ഫാസ്ടാഗ് റീഡിങ് മെഷിന്‍ പണി മുടക്കിയാല്‍ വാഹന ഉടമ പണം നല്‍കേണ്ടതുണ്ടോ?

HIGHLIGHTS
  • ഫാസ്ടാഗ് മെഷിനുകള്‍ പണി മുടക്കുന്നത് ആശയക്കുഴപ്പത്തിനിടയാക്കുന്നു.
Thiruvananthapuram News
SHARE

ജനുവരി 15 ഓടെ രാജ്യത്തെ ടോള്‍ പ്ലാസകള്‍ പൂര്‍ണമായും ഫാസ്ടാഗിലേക്ക് മാറും. നിലവില്‍ 1.15 കോടി ഫാസ്ടാഗുകള്‍ നല്‍കി കഴിഞ്ഞു. ഇതോടെ രാജ്യത്തെ 523 ടോള്‍ പ്ലാസകളിലെ വരുമാനം ദിവസം 52 കോടി രൂപയായി ഉയര്‍ന്നു. പക്ഷെ പല ടോള്‍പ്ലാസകളിലും ഫാസ്ടാഗ് മെഷിനുകള്‍ പണി മുടക്കുന്നത് യാത്രക്കാര്‍ക്കും ടോള്‍പ്ലാസ ജിവനക്കാര്‍ക്കും വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

 മെഷീന്‍ റീഡ് ചെയ്തില്ലെങ്കില്‍

ഇനി ഫാസ്ടാഗില്‍ ആവശ്യത്തിന് പണമുണ്ടാകുകയും എന്നാല്‍ ടോള്‍ കടക്കാന്‍ അനുമതിയില്ലാതെ വരികയും ചെയ്യുന്ന അവസ്ഥയുണ്ടായാല്‍ വാഹന ഉടമ എന്തു ചെയ്യും? ഫാസ്ടാഗ് റീഡിങ് യന്ത്രം പ്രവര്‍ത്തിക്കാത്ത അവസ്ഥയുണ്ടായാല്‍ വാഹനമുടമയെ ബുദ്ധിമുട്ടിക്കരുതെന്നും സൗജന്യമായി ടോള്‍ കടക്കാമെന്നുമാണ് നിയമം പറയുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പണം നല്‍കാതെ ടോള്‍ കടക്കാം. അങ്ങനെ വരുമ്പോള്‍ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായും സീറോ ട്രാന്‍സാക്ഷന്‍ രസീത് നല്‍കണമെന്നുമാണ് വ്യവസ്ഥ.

പണം വാങ്ങരുത്

'ബന്ധിപ്പിച്ച അക്കൗണ്ടില്‍ പണമുള്ള, പ്രവര്‍ത്തന നിരതമായ ഫാസ്ടാഗോ മറ്റെന്തെങ്കിലും സംവിധാനമോ ഘടിപ്പിച്ച വാഹനം ടോള്‍ പ്ലാസ കടക്കുമ്പോള്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഉടമ ഏതെങ്കിലും തരത്തിലുള്ള ഫീസ് നല്‍കേണ്ടതില്ല. വാഹന ഉടമയെ പണമൊന്നും വാങ്ങാതെ ടോള്‍ കടക്കുവാന്‍ അനുവദിക്കണം.'-ദേശീയ പാത ഫീസ് ചട്ടങ്ങള്‍ പറയുന്നു.

ഓര്‍ത്തിരിക്കാം ഈ തീയതി

ജനുവരി 15 നകം രാജ്യത്തെ എല്ലാ വാഹനങ്ങളിലും ഫാസ്ടാഗ് സ്റ്റിക്കര്‍ പതിച്ചിരിക്കണമെന്നാണ് നിയമം. ടോള്‍ പ്ലാസകളിലെ 75 ശതമാനം ലൈനുകളും ഫാസ്ടാഗ് വാഹനങ്ങള്‍ക്ക്് വേണ്ടി നീക്കി വച്ചിരിക്കുകയാണ്. ജനുവരി പതിനഞ്ചോടെ പൂര്‍ണമായും ഫാസ്ടാഗ് ലൈനുകളായി മാറും. പിന്നീട് ഫീസും പിഴയും നല്‍കിയാലെ മറ്റ് വാഹനങ്ങള്‍ക്ക് ടോള്‍ കടക്കാനാവു.വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ പതിക്കുന്ന ഫാസ്ടാഗ് സ്‌ററിക്കറുമായി ബന്ധിപ്പിച്ചിട്ടുളള വാഹന ഉടമയുടെ അക്കൗണ്ടില്‍ നിന്നുമാണ് ഇവിടെ പണം ഈടാക്കുന്നത്. ടോള്‍ പ്ലാസകളില്‍ സ്ഥാപിച്ചിട്ടുള്ള മെഷിനുകള്‍ വാഹനത്തിലെ ഫാസ്ടാഗ് റീഡ് ചെയ്ത് ഉടമയുടെ അക്കൗണ്ടില്‍ നിന്ന് പണമെടുക്കുന്നതിനാൽ  വാഹനങ്ങള്‍ക്ക് ക്യൂവില്‍ കിടക്കാതെ പ്ലാസ കടക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA