നിങ്ങളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താം; ഈ 5 കാര്യങ്ങൾ പിന്തുടരുക

HIGHLIGHTS
  • 3 മാസത്തെ ചെലവുകൾക്കും വായ്പാ അടവുകൾക്കും തുല്യമായ തുക ഒരു ബാങ്ക് അക്കൗണ്ടിൽ കരുതണം.
money-in-hand
SHARE

പുതുവർഷം പുതുതായി ആരംഭിക്കാനുള്ള അവസരം നൽകുന്നു! മെച്ചപ്പെട്ട ജീവിതത്തിനായി പുതിയ ശീലങ്ങൾ സ്വീകരിക്കേണ്ട സമയമാണിത്. പണം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള 5 കാര്യങ്ങൾ ഇതാ! നിങ്ങൾ പിന്തുടരുകയാണെങ്കിൽ ഇത് നിങ്ങളുടെ ജീവിതം ലളിതമാക്കുകയും സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

1.എമർജൻസി ഫണ്ട് സൃഷ്ടിക്കുക

മുൻകൂട്ടിക്കാണാൻ കഴിയാത്ത ചെലവുകളോ സാഹചര്യങ്ങളോ നിങ്ങൾക്കുണ്ടാകുന്ന സന്ദർഭങ്ങളുണ്ട്. ഉദാ. നിങ്ങളുടെ അച്ഛന്  അസുഖം കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. അദ്ദേഹത്തെ മെഡിക്ലെയിമിന് കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ട്  നിങ്ങൾക്ക് പണം ആവശ്യമാണ്. അല്ലെങ്കിൽ ചിലപ്പോൾ നിങ്ങൾ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി ലഭിക്കാൻ 3 മുതൽ 4 മാസം വരെ എടുത്തേക്കാം. എന്നാൽ ആ കാലയളവിൽ ജീവിക്കാനും വായ്പാ അടവുകൾ മുടങ്ങാതെ നടത്താനും പണം ആവശ്യമാണ്. അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്, നിങ്ങളുടെ 3 മാസത്തെ ചെലവുകൾക്കും വായ്പാ അടവുകൾക്കും തുല്യമായ തുക ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കണം. അത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ നിങ്ങൾ ഇത് സ്പർശിക്കൂ എന്ന ഉറച്ച തീരുമാനമെടുക്കണം. ഇതിൽ നിന്ന് പണം എടുത്തുകഴിഞ്ഞാൽ, അക്കൗണ്ട് അതേ നിലയിലേക്ക് പുന:സ്ഥാപിക്കുന്നതിനായി വരുമാനത്തിൽ നിന്ന് ഓരോ മാസവും കുറച്ച് പണം ഇടുക. ഇത് നിങ്ങളുടെ സമ്മർദ്ദവും വായ്പയെടുക്കാനുള്ള സാധ്യതയും കുറയ്ക്കും.

2.ഭാവി ചെലവുകൾക്കായി മാറ്റിവയ്ക്കുക 

സ്കൂൾ ഫീസ് അല്ലെങ്കിൽ ഇൻഷുറൻസ് പ്രീമിയങ്ങൾ പോലുള്ള നിരവധി പേയ്‌മെന്റുകൾ ഒരു പാദത്തിലോ വർഷത്തിലൊരിക്കലോ നടത്തപ്പെടുന്നു. മിക്കപ്പോഴും അത്തരം പേയ്‌മെന്റുകൾ വരുന്ന മാസങ്ങളിലെ വരുമാനത്തിൽ നിന്ന് ഒറ്റത്തവണയായി അടക്കേണ്ടിവരുന്നത് പലപ്പോഴും പ്രയാസമുണ്ടാക്കും. ചിലപ്പോൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുകയോ അല്ലെങ്കിൽ കടം വാങ്ങുകയോ ചെയ്യും. പിന്നെ അത് തിരിച്ചടയ്ക്കാനുള്ള ടെൻഷൻ ! എന്നാൽ ഓരോ മാസവും ഈ ആവശ്യത്തിനായി ആനുപാതികമായ തുക നീക്കിവച്ചാൽ ഈ പ്രശ്നം സംഭവിക്കില്ല. ഉദാ. ഒരു ഇൻഷുറൻസ് പോളിസി ഉണ്ട്, ഇതിനായി പ്രതിവർഷം 48000 രൂപ പ്രീമിയം അടയ്ക്കുന്നു. ഓരോ മാസവും ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിൽ നിങ്ങൾ 4000 രൂപ നീക്കിവച്ചാൽ പണമടയ്ക്കൽ എളുപ്പമായിരിക്കും. ഉത്സവച്ചെലവുകൾക്കും ക്രമരഹിതമായ ചെലവുകൾക്കും മറ്റൊരു ബാങ്ക് അക്കൗണ്ടിൽ മാസാമാസം മാറ്റിവയ്ക്കുകയും ആ ആവശ്യങ്ങൾക്കായി ആ അക്കൗണ്ടിൽ നിന്ന് മാത്രം ചെലവഴിക്കുകയും ചെയ്താൽ പണത്തിന് ഞെരുക്കമുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കഴിയും.

3.കൃത്യസമയത്ത് പേയ്‌മെന്റുകൾ നടത്തുക

മറന്നതിനാലോ സമയമില്ലാത്തതിനാലോ പേയ്‌മെന്റ് സമയത്ത് നിങ്ങളുടെ പക്കൽ പണമില്ലാത്തതിനാലോ നിരവധി പേയ്‌മെന്റുകൾ വൈകുന്നു. പേയ്‌മെന്റുകൾ യഥാസമയം നടത്തുകയാണെങ്കിൽ പിഴ ഒഴിവാക്കാനാകും. ലൈഫ് ഇൻഷുറൻസ് പോളിസി പ്രീമിയങ്ങൾ വൈകുകയാണെങ്കിൽ പലിശ ഈടാക്കും. സ്കൂൾ ഫീസ് അടയ്ക്കാൻ താമസിച്ചാൽ പിഴ ഈടാക്കുന്നു. കാലതാമസം നേരിട്ട മൊബൈൽ ബിൽ പേയ്‌മെന്റുകൾക്ക് പിഴ അടയ്‌ക്കേണ്ടിവരുന്നു. ക്രെഡിറ്റ് കാർഡ് കുടിശ്ശികയും വായ്പ ഇഎംഐകളും അടയ്ക്കുന്നതിലെ കാലതാമസത്തിന് ലേറ്റ് പേയ്‌മെന്റ് ചാർജുകളും അധിക പലിശയും  ഉണ്ട്. അത് നിങ്ങളുടെ സിബിൽ സ്‌കോറിനെ ബാധിക്കും. ഒരു വർഷത്തിനുള്ളിൽ നിങ്ങൾ അടച്ച പിഴകളും അധിക പലിശയും നിങ്ങൾ സമാഹരിക്കുകയാണെങ്കിൽ, അത് വളരെ വലുതായിരിക്കും. അടുത്ത പന്ത്രണ്ട് മാസത്തേക്ക് നിങ്ങൾ ഒരു പേയ്‌മെന്റ് ഷെഡ്യൂൾ ഉണ്ടാക്കി അതനുസരിച്ചു നിശ്ചിത തീയതിക്ക് മുമ്പായി പണം അടയ്ച്ചാൽ അധികച്ചിലവ് കുറയ്ക്കാം മാത്രമല്ല അതിലൂടെ നിങ്ങൾക്ക് സിബിൽ സ്കോർ കുറയുന്നത് ഒഴിവാക്കാനും കഴിയും.

4.സാമ്പത്തിക ആസൂത്രണം ചെയ്യുക 

ഹ്രസ്വകാല ആവശ്യങ്ങൾക്കും ദീർഘകാല ലക്ഷ്യങ്ങൾക്കും പണം ആവശ്യമാണ്. ഹ്രസ്വകാല ആവശ്യങ്ങൾക്കായി ചെലവഴിക്കാനും ദീർഘകാല ലക്ഷ്യങ്ങൾക്കായി സമ്പാദിക്കാനും കഴിയണം. എന്നാൽ മാസാവസാനത്തോടെ രണ്ട് അറ്റങ്ങളും ഒരുമിച്ച് കൂട്ടിമുട്ടിക്കുന്നതിന് നിങ്ങൾക്ക് പലതവണ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാവാം. ഇത് ഉയർന്ന ചെലവുകൾ അല്ലെങ്കിൽ ഉയർന്ന ലോൺ അടവുകൾ അല്ലെങ്കിൽ ഉയർന്ന ഇൻഷുറൻസ് പ്രീമിയം പേയ്‌മെന്റുകൾ കാരണമാകാം. പ്രശ്ന മേഖലകൾ തിരിച്ചറിയാൻ സാമ്പത്തികാസൂത്രണം അഥവാ ഫിനാൻഷ്യൽ പ്ലാനിംഗ്സഹായിക്കുകയും അവ പരിഹരിക്കാനുള്ള തന്ത്രങ്ങൾ നൽകുകയും ചെയ്യും. വായ്പകൾ എങ്ങനെ പുന:സംഘടിപ്പിക്കാം, ലക്ഷ്യങ്ങളിലേക്കും വിരമിക്കലിലേക്കും ഓരോ മാസവും നിങ്ങൾ എത്രമാത്രം എസ് ഐ പി യിലൂടെ സമ്പാദിക്കണം, എവിടെ നിക്ഷേപിക്കണം, നിക്ഷേപങ്ങൾ എങ്ങനെ പുനഃക്രമീകരിക്കണം,  എത്ര ടേം ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്, നികുതി എങ്ങനെ ലാഭിക്കാം എന്നിവയ്ക്കുള്ള ഉത്തരങ്ങൾ സാമ്പത്തികാസൂത്രണത്തിലൂടെ ലഭിക്കും. അനുയോജ്യമായ സാമ്പത്തിക പദ്ധതി തയ്യാറാക്കി അത് നടപ്പിലാക്കിയാൽ, നിങ്ങൾക്ക് ധാരാളം ആത്മവിശ്വാസവും മന:സമാധാനവും ലഭിക്കും. നിങ്ങളുടെ സാമ്പത്തിക പദ്ധതി തയ്യാറാക്കുന്നതിന് ഒരു സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറുടെ സഹായം തേടാം.

5.മാസത്തിലൊരിക്കൽ ധനകാര്യ അവലോകനം ചെയ്യുക

നിങ്ങൾക്ക് ജോലിക്ക് സമയമുണ്ട്, ഷോപ്പിംഗിന് പോകാം, സിനിമകൾ കാണാം, അവധിദിനങ്ങൾ ആഘോഷിക്കാം. പക്ഷെ സ്വന്തം ധനസ്ഥിതി പരിശോധിക്കാൻ എത്ര തവണ സമയം കണ്ടെത്തും? പലർക്കും അവരുടെ ഇൻഷുറൻസ് പോളിസികളെക്കുറിച്ചോ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തെക്കുറിച്ചോ അറിയില്ല. നിങ്ങളുടെ ധനസ്ഥിതി അവലോകനം ചെയ്യുന്നതിന് ഒരു മാസത്തിൽ 2 മണിക്കൂറെങ്കിലും നീക്കിവയ്ക്കണം. ചെലവുകളിൽ വർദ്ധനവുണ്ടോയെന്ന് പരിശോധിക്കണം, അങ്ങനെയാണെങ്കിൽ അടുത്ത മാസത്തിൽ ഇത് എങ്ങനെ കുറയ്ക്കുമെന്ന് തീരുമാനിക്കുക. എല്ലാ പേയ്‌മെന്റുകളും നിശ്ചിത തീയതിക്ക് മുമ്പായി നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് അടുത്ത മാസത്തെ പേയ്‌മെന്റുകൾ യഥാസമയം ക്രമീകരിക്കുക. നിക്ഷേപ വരുമാനം പ്രതീക്ഷിച്ചതാണോയെന്ന് പരിശോധിക്കുക. സാമ്പത്തികാസൂത്രണം ചെയ്താലും ഇല്ലെങ്കിലും മാസമാസമുള്ള വിലയിരുത്തൽ ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകാൻ അധികസമയം വേണ്ടിവരില്ല. ഈ അഞ്ചു കാര്യങ്ങൾ നടപ്പാക്കി കൊണ്ട്പുതുവർഷ  പ്രമേയങ്ങൾ തുടർന്ന് നടപ്പാകാറില്ല എന്ന മിഥ്യ കൂടി ഇവിടെ തിരുത്താം.

ലേഖകൻ സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറും PrognoAdvisor.comന്റെ സ്ഥാപകനുമാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA