും ചില കാര്യങ്ങള്‍ ചിന്തിക്കണം. യൂസ്ഡ് കാര്‍ വാങ്ങാന്‍ ലഭിക്കുന്ന വായ്പയേക്കാള്‍ കുറഞ്ഞ പലിശ നിരക്കിലായിരിക്കും പുതിയ കാറിനു വായ്പ ലഭിക്കുക. യൂസ്ഡ് കാറിനായി നിങ്ങള്‍ നല്‍കേണ്ട ഡൗണ്‍ പെയ്‌മെന്റ് ഉപയോഗിച്ച് ഇപ്പോഴത്തെ ആനുകൂല്യങ്ങളുടെ പിന്തുണയോടെ പുതിയ കാര്‍ വാങ്ങാനാവും. ഇതിനോടൊപ്പം മറ്റൊന്നു കൂടി വിശകലനം ചെയ്യണം. ഉയര്‍ന്ന മോഡല്‍ കാറുകള്‍ക്ക് സംരക്ഷണ ചെലവു കൂടുതലായിരിക്കും. പുതിയ കാര്‍ വാങ്ങുമ്പോള്‍ പ്രത്യേകിച്ച്. ഇവ താങ്ങാനാവുന്ന സ്ഥിതിയിലാണു നിങ്ങള്‍ എങ്കില്‍ മാത്രം യൂസ്ഡ് കാര്‍ വാങ്ങാനുള്ള തീരുമാനം മാറ്റി പുതിയ കാര്‍ വാങ്ങാം.

വ്യവസ്ഥകളും നിബന്ധനകളും വായിക്കണം

കാര്‍ വായ്പ എന്നല്ല ഏതു വായ്പ വാങ്ങുമ്പോഴും അതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിബന്ധനകളും മുഴുവന്‍ വായിച്ചു മനസിലാക്കിയിരിക്കണം. ഇതേക്കുറിച്ചുള്ള മിക്കവാറും കാര്യങ്ങള്‍ ഇപ്പോള്‍ സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ ഉണ്ടാകുമെന്നതിനാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA