sections
MORE

ആദായ നികുതിയിലെ 10 നിര്‍ണായക മാറ്റങ്ങള്‍ 2020 ല്‍ നിങ്ങളെ എങ്ങനെ ബാധിക്കും

HIGHLIGHTS
  • പാന്‍ നിര്‍ബന്ധമായ ഇടപാടുകള്‍ക്ക് പകരം ആധാര്‍ നമ്പറും ഉപയോഗിക്കാം
tax time
SHARE

ശമ്പളം കൈപ്പറ്റുന്നവര്‍ക്കും മറ്റ് സ്ഥിരവരുമാനക്കാര്‍ക്കും കൂടുതല്‍ നേട്ടം നല്‍കുമാറ് ആദായ നികുതിയില്‍ ചെറുതല്ലാത്ത പരിഷ്‌കാരങ്ങള്‍ വന്ന വര്‍ഷമാണ് കടന്ന് പോകുന്നത്. കൂടുതല്‍ പേര്‍ റിട്ടേണ്‍ നല്‍കിയ വര്‍ഷം കൂടിയാണ് 2019. രാജ്യം വളര്‍ച്ചയുടെ പാതയില്‍ താത്കാലികമായെങ്കിലും പകച്ച്  നില്‍ക്കുമ്പോള്‍ ആദായ നികുതി മേഖലയില്‍ ഈ വര്‍ഷം വന്ന പ്രധാന മാറ്റങ്ങള്‍ ഇവയാണ്.

നികുതി വിധേയ വരുമാനം 5 ലക്ഷത്തിനകത്താണെങ്കില്‍

നികുതി വിധേയ വരുമാനം അഞ്ച് ലക്ഷം രൂപയ്ക്കകത്തുള്ളവരെ നികുതി ബാധ്യതയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യമെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ആദായ നികുതി ചട്ടമനുസരിച്ച് അടിസ്ഥാനകിഴിവ് പരിധിയ്ക്ക്് മുകളില്‍ വരുമാനമുള്ളയാള്‍ റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണമെന്നാണ് നിയമം. അഞ്ച് ലക്ഷത്തിന് പുറത്താണ് വരുമാനമെങ്കില്‍ ചട്ടമനുസരിച്ച് നികുതി ഒടുക്കാന്‍ നികുതി ദായകന്‍ ബാധ്യസ്ഥനുമാണ്.

ഒന്നിന് പകരം രണ്ട് വീടുകള്‍ക്ക് ആനുകൂല്യം

നികുതി ദായകന് നല്‍കിയിരുന്ന ദീര്‍ഘകാല മൂലധന നേട്ടത്തിന്റെ ആനുകൂല്യം ഒരു വീടില്‍ നിന്ന് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ ഇതിന് ചില നിയന്ത്രണങ്ങളും കൊണ്ടു വന്നിട്ടുണ്ട്. വീട് വിറ്റ് കിട്ടുന്ന മൂലധന നേട്ടം രണ്ട് കോടിയില്‍ കൂടാന്‍ പാടില്ലെന്ന്് ചട്ടമുണ്ട്. അതില്‍ കൂടിയാല്‍ ഇൗ ആനുകുല്യത്തിന് അര്‍ഹതയില്ല. തന്നെയുമല്ല ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമെ ഈ ആനുകുല്യം ലഭിക്കു.
 
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000

10,000 ല്‍ നിന്ന് 50.000 ആക്കി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വര്‍ധിപ്പിച്ചുവെന്നുള്ളതാണ് ശമ്പളക്കാര്‍ക്ക് കിട്ടിയ മറ്റൊരു നേട്ടം. മെഡിക്കല്‍ റിഇംപേഴ്‌സ്‌മെന്റ്, കണ്‍വെയ്ന്‍സ് അലവന്‍സ് എന്നിവയ്ക്ക് പകരം എന്നുള്ള നിലയ്ക്കാണ് 40,000 രുപ എന്ന ഈ ആനുകുല്യം 2018 ല്‍ അനുവദിച്ചത്. ശമ്പളം എന്ന ഹെഡില്‍ പെന്‍ഷന്‍ പരിഗണിക്കപ്പെടുന്ന വിരമിച്ചവര്‍ക്കും ഇത് ബാധകമാണ്.

ടാക്‌സ് ഫ്രീ എന്‍ പി എസ്
 
കാലാവധിയെത്തിയ നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലെ നിക്ഷേപം പിന്‍വലിക്കുന്നതിന് നികുതി ആനുകൂല്യം ലഭിച്ചു. നേരത്തേ 40 ശതമാനം തുകയക്ക് മാത്രമേ ഈ ആനുകൂല്യം ലഭിച്ചിരുന്നുള്ളു.

പണം പിന്‍വലിക്കുന്നതിന് നികുതി

കറന്‍സി ഇടപാട് കുറയ്ക്കുന്നതിന്റെ ഭാഗമായി ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തി. ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍,കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ എന്നിവയക്ക്് ഈ നിയമം ബാധകമാക്കി. ഒരു വര്‍ഷം ഒരു അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ പിന്‍വലിച്ചാല്‍ രണ്ട് ശതമാനം നികുതിയാണ് ഈടാക്കുക.

താങ്ങാവുന്ന വീടിന് ഇളവ്

ഭവന മേഖലയ്ക്ക്് കൈത്താങ്ങായിട്ടാണ് ഇങ്ങനെയൊന്ന് ഏര്‍പ്പെടുത്തിയത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിലുളള അഫോഡബ്ള്‍ വീടുകളുടെ കാര്യത്തിലാണ് ഈ ആനുകൂല്യം. ഇത്തരം ലോണുകളുടെ പലിശ തിരിച്ചടവില്‍ 1.5 ലക്ഷം വരെ നികുതി ഒഴിവാക്കി. എന്നാല്‍ ഇതിന് ചില കടമ്പകളുണ്ട്. വീടിന്റെ വില 45 ലക്ഷത്തില്‍ താഴെയായിരിക്കണം.  2020 സാമ്പത്തിക വര്‍ഷമായിരിക്കണം ഈ വീടിന് വായ്പ എടുത്തിട്ടുള്ളത്. വായ്പ അനുവദിക്കുന്ന ദിവസം വരെ മറ്റ് വീടുകള്‍ പാടില്ല.

പാനിന് പകരം ആധാര്‍

പാന്‍ നമ്പര്‍ നിര്‍ബന്ധമായ ഇടപാടുകള്‍ക്ക് പകരം ആധാര്‍ നമ്പറും ഉപയോഗിക്കാനുള്ള അനുമതി ധനമന്ത്രാലയം നല്‍കി. പാന്‍ കാര്‍ഡ് നഷ്ടപെടുകയോ, കൈയ്യില്‍ കരുതാതിരിക്കുകയോ ചെയ്യുന്ന അവസരങ്ങളില്‍ ആധാര്‍ പകരം ഉപയോഗിക്കാം.

റിട്ടേണ്‍ നിര്‍ബന്ധമാക്കി

രാജ്യത്ത് നികുതിവല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഐ ടി ആര്‍ നിര്‍ബന്ധമാക്കി.
ഒരു സാമ്പത്തിക വര്‍ഷം വിദേശയാത്രയ്ക്ക്് രണ്ട് ലക്ഷത്തിലധികം തുക ഉപയോഗിക്കുന്നവര്‍, ഒരു വര്‍ഷം ഒരു ലക്ഷത്തിലധികം കറണ്ട് ചാര്‍ജ്ജ് അടയ്ക്കുന്നവര്‍, മൂലധന നേട്ട നികുതി ഒഴിവ് തേടുന്നവര്‍, ഒരു കോടിയിലേറെ രുപയുടെ നിക്ഷേപമുള്ളവര്‍ ഇവരെല്ലാം നിര്‍ബന്ധമായും ഐ ടി ആര്‍ ഫയല്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥ വന്നു. നേരത്തെ അടിസ്ഥാന നികുതി ഒഴിവിന് മുകളില്‍ വരുമാനമുള്ളവര്‍ മാത്രം ഇത് ചെയ്താല്‍ മതിയായിരുന്നു.

രണ്ടാം വീടിന് വാടക വേണ്ട

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഓക്‌സിജന്‍ എന്ന നിലയ്ക്കാണ് ഈ മാറ്റവും കൊണ്ട് വന്നത്. സ്വന്തം ഉടമസ്ഥതയിലുള്ള രണ്ടാം വീട് വെറുതെ കിടക്കുകയാണെങ്കിലും വാടക എന്ന നിലയില്‍ ആദായ നികുതി നല്‍കണമായിരുന്നു. ഇത് ഒഴിവാക്കി.

ക്ലബ് മെമ്പര്‍ിപ്പ്

ക്ലബ് മെമ്പര്‍ഷിപ്പിന് വേണ്ടി നല്‍കുന്ന ഫീസും വീട്, ഫളാറ്റ്  ഇവ വാങ്ങുമ്പോള്‍ പാര്‍ക്കിംഗ് മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്ക് നല്‍കുന്ന അധിക തുകയും നികുതി പരിധിയില്‍ വന്നു. നേരത്തെ വാങ്ങുന്ന വീട് ഫ്‌ളാറ്റ് എന്നിവയോട് അനുബന്ധിച്ചുള്ള സേവനങ്ങള്‍ ഇതിന്റെ പരിധിയില്‍ വന്നിരുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA