ADVERTISEMENT

വായ്പ കിട്ടാൻ ഇന്നു വളരെ എളുപ്പമാണ്. എന്തിനും ഏതിനും വായ്പ നൽകാൻ തയാറായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിങ്ങളുടെ പുറകെ നടക്കുന്നുണ്ടാകും. തെറ്റില്ലാത്ത വായ്പാസ്കോർ ഉണ്ടെന്നുള്ള ധൈര്യത്തിൽ വായ്പ എടുത്ത് കാര്യങ്ങൾ ഓടിച്ചാലോ എന്നു കരുതുന്ന ധാരാളം പേരുണ്ട്. എന്നാൽ ഇൗ ചിന്ത അപകടമാണെന്ന കാര്യം പലരും ഓർക്കാറില്ല. 

പരമാവധി പോരട്ടെ

വായ്പ കിട്ടുമെന്നറിഞ്ഞാൽ, പരമാവധി പോരട്ടെ എന്ന ചിന്തയാണ് പലർക്കും. അതുകൊണ്ടാണ് പിന്നെ സ്മാർട്ട് ഫോണുൾപ്പടെ പലതും വാങ്ങുന്നതും ഓഫീസ് മോടി പിടിപ്പിക്കുന്നതുമൊക്കെ. വായ്‌പ എടുത്ത്  ബിസിനസും മറ്റും തുടങ്ങാനൊരുങ്ങുന്ന പലരും ഈ ചിന്താഗതിയുള്ളവരാണ്. പക്ഷേ ഇത് തികച്ചും അപകടകരമായ ചിന്തയാണ്. വായ്‌പ എടുക്കുമ്പോഴുള്ള  താൽപ്പര്യം പിന്നെയതു തിരിച്ചടയ്ക്കുന്ന കാര്യത്തിലുണ്ടാകില്ല. അതു  കടക്കെണിയിലേക്കാണ് കൊണ്ടു പോകുകയെന്ന് പലരും തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും. കാരണം  തിരിച്ചടവ് മൂന്നു തവണ മുടങ്ങിയാൽ പിന്നെയത് കിട്ടാക്കടമായി കണക്കാക്കപ്പെടും. ഇത്തരം നൂലാമാലകളിൽ പെടാതെ വായ്പ എടുത്ത പണം തന്റേതല്ല എന്ന് തിരിച്ചറി‍ഞ്ഞു കൊണ്ടു വേണം വായ്പത്തുക കൈകാര്യം ചെയ്യാൻ.

വകമാറ്റി ചെലവഴിക്കൽ

പലരും വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ നൂറുകൂട്ടം കാര്യങ്ങൾ മനസിൽ കണ്ടിട്ടുണ്ടാകും. വായ്പ കയ്യിൽ കിട്ടിയാൽ കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയ പോലെ പല കാര്യങ്ങള്‍ക്കായി എടുത്തെടുത്ത് അവസാനം പണം പോയ വഴിയറിയില്ല. വകമാറ്റി പല ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ട് അവസാനം എന്തിനായിരുന്നോ വായ്പ എടുത്തത് അക്കാര്യം നടന്നിട്ടുമുണ്ടാകില്ല. അതായത് ഉദ്ദേശിച്ച കാര്യം നടക്കുകയുമില്ല, തിരിച്ചടവു മുടങ്ങുകയും ചെയ്യും. തികച്ചും യാഥാർത്ഥ്യ ബോധത്തോടെ ചിലകാര്യങ്ങൾ ആസൂത്രണം ചെയ്ത് കൃത്യമായങ്ങ് നടപ്പാക്കിയാൽ കടക്കെണി ഒഴിവാക്കാനാകും. അതിന് ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക.    

1   എന്തു കാര്യത്തിനാണ് വായ്പ എടുക്കുന്നതെന്നും ഇതിന് എത്ര തുക വേണ്ടി വരുമെന്നും യാഥാർഥ്യബോധത്തോടെ കണക്കാക്കുക. പരമാവധി വായ്‌പ എടുത്തേക്കാം എന്ന ചിന്ത വേണ്ട. എടുക്കുന്ന തുക എന്തായാലും നമ്മൾ തിരിച്ചടച്ചേ പറ്റു എന്ന ഓർമയുണ്ടാകണം.  

2 വായ്‌പ ഉദ്ദേശിച്ച ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. ഓഫീസിന്റെ അറ്റകുറ്റപ്പണി,  കൈവായ്പ കൊടുത്തു തീർക്കൽ തുടങ്ങിയ കാര്യങ്ങൾക്കൊന്നും ഒരിക്കലും ചെലവിടരുത്. ഇത്തരം എല്ലാ ആവശ്യത്തിനും വേറെ വായ്പ കിട്ടും. അതെടുക്കുക.  

3 എത്ര തുകയാണോ വേണ്ടത്  അതു മാത്രം എടുക്കുക.  കൂടുതലോ കുറവോ എടുക്കുന്നത് ഒരേപോലെ അപകടമാണ്. കൂടുതൽ വാങ്ങി മറ്റാവശ്യത്തിനു ചെലവിട്ടാൽ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടും.   ആവശ്യമായ തുക എടുത്തില്ലെങ്കിലോ എടുത്തതിന്റെ ഒരു വീതം വേറെ ചെലവാക്കിയാലോ ബാക്കി തുകയ്ക്കു പിന്നെയും  കടം  വാങ്ങേണ്ടി വരും. രണ്ടും തിരിച്ചടവിനെ ബാധിക്കാം.  

4ബിസിനസ്, കൃഷി, ഭവനം, വാഹനം തുടങ്ങി ഏതു വായ്പ എടുത്താലും ഇക്കാര്യങ്ങൾ ബാധകമാണ്. അതു കൊണ്ട് കരുതലോടെ കൈകാര്യം ചെയ്താൽ കടക്കെണിയിൽ അകപ്പെടില്ല.

5 ഇനി  കടക്കെണിയിൽ പെട്ടുവെന്നിരിക്കട്ടെ. പിന്നെ ബാങ്കിനെ പറ്റിച്ചു നടന്നിട്ടു കാര്യമില്ല. തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിൽ നിന്നു തവണ മുടങ്ങിയെന്നോര്‍മിപ്പിക്കാൻ വിളി വരും. അപ്പോൾ ഫോണെടുക്കാതെയും മറ്റും നടന്ന് ബാങ്കുകാരുടെ ടെൻഷൻ കൂട്ടാതെ ബന്ധപ്പെട്ട ബാങ്കിനെ സമീപിച്ച് കാര്യങ്ങൾ അവരോട് പറയുക. വായ്പ പുനർക്രമീകരിക്കുന്നതുൾപ്പടെയുള്ള സഹായങ്ങൾ അവരിൽ നിന്നു ലഭിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com